-->
ബംഗളുരു: യെലഹങ്കയിലെ കൊഗിലുവില്‍നിന്ന് കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഫ്ലാറ്റുകള്‍ ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. പാവപ്പെട്ടവര്‍ക്കായി ബൈയപ്പനഹള്ളിയില്‍ നിര്‍മിച്ച ബഹുനില അപ്പാര്‍ട്ട്‌മെന്റില്‍ ഇവര്‍ക്ക് താമസസൗകര്യം ഒരുക്കും. 11.20 ലക്ഷം രൂപ വിലവരുന്ന ഫ്ലാറ്റുകളുടെ ചെലവിന്റെ ഭൂരിഭാഗവും ഗ്രേറ്റര്‍ ബംഗളുരു അതോറിറ്റിയും (ജി.ബി.എ) ഭവനവകുപ്പും വഹിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
വസീം ലേഔട്ടിലും ഫക്കീര്‍ കോളനിയിലും വീടുകള്‍ പൊളിച്ചുമാറ്റിയതിനെ 'ബുള്‍ഡോസര്‍ രാജ്' എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചിരുന്നു. 167 അനധികൃത വീടുകള്‍ ഒഴിപ്പിച്ച നടപടി ഇതോടെ രാഷ്‌ട്രീയ വിവാദത്തിനു വഴിവച്ചു. ഇത്തരം നടപടികളില്‍ കൂടുതല്‍ ജാഗ്രതതയും അനുകമ്പയും വേണ്ടിയിരുന്നെന്ന് കാട്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ഇടപെട്ടു.
അതേസമയം, ഷെഡുകള്‍ നിര്‍മിച്ച 15 ഏക്കറോളം ഭൂമി സര്‍ക്കാരിന്റേതാണെന്നു പറഞ്ഞ് ഒഴിപ്പിക്കലിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. പിണറായി കുടിയൊഴിപ്പിക്കലിനെ രാഷ്‌ട്രീയ വിവാദമാക്കാന്‍ ശ്രമിക്കുകയാണ്. മാനുഷിക പരിഗണനവച്ചാണു ബദല്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും സിദ്ധരാമയ്യ പറഞ്ഞു. പുതുവര്‍ഷത്തിന്റെ ആദ്യ ആഴ്‌ചയോടെ ഫ്ലാറ്റുകള്‍ അനുവദിക്കും. കോര്‍പ്പറേഷന്‍ ഉദ്യോഗസ്‌ഥര്‍ തയാറാക്കുന്ന മാനദണ്ഡങ്ങള്‍ അടിസ്‌ഥാനമാക്കിയാകും ഇത്. മുഖ്യമന്ത്രിയുടെ ഒരു ലക്ഷം ഭവന പദ്ധതി പ്രകാരം 'സ്‌ഥലമില്ലാത്തവരും വീടില്ലാത്തവരുമായ' ആളുകള്‍ക്ക് മാത്രമാണ് അപ്പാര്‍ട്ട്‌മെന്റ് നിര്‍മിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗ്യതയുള്ള കുടുംബങ്ങള്‍ക്ക് മാത്രമേ താമസ സൗകര്യം ഒരുക്കുന്നുള്ളൂ.
ദരിദ്രര്‍ക്കായി നല്‍കുന്ന സബ്‌സിഡി ഗ്രാന്റായ 'ഒണ്ടി മാനെ' പദ്ധതി പ്രകാരം ഗ്രേറ്റര്‍ ബംഗളുരു അതോറിറ്റി അഞ്ച് ലക്ഷം രൂപ നല്‍കും. വിവിധ സംസ്‌ഥാന, കേന്ദ്ര സബ്‌സിഡികള്‍ പ്രകാരം ഭവന വകുപ്പ് 3 ലക്ഷം രൂപ പങ്കിടും. ബാക്കി തുകയായ ഏകദേശം 2.5 ലക്ഷം രൂപ ഗുണഭോക്‌താക്കള്‍ നല്‍കേണ്ടിവരും. വായ്‌പ ക്രമീകരിക്കാമെന്ന് ഭവനമന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
11.20 ലക്ഷം രൂപ വിലയുള്ളതാണ് ഈ ഫ്ലാറ്റുകള്‍. ജനറല്‍ വിഭാഗത്തിനാണ് ഈ വില. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഇതില്‍ കുറവുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത നിര്‍മാണം അനുവദിച്ച റവന്യു ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ സിദ്ധരാമയ്യ നിര്‍ദേശിച്ചു. അവരുടെ നോട്ടീസ് ഇല്ലാതെ ഇത്തരം ഷെഡുകള്‍ വരില്ലായിരുന്നു. ബംഗളുരുവിനെ ചേരിയായി മാറ്റാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പറഞ്ഞു.
കേരള മുഖ്യമന്ത്രി അവിടുത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഭയന്ന് കുടിയൊഴിപ്പിക്കല്‍ വിവാദമാക്കുകയാണ്. മാലിന്യശേഷിപ്പില്‍ ഇവിടെ വീടുകള്‍ കെട്ടിപ്പൊക്കുകയായിരുന്നു. ഭൂമി വാസയോഗ്യമല്ലായിരുന്നു. മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്‌ഥാപിക്കാനാണ് കുടിയൊഴിപ്പിച്ചതെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.