-->
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ സമാപിച്ച സംസ്‌ഥാന സെന്‍ട്രല്‍ സ്‌കൂള്‍ കായികമേളയില്‍ തൃശൂര്‍ ഓവറോള്‍ ചാമ്പ്യന്മാര്‍. രണ്ടാംദിനം 104 പോയിന്റ് കൂടി സ്വന്തമാക്കിയാണ് തൃശൂര്‍ കിരീടം ഉറപ്പിച്ചത്. 13 സ്വര്‍ണവും 11 വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 278 പോയിന്റാണ് തൃശൂര്‍ നേടിയത്. കഴിഞ്ഞ വര്‍ഷം മൂന്നാം സ്‌ഥാനം നേടിയ തൃശൂരിന്റെ പകരംവീട്ടല്‍ കൂടിയായി വിജയം.
നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ എറണാകുളത്തിന് ആറ് പോയിന്റ് വ്യത്യാസത്തിനാണ് കിരീടം നഷ്‌ടമായത്. 12 സ്വര്‍ണം, 13 വെള്ളി, ഏഴ് വെങ്കലമടക്കം 272 പോയിന്റ് എറണാകുളം നേടി. 195 പോയിന്റുമായി ഇടുക്കിയാണ് മൂന്നാം സ്‌ഥാനത്ത്. ഇടുക്കിക്ക് 10 സ്വര്‍ണം, ഏഴ് വീതം വെള്ളിയും വെങ്കലവുമാണുള്ളത്. കഴിഞ്ഞ വര്‍ഷം 375 പോയിന്റ് നേടിയാണ് എറണാകുളം കിരീടംചൂടിയത്. റണ്ണറപ്പായിരുന്ന കോഴിക്കോട് ഇക്കുറി 87 പോയിന്റുമായി ആറാം സ്‌ഥാനത്തായി. പാലക്കാട് (163), ആലപ്പുഴ (88) എന്നിങ്ങനെയാണ് നാലും അഞ്ചും സ്‌ഥാനക്കാര്‍.
സ്‌കൂളുകളില്‍ അടിമാലി വിശ്വദീപ്‌തി പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്മാരായി. മൂന്ന് സ്വര്‍ണം, അഞ്ച് വെള്ളി, രണ്ട് വെങ്കലമടക്കം 95 പോയിന്റ് സ്വന്തമാക്കിയാണ് ചാമ്പ്യന്‍പട്ടം നേടിയത്. കടയിരിപ്പ് സെന്റ് പീറ്റേഴ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളാണ് രണ്ടാം സ്‌ഥാനത്ത്. ഒരു സ്വര്‍ണം, നാല് വീതം വെള്ളിയും വെങ്കലവുമടക്കം 68 പോയിന്റ്. ആദ്യദിനം അഞ്ചാം സ്‌ഥാനത്തായിരുന്നു കടയിരിപ്പ് സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍.
മൂന്നാം സ്‌ഥാനത്തുള്ള ഇടുക്കി രാജകുമാരി സെന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂളിന് അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും നാല് വെങ്കലവുമാണ് ലഭിച്ചത്. തൃശൂര്‍ പൂച്ചട്ടി ഭവന്‍സ് (64), തൃശൂര്‍ ദേവമാത സി.എം.ഐ. പബ്ലിക് സ്‌കൂള്‍ (49) എന്നിവയാണ് നാലും അഞ്ചും സ്‌ഥാനങ്ങളില്‍. മേളയില്‍ 25 മീറ്റ് റെക്കാഡുകള്‍ പിറന്നു.
വിജയികള്‍ക്ക് കായികമന്ത്രി വി. അബ്‌ദുറഹ്‌മാന്‍ കിരീടം സമ്മാനിച്ചു. ചടങ്ങില്‍ ഒളിമ്പ്യന്‍ മേഴ്‌സി കുട്ടന്‍, നാഷണല്‍ കൗണ്‍സില്‍ ഒഫ് സി.ബി.എസ്.ഇ. സ്‌കൂള്‍സ് സെക്രട്ടറി ജനറലും മീറ്റ് ജനറല്‍ കണ്‍വീനറുമായ ഡോ. ഇന്ദിര രാജന്‍, കൗണ്‍സില്‍ ഓഫ് സി.ബി.എസ്.ഇ. സ്‌കൂള്‍സ് ജനറല്‍ സെക്രട്ടറിയും സ്‌പോര്‍ട്‌സ് മീറ്റ് കോ-ഓര്‍ഡിനേറ്ററുമായ സുചിത്ര ഷൈജിന്ത്, അത്‌ലറ്റിക് മീറ്റ് കോ-ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.