-->
മുംബൈ: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്‌ട്രയില്‍ അറസ്‌റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ജാമ്യം.
സി.എസ്.ഐ. വൈദികനായ തിരുവനന്തപുരം അമരവിള സ്വദേശി ഫാ. സുധീര്‍, ഭാര്യ ജാസ്‌മിന്‍ അടക്കം എട്ടുപേര്‍ക്ക് വറൂദ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി 30 ന് വൈകിട്ടായിരുന്നു അറസ്‌റ്റ്. 12 പേര്‍ക്കെതിരേ കേസെടുത്തെങ്കിലും നാലുപേരെ കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. അറസ്‌റ്റിലായ എട്ടുപേരെ കാണാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയവരെ പ്രതിചേര്‍ത്തത് അംഗീകരിക്കാനാകില്ലെന്നു വ്യക്‌തമാക്കിയായിരുന്നു ഒഴിവാക്കല്‍.
ഷിങ്കോരി ഗ്രാമത്തില്‍ 30 നു വൈകിട്ട് നടന്ന ക്രിസ്‌മസ് അനുബന്ധ ആരാധനയ്‌ക്കിടെ ഒരുസംഘം ആളുകളെത്തി ഫാ. സുധീറിനെയും മറ്റ് വൈദികര്‍ അടക്കമുള്ളവരെയും തടഞ്ഞുവയ്‌ക്കുകയായിരുന്നു. മതപരിവര്‍ത്തനനീക്കമാണ് നടക്കുന്നതെന്നുകാട്ടി ബജ്‌റങ്‌ദള്‍ പ്രവര്‍ത്തകരെന്നു പരിചയപ്പെടുത്തിയ സംഘം വിവരം പോലീസില്‍ അറിയിച്ചു. പോലീസെത്തി പരിപാടിക്കു നേതൃത്വം നല്‍കിയ ഫാ. സുധീര്‍ ഉള്‍പ്പെടെ എട്ടുപേരെ കസ്‌റ്റഡിയിലെടുത്ത് ബനോഡ പോലീസ് സ്‌റ്റേഷനിലേക്കു മാറ്റിയിരുന്നു.