-->
ന്യൂഡല്‍ഹി: ഡെറാഡൂണില്‍ വിദ്യാര്‍ഥിയെ ആക്രമിച്ചുകൊന്ന സംഭവം പ്രത്യേക സാഹചര്യത്തില്‍ ഉണ്ടായതാണെന്നും അക്രമിസംഘം വിദ്യാര്‍ഥിയെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഉത്തരാഖണ്ഡ് പോലീസിന്റെ അവകാശവാദം.
ത്രിപുരയിലെ തിര്‍പുരയില്‍നിന്നുള്ള അഞ്‌ജല്‍ ചക്‌മ (24) എന്ന വിദ്യാര്‍ഥിയെയാണ് ഡിസംബര്‍ 9 ന് ആറു പേരടങ്ങുന്ന വിദ്യാര്‍ഥിസംഘം ദാരുണമായി ആക്രമിച്ചത്.
അതിന്റെ പേരില്‍ ത്രിപുരയില്‍ വന്‍ പ്രതിഷേധമാണു നടക്കുന്നത്. പെട്ടെന്നുള്ള പ്രകോപനത്താലുണ്ടായ കൊലപാതകമാണു സംഭവിച്ചതെന്നാണു വിശദീകരണം. കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നെങ്കിലും പിന്നീട് മരണം സംഭവിച്ചത് വളരെ ദുഃഖകരമാണെന്നും ഡെറാഡൂണിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് അജയ് സിങ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംഭവത്തില്‍ വംശീയത ആരോപിക്കുന്ന സമൂഹമാധ്യമത്തിലെ പോസ്‌റ്റുകള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ ആറുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ അഞ്ചുപേരെയും അറസ്‌റ്റ് ചെയ്‌തു.
സംഭവദിവസം വൈകിട്ട് വിദ്യാര്‍ഥികള്‍ ഒരു ജന്മദിന പാര്‍ട്ടിക്കായി ഒത്തുകൂടിയതാണ്. ഇവര്‍ പരസ്‌പരം തമാശ പറയുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഈസമയം ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന ചക്‌മയും സഹോദരനും വിദ്യാര്‍ഥിസംഘം തങ്ങളെ പരിഹസിക്കുന്നതായി തോന്നി.
ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ പ്രതികളിലൊരാള്‍ മൂര്‍ച്ചയുള്ള വസ്‌തു ഉപയോഗിച്ച് ചക്‌മയെ ആക്രമിച്ചു. ഇതിനിടെ മറ്റൊരാള്‍ മുട്ട വണ്ടിയില്‍നിന്ന് എടുത്ത ചെറിയ കത്തികൊണ്ട് ഇരയുടെ പിന്നില്‍ കുത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.
ആക്രമിക്കപ്പെട്ട അഞ്‌ജല്‍ ചക്‌മയെ സഹോദരനാണ് റിക്ഷയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്. എം.ബി.എ വിദ്യാര്‍ഥിയായ അഞ്‌ജല്‍ 17 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ഇക്കഴിഞ്ഞ 26 ന് മരിച്ചു.
ആക്രമിക്കപ്പെടുന്നതിനു മുമ്പ് തന്റെ മകന്‍ വംശീയ അധിക്ഷേപം നേരിട്ടതായി ബി.എസ.്‌എഫ് ജവാനായ പിതാവ് ആരോപിച്ചിരുന്നു.
അക്രമികള്‍ മകനെ 'ചൈനീസ് മോമോ' എന്നു വിളിച്ചതായും വാര്‍ത്താ ഏജന്‍സിയോട് അദ്ദേഹം പറഞ്ഞു.
അതേസമയം, സംഭവങ്ങളുടെ ക്രമം വിവരിച്ച ഉദ്യോഗസ്‌ഥന്‍ ഇതിനു പിന്നില്‍ വംശീയ വിദ്വേഷമുണ്ടെന്ന ആരോപണത്തെ നിഷേധിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഒരു വംശീയ ആക്രമണവും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.