-->
ഇന്‍ഡോര്‍: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് വയറിളക്കവും ഛര്‍ദിയും ബാധിച്ച് ഏഴു മരണം. നഗരത്തിലെ ഭഗീരഥ്‌പുര പ്രദേശത്താണ് വയറിളക്കം പടര്‍ന്നത്. പൈപ്പ്‌ലൈനിലെ ചോര്‍ച്ച കാരണം ഡ്രെയിനേജ് വെള്ളം കുടിവെള്ളത്തില്‍ കലര്‍ന്നതാണ് രോഗബാധയ്‌ക്കു കാരണമായതെന്നാണു പ്രാഥമിക വിലയിരുത്തലെന്ന് മേയര്‍ പുഷ്യമിത്ര ഭാര്‍ഗവ അറിയിച്ചു. മരണസംഖ്യയെക്കുറിച്ച് തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നതിനിടെയാണ് മേയറുടെ വിശദീകരണം. എന്നാല്‍ ഒരാഴ്‌ചയ്‌ക്കിടെ ആറു സ്‌ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഇന്‍ഡോറിന്റെ ഖ്യാതിക്കാണ് കുടിവെള്ളത്തിലെ മാലിന്യം കളങ്കം വരുത്തിയിരിക്കുന്നത്. മലിനജലം കുടിച്ചതുമൂലം വയറിളക്കം ബാധിച്ച 149 പേരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് ശിവം വര്‍മ്മ വ്യക്‌തമാക്കി. ഇവരുടെ ആരോഗ്യസ്‌ഥിതി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. രോഗികളുടെ മുഴുവന്‍ ചികിത്സാച്ചെലവും സര്‍ക്കാര്‍ വഹിക്കും.
സംഭവത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കോര്‍പ്പറേഷനിലെ ഒരു സോണല്‍ ഓഫീസറെയും അസിസ്‌റ്റന്റ് എന്‍ജിനീയറെയും സസ്‌പെന്‍ഡ് ചെയ്‌തു. ഒരു ഇന്‍ ചാര്‍ജ് സബ് എന്‍ജിനീയറെ പിരിച്ചുവിടുകയും ചെയ്‌തിട്ടുണ്ട്.
ഐ.എ.എസ് ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി സംഭവത്തെക്കുറിച്ച് അന്വേഷിക്കും. ഭഗീരഥ്‌പുരയിലെ പ്രധാന ജലവിതരണ പൈപ്പിന്റെ ഒരുഭാഗത്ത് ചോര്‍ച്ച കണ്ടെത്തിയതായി സ്‌ഥിരീകരണമുണ്ട്. അതിനടുത്ത് ഒരു ടോയ്‌ലെറ്റ് നിര്‍മിച്ചിട്ടുണ്ടെന്നും ചോര്‍ച്ചയുള്ള ഭാഗത്തുകൂടി വെള്ളത്തില്‍ മാലിന്യം കലര്‍ന്നിരിക്കാമെന്നും മുനിസിപ്പല്‍ കമ്മീഷണര്‍ ദിലീപ് കുമാര്‍ യാദവ് പറഞ്ഞു. അതേസമയം അനാസ്‌ഥ പുറത്തുവരാതിരിക്കാന്‍ സര്‍ക്കാര്‍ യഥാര്‍ഥ മരണസംഖ്യ മറച്ചുവയ്‌ക്കുകയാണെന്ന് കോണ്‍ഗ്രസിന്റെ സംസ്‌ഥാന വക്‌താവ് നീലഭ് ശുക്ല ആരോപിച്ചു.
ദേശീയ ശുചിത്വ സര്‍വേയില്‍ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന നേട്ടത്തിന് തുടര്‍ച്ചയായി അര്‍ഹമായ നഗരമാണ് ഇന്‍ഡോര്‍. മലിനമായ കുടിവെള്ളം മൂലം ഇവിടെ രോഗം പൊട്ടിപ്പുറപ്പെട്ടത് രാഷ്‌ട്രീയ വിവാദത്തിനു കാരണമായിട്ടുണ്ട്. സംസ്‌ഥാനത്തെ ഒരു മന്ത്രി പ്രതിനിധീകരിക്കുന്ന ഇന്‍ഡോര്‍-1 നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ഭഗീരഥ്‌പുര.