Thursday, March 12, 2026 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 11.36 PM

ബംഗാളിലെ 'എസ്‌.ഐ.ആര്‍. മരണം': പരാതികള്‍ക്കു പിന്നില്‍ ഗൂഢാലോചനയെന്ന്‌ കമ്മിഷന്‍

ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ (എസ്‌.ഐ.ആര്‍) നടപടികളുടെ ഭാഗമായി തെളിവെടുപ്പിനു നോട്ടീസ്‌ ലഭിച്ച വോട്ടര്‍മാര്‍ മരിച്ച സംഭവത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ ഗ്യാനേഷ്‌ കുമാറിനും പശ്‌ചിമ ബംഗാള്‍ ചീഫ്‌ ഇലക്‌ടറല്‍ ഓഫീസര്‍ മനോജ്‌ അഗര്‍വാളിനുമെതിരേ പോലീസില്‍ ലഭിച്ച പരാതികള്‍ തള്ളി തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍. തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും കമ്മിഷന്‍ ആരോപിച്ചു. രണ്ടു പരാതികളാണു പോലീസിനു ലഭിച്ചിരിക്കുന്നത്‌. ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമാണ്‌. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്‌.
എസ്‌.ഐ.ആര്‍. ജോലികളുമായി മുന്നോട്ടുപോകുന്ന ഉദ്യോഗസ്‌ഥരെ ഭയപ്പെടുത്താനാണു ശ്രമം. എന്നാല്‍, എസ്‌.ഐ.ആര്‍. നടപടികള്‍ അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെട്ടും.
കെട്ടിച്ചമച്ച ആരോപണങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരും.'- കമ്മിഷന്‍ വ്യക്‌തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ക്കെതിരേ എഫ്‌.ഐ.ആര്‍. ഫയല്‍ ചെയ്യാന്‍ കഴിയില്ല. ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിച്ചതിന്റെ പേരില്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്കെതിരേയും ക്രിമിനല്‍ കുറ്റം ആരോപിക്കാനാകില്ല. പോലീസ്‌ എഫ്‌.ഐ.ആര്‍. എടുത്താല്‍ നിയമപരമായ പ്രത്യാഘാതമുണ്ടാകും.-തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. എസ്‌.ഐ.ആര്‍. പ്രക്രിയ പ്രകാരം ഹിയറിങ്‌ നോട്ടീസ്‌ ലഭിച്ചതിന്‌ ശേഷം തിങ്കളാഴ്‌ച മരിച്ച രണ്ട്‌ വയോധികരുടെ കുടുംബങ്ങളാണ്‌ പരാതികള്‍ സമര്‍പ്പിച്ചത്‌.
പുരുലിയയില്‍ ദുര്‍ജന്‍ മാജി (82), ഹൗറയില്‍ ജമാത്ത്‌ അലി ശേഖ്‌ (64) എന്നിവരാണു മരിച്ചത്‌. 2002 ലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കിലും തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ വെബ്‌സൈറ്റില്‍ അല്‌ലോഡ്‌ ചെയ്‌ത 2002 ലെ പട്ടികയില്‍ ദുര്‍ജന്‍ മാജിയുടെ പേരില്ലായിരുന്നു. തുടര്‍ന്നു ഹിയറിങ്ങിനു നോട്ടീസ്‌ ലഭിച്ചതു മുതല്‍ അദ്ദേഹം അസ്വസ്‌ഥനായിരുന്നെന്ന്‌ മകന്‍ പറഞ്ഞു. ഉദ്യോഗസ്‌ഥര്‍ക്കു മുന്നില്‍ ഹാജരാകേണ്ട സമയത്തിനു മണിക്കൂറുകള്‍ക്കു മുമ്പ്‌ ജീവനൊടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന്‌ ജമാത്ത്‌ അലി ശേഖിന്റെ മകന്‍ ആരോപിച്ചു. 2002 ലെ ഫിസിക്കല്‍ എസ്‌.ഐ.ആര്‍ പട്ടികയില്‍ പേരുള്ളതും എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം ഓണ്‍ലൈന്‍ ഡാറ്റാബേസില്‍ നിന്ന്‌ കാണാതായതുമായ ഏകദേശം 1.3 ലക്ഷം വോട്ടര്‍മാര്‍ തെളിവെടുപ്പിനു ഹാജരാകേണ്ടതില്ലെന്ന്‌ ഡിസംബര്‍ 27 ലെ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ വിജ്‌ഞാപനത്തില്‍ വ്യക്‌തമാക്കിയിരുന്നു.
അതിനിടെ, ഈസ്‌റ്റ്‌ മിഡ്‌നാപൂരില്‍ ഹിയറിങ്ങിനു നോട്ടീസ്‌ ലഭിച്ച ബിമല്‍ ഷീ (75) എന്നയാള്‍ വസതിയില്‍ തൂങ്ങിമരിച്ചതായും റിപ്പോര്‍ട്ടുണ്ട്‌.

Ads by Google
Wednesday 31 Dec 2025 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW