-->
ഫരീദാബാദ്: ഓടുന്ന വാഹനത്തില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം പുറത്തേക്കെറിഞ്ഞ യുവതിക്കു ഗുരുതരപരുക്ക്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. ഹരിയാനയിലെ ഫരീദാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
കഴിഞ്ഞദിവസം രാത്രി സുഹൃത്തിനെ സന്ദര്‍ശിച്ചശേഷം സ്വന്തം വീട്ടിലേക്കു മടങ്ങാന്‍ വാഹനം കാത്തുനിന്ന വിവാഹിതയായ ഇരുപത്തഞ്ചുവയസുകാരിയാണ് ക്രൂര പീഡനത്തിനിരയായത്. ലിഫ്‌റ്റ് വാഗ്‌ദാനം ചെയ്‌ത് വാഹനത്തില്‍ കയറ്റിയ യുവതിയെ രാത്രിമുഴുവന്‍ ഗുരുഗ്രാമിലൂടെ സഞ്ചരിക്കുന്നതിനിടെ പീഡനത്തിനിരയാക്കിയെന്നാണ് വിവരം. പുലര്‍ച്ചെ മൂന്നോടെ രാജാ ചൗക്കിനു സമീപം പുറത്തേക്കു തള്ളിയിട്ടശേഷം വാഹനത്തില്‍ കടന്നു. വീഴ്‌ചയില്‍ യുവതിക്കു ഗുരുതര പരുക്കേറ്റു. സഹോദരിയെ വിവരം ധരിപ്പിക്കാനായത് യുവതിക്കു രക്ഷയായി. അവരെത്തി ഫരീദാബാദിലെ ബാദ്‌ഷാ ഖാന്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോഴാണ് യുവതിയെ പുറത്തേക്കെറിഞ്ഞതെന്നു പോലീസ് പറയുന്നു. തലയ്‌ക്കും മുഖത്തും പരുക്കേറ്റ യുവതിക്ക് 12 സ്‌റ്റിച്ചുകളിടേണ്ടിവന്നു. ആരോഗ്യനില മോശമായതിനാല്‍ മൊഴി നല്‍കാന്‍പോലും സാധിച്ചില്ലെന്നും പോലീസ് പറഞ്ഞു.
ഫരീദാബാദില്‍ താമസിക്കുന്ന മധ്യപ്രദേശ്, യു.പി. സ്വദേശികളാണ് പ്രതികള്‍. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. വാഹനവും പോലീസ് പിടിച്ചെടുത്തു. തിരിച്ചറിയല്‍ പരേഡ് നടത്തിയശേഷം ഇരുവരുടെയും പേരും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.