-->
മലയാളസിനിമയും ആരാധകരും ഏറെയിഷ്ടപ്പെടുന്ന, പ്രിയപ്പെട്ട താരമാണ് മോഹന്‍ലാല്‍. താരത്തിന്റെ കുടുംബത്തിനോടും ആരാധകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടവും സ്നേഹവുമൊക്കെയുണ്ട്. ലാലിന്റെ അമ്മ ശാന്തകുമാരിയെ സ്വന്തം അമ്മയെന്നപോലെയാണ് ആരാധകര്‍ സ്നേഹിച്ചിരുന്നത്. അമ്മയുമായി അഭേദ്യമായ ഒരു ബന്ധവും മോഹന്‍ലാലിനുണ്ടായിരുന്നു. തന്റെ സന്തോഷത്തിലും സങ്കടത്തിലും ആ മകൻ, അമ്മയുടെ അരികിലേക്ക് ഓടിയെത്തും. അമ്മയോട് ചേർന്നിരിക്കും. അമ്മയോടൊപ്പമുള്ള നിമിഷങ്ങൾ, ഹൃദയത്തിന്റെ ഭാഷയിൽ പലപ്പോഴും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്.
മോഹന്‍ലാലിന്റെ വാക്കുകളിലൂടെ ആ അമ്മയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞിട്ടുണ്ട്, സ്നേഹിച്ചിട്ടുണ്ട്. താരം ഏറ്റവും കൂടുതല്‍ ഇമോഷണലാകാറുള്ളത് അമ്മയെ കുറിച്ച് സംസാരിക്കുമ്പോള്‍ മാത്രമാണ്. അത്രയേറെ പവിത്രമായ ഒരു അമ്മ-മകൻ ബന്ധമായിരുന്നു ഇവര്‍ക്കിടയിലുണ്ടായിരുന്നത്. അമ്മയുടെ വേർപാടോടെ ലാലിന്റെ ജീവിതത്തിൽ ഉണ്ടായത് വലിയ ശൂന്യതയാണ്. അതുകൊണ്ടു തന്നെ ആ വേർപാട് മോഹൻലാലിനെപ്പോലെ തന്നെ മലയാളികളേയും ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. വിവിധ മേഖലയിലുള്ള പ്രശസ്തര്‍ മോഹന്‍ലാലിന്റെ വേദനയില്‍ ഒപ്പം ചേരുന്നുണ്ട്.
ഇപ്പോഴിതാ മോഹൻലാലിന്റെ കുടുംബവുമായി അടുത്ത സൗഹൃദം പുലർത്തുന്ന പ്രൊഡക്ഷൻ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, ആ കുടുംബവുമായി തനിക്കുള്ള ആത്മബന്ധത്തെ കുറിച്ച് പങ്കിട്ട കുറിപ്പാണ് ശ്രദ്ധനേടുന്നത്. അമ്മയ്ക്ക് അസുഖം വരുമ്പോഴാണ് മോഹൻലാല്‍ ഏറ്റവും അസ്വസ്ഥനായി കാണപ്പെടാറുള്ളതെന്നും
‘‘സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് ഞാൻ ഏറ്റവും കൂടുതൽ യാത്ര ചെയ്തിട്ടുള്ളത് ലാലേട്ടന്റെ കൂടെയാണ്. വണ്ടിയിൽ കയറിയാൽ ലാലേട്ടൻ ആദ്യം വിളിക്കുക അമ്മയെയാണ്. അമ്മയോട് സംസാരിച്ചതിനു ശേഷം സുചിത്ര ചേച്ചിയെ വിളിക്കും. അമ്മയുടെ അസുഖത്തിന്റെ ആദ്യകാലത്ത് അമൃത ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോൾ ലാലേട്ടൻ ഒപ്പമുണ്ടായിരുന്നു, ഹോസ്പിറ്റലിലാണ് അദ്ദേഹം താമസിച്ചത്. ആശിർവാദിന്റെ ഒരു സിനിമ നടക്കുന്ന സമയമായിരുന്നു ഹോസ്പിറ്റലില്‍ നിന്നാണ് അദ്ദേഹം ഷൂട്ടിങ്ങിനു വന്നിരുന്നതും തിരികെ ആശുപത്രിയിലേക്കാണ് പോയിരുന്നതും.
അമ്മയ്ക്ക് സംസാരിക്കാൻ ചെറിയ ബുദ്ധിമുട്ടുള്ളപ്പോഴൊക്കെ അമ്മയെ നോക്കുന്ന ചേച്ചിയെ വിളിച്ച് അമ്മയുടെ കാതിൽ ഫോൺ വെച്ചുകൊടുക്കാൻ പറയും എന്നിട്ട് ലാലേട്ടൻ സംസാരിക്കും. സുചിത്ര ചേച്ചി അമ്മയുടെ അടുത്ത് ഇല്ലാത്തപ്പോൾ ലാലേട്ടൻ സുചിത്ര ചേച്ചിയെ വിളിച്ചാൽ ആദ്യം ചോദിക്കുക അമ്മയെ വിളിച്ചോ സംസാരിച്ചോ എന്നാണ്. ഒരു സാധാരണ അമ്മ മകൻ ബന്ധമായിരുന്നില്ല അത്, അതിലും ദിവ്യത്വമുള്ള എന്തോ ഒന്ന്.
ദൃശ്യം ത്രീയുടെ ഷൂട്ടിംഗ് സമയത്ത് അമ്മ വീണ്ടും ഹോസ്പിറ്റലിൽ ആയപ്പോൾ ലാലേട്ടൻ വളരെ ഡിസ്റ്റർബ്ഡ് ആയിരുന്നു. എപ്പോഴും വിവരങ്ങൾ വിളിച്ച് അന്വേഷിച്ചു കൊണ്ടിരിക്കും. ഫോണിൽ ഡോക്ടർമാരുമായി സംസാരിക്കും. ഒഴിവു കിട്ടുമ്പോൾ എല്ലാം തൊടുപുഴയിൽ നിന്ന് എറണാകുളത്ത് പോയി അമ്മയെ കാണും.
ബറോസിന്റെ ഡബ്ബിങ് സമയത്ത് ഒരു ദിവസം ലാലേട്ടന്റെ കൂടെ ഞാൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. പോയിക്കൊണ്ടിരുന്നപ്പോൾ ഞാൻ ചോദിച്ചു, ‘അമ്മയെ കാണാൻ പറ്റുമോ....’ ‘കാണാലോ അതിനെന്താ, എന്താ അങ്ങനെ ചോദിച്ചത്’ എന്ന് ലാലേട്ടൻ. ‘അല്ല പുറത്തുനിന്ന് ഒരാൾ കാണാൻ വരുമ്പോൾ വല്ല ഇൻഫെക്ഷനോ മറ്റോ...’ പൂർത്തിയാക്കാൻ ലാലേട്ടൻ സമ്മതിച്ചില്ല, ‘ഒരു കുഴപ്പവുമില്ല കാണാം....’
വീട്ടിലെത്തിയ ഉടനെ അമ്മയുടെ മുറിയിലേക്ക് എന്നെ വിളിച്ചു കൊണ്ടു പോയി. ‘അമ്മയ്ക്ക് മനസ്സിലായോ നമ്മുടെ തിരുവനന്തപുരത്തെ വീട്ടിലൊക്കെ ഒരുപാട് തവണ വന്നിട്ടുള്ള ആളാണ് സിദ്ധാർത്ഥൻ....’ ചെറിയ മൂളലോടെ വളരെ പതുക്കെ അമ്മ തല ഒന്നനക്കി.
ആന്റണിക്കും തീരാദുഃഖം ആയിരിക്കും ഈ മരണം. ആന്റണിയുടെ മറ്റൊരു അമ്മയായിരുന്നു ലാലേട്ടന്റെ അമ്മ. ലോകം പോറ്റിയ ഒരു മകനു ജന്മം നൽകാൻ കഴിഞ്ഞ ഈ അമ്മ മഹാഭാഗ്യവതിയാണ്. ആ ഭാഗ്യം മരണത്തിലും അമ്മയെ പിന്തുടരുന്നുണ്ട്. ഇന്ന് സ്വർഗ്ഗ വാതിൽ ഏകാദശിയാണ്. അമ്മയുടെ യാത്ര നേരെ സ്വർഗത്തിലേക്ക്.
സഹോദരന്റെ മരണ സമയത്ത് പരസ്പരം ആശ്വസിപ്പിക്കാനും ചേർത്തു നിർത്താനും അച്ഛനും അമ്മയും ഉണ്ടായിരുന്നു. അച്ഛന്റെ മരണസമയത്ത് അമ്മയും. ഇനി.....
എപ്പോഴും അമ്മയെ കാണണം അമ്മ അടുത്തുണ്ടാകണം എന്ന് ആഗ്രഹിച്ച മകന് വേർപാടിന്റെ ഈ ദുഃഖം സഹിക്കാൻ ഉള്ള ശക്തി നൽകാൻ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു. ലാലേട്ടന്റെ ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നു...’’ എന്നാണ് സിദ്ധു പനയ്ക്കല്‍ കുറിച്ചത്. മമ്മൂട്ടി അടക്കം നിരവധി സിനിമാ താരങ്ങള്‍ ഇതിനോടകം മോഹൻലാലിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
ശാന്തകുമാരി അമ്മയുടെ സംസ്കാരം ബുധനാഴ്ച തിരുവനന്തപുരം മുടവന്‍മുഗളിലെ വീട്ടുവളപ്പില്‍ നടക്കും. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊച്ചി എളമക്കരയിലെ വീട്ടില്‍ വെച്ച് ശാന്തകുമാരിയമ്മ അന്തരിച്ചത്. 90 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് പത്ത് വർഷമായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടില്‍ അമ്മയുടെ അന്ത്യനിമിഷത്തില്‍ ലാലും ഒപ്പമുണ്ടായിരുന്നു.
അമ്മയുടെ കഴിഞ്ഞ പിറന്നാള്‍ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് മോഹന്‍ലാല്‍ ആഘോഷമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പരമോന്നത ബഹതുമതിയായ ദാദാസാഹേബ് ഫാൽകെ പുരസ്കാരം ലഭിച്ചതറിഞ്ഞതിന് അതിനു പിന്നാലെ, മോഹൻലാൽ കൊച്ചി എളമക്കരയിലെ വീട്ടിൽ വിശ്രമത്തിലായിരുന്ന അമ്മയെ കാണാൻ ഓടിയെത്തി. “അമ്മ സുഖമില്ലാതിരിക്കുന്ന സമയമാണ്, പക്ഷേ അമ്മയ്ക്ക് എല്ലാം മനസിലാവും, സംസാരിക്കാൻ കുറച്ച് പ്രയാസമുണ്ട്. എങ്കിലും എനിക്ക് കേട്ടാൽ മനസിലാവും. എന്നെ അനുഗ്രഹിച്ചു, ആ അനുഗ്രഹം എനിക്കൊപ്പമുണ്ട്...’’ എന്നാണ് അന്ന് വാർത്താ സമ്മേളനത്തിൽ അമ്മയെ കുറിച്ച് മോഹൻലാൽ പറഞ്ഞത്.