-->
ഗുവഹത്തി: ദുര്‍മന്ത്രവാദം നടത്തിയെന്ന് സംശയിച്ച് അസമില്‍ ദമ്പതികളെ ജനക്കൂട്ടം ജീവനോടെ കത്തിച്ചു. കര്‍ബി ആംോങ് ജില്ലയിലാണ് മര്‍ദിച്ചവശരാക്കിയശേഷം ദമ്പതികളെ തീകൊളുത്തിക്കൊന്നത്. ഗാര്‍ഡി ബിറോവ (43), ഭാര്യ മീര ബിറോവ (33) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ജില്ലയിലെ ഹൗരാഗട്ട് പ്രദേശത്തെ ബെലോഗുരി മുണ്ട ഗ്രാമത്തില്‍ ചൊവ്വാഴ്‌ച വൈകിട്ട് നടന്ന സംഭവത്തെക്കുറിച്ച് രാത്രി ഒമ്പതോടെയാണ് പോലീസിനു വിവരം ലഭിച്ചത്. ഒട്ടുമിക്ക ഗ്രാമവാസികളും കൃത്യത്തില്‍ പങ്കാളികളാണെന്നാണു സംശയം. പ്രാഥമിക അന്വേഷണത്തില്‍ ദമ്പതികളെ ജനക്കൂട്ടം ആദ്യം മര്‍ദിക്കുകയും പിന്നീട് അഗ്നിക്കിരയാക്കുകയുമായിരുന്നു. അവരുടെ അസ്‌ഥികള്‍ പോലും വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നു കര്‍ബി ആംോങ് സീനിയര്‍ പോലീസ് സൂപ്രണ്ട് പുഷ്‌പരാജ് സിങ് പറഞ്ഞു. ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചശേഷം ഇരുവരെയും ഉള്ളിലാക്കി വീടിന് തീയിടുകയായിരുന്നു. ദമ്പതികള്‍ മന്ത്രവാദം നടത്തിയതായി ഗ്രാമവാസികള്‍ സംശയിച്ചിരുന്നതായും ചുറ്റുമുള്ള പ്രദേശത്തെ നിര്‍ഭാഗ്യങ്ങള്‍ക്കും രോഗങ്ങള്‍ക്കും അവരാണ് ഉത്തരവാദികളെന്ന് വിശ്വസിച്ചിരുന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥരും സിവില്‍ അഡ്‌മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്‌ഥരും ഗ്രാമം സന്ദര്‍ശിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.