-->
മലയാളസിനിമയില്‍ ഹേറ്റേഴ്സില്ലാത്ത താരമാണ് ബേസില്‍ ജോസഫ്. സംവിധായകനായും തിരക്കഥാകൃത്തായും കൈയടി നേടിയ ശേഷമാണ് ബേസില്‍ അഭിനേതാവായി പ്രേക്ഷകമനസ്സില്‍ കയറിക്കൂടിയത്. ഇന്ന് ബേസിലിന്റെ ചിത്രങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കാറുണ്ട്. ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റടിച്ച ചിത്രങ്ങളുടെ സംവിധായകനായ ബേസില്‍ അഭിനയിച്ച സിനിമകളും സൂപ്പര്‍ഹിറ്റ് പട്ടികയില്‍ പെടുന്നതാണ്. അയൽപ്പക്കത്തെ പയ്യൻ എന്ന ഇമേജ് ലഭിച്ച, അതല്ലെങ്കില്‍ സുഹൃത്തോ, ബന്ധുക്കളോ, കസിനോ എന്നൊക്കെ തോന്നാവുന്ന കഥാപാത്രങ്ങളാണ് ബേസില്‍ പലപ്പോഴും ചെയ്തിട്ടുള്ളത്.
നടൻ, സംവിധായകൻ എന്നീ നിലകളിൽ തിളങ്ങിയ ബേസിൽ ജോസഫ് ആദ്യമായി നിർമാതാവാകുന്ന സിനിമയാണ് അതിരടി. ടൊവിനോ തോമസും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിലെ ബേസിലിന്റെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു ചിത്രത്തിൽ ഇതുവരെ കാണാത്ത ലുക്കിലാണ് ബേസിൽ എത്തുന്നത്. സാം കുട്ടി എന്ന ‘ചുള്ളൻ’ വിദ്യാർത്ഥിയായാണ് താരം ചിത്രത്തിലെത്തുന്നത്.
ഇപ്പോഴിതാ, സാം കുട്ടിയായുള്ള ബേസിലിന്റെ ചിത്രത്തിന് സഹതാരങ്ങള്‍ നല്‍കുന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ല്ല സ്റ്റൈലൻ ജെൻസി ലുക്കിലാണ് താരം ചിത്രത്തിലുള്ളത്. ‘‘മീറ്റ് സാം ബോയ് (റോൾ നമ്പർ 31, ബിടെക് ഫസ്റ്റ് ഇയർ...സിവിൽ എഞ്ചിനീയറിംഗ്, ബിസിഇടി) ഫ്രം ‘അതിരടി...’’ എന്ന ക്യാപ്ഷന്‍ നല്‍കി മുടി നീട്ടി വളര്‍ത്തി കിടിലന്‍ ലുക്കിലുള്ള ചിത്രമാണ് ബേസില്‍ പങ്കിട്ടിരിക്കുന്നത്. ഈ പോസ്റ്റിനു താഴെ ബേസിലിന്റെ ലുക്കിനെക്കുറിച്ച് രസകരമായ കമന്റുകളിലൂടെ കൊമ്പുകോർക്കുകയാണ് താരങ്ങള്‍. ബേസിലിന്റെ പുതിയ ലുക്ക് കണ്ട്, ‘എയ്ജ് ഇന്‍ റിവേഴ്‌സ് ഗിയര്‍...’ എന്നാണ് ടൊവിനോ ആദ്യം നല്‍കിയ കമന്റ്. അതിനു പിന്നാലെ ‘ചെറുപ്പക്കാരൻ തന്നെ’ എന്ന് നിഖിലയും, ‘എന്റമ്മേ സീൻ മോനെ’ എന്ന് ആന്റണി വർഗീസും, ‘പൊളിച്ചടാ മുത്തേ കമോണ്‍ ഡാ...’ എന്ന് നസ്റിയയും കമന്റുകള്‍ നല്‍കി.
പക്ഷേ ഇതിലേറെ ശ്രദ്ധിക്കപ്പെടുന്നത്. യുവതാരം നസ്ലെന്റെ കമന്റാണ്. ‘ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ. ചതി ആയിപ്പോയി...’ എന്നാണ് താരം കുറിച്ചത്. അതിനു താഴെ മറുപടിയുമായി, ‘നീയാണ് അവന്റെ മെയിൻ ലക്ഷ്യം, ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ...’ എന്ന് ടൊവിനോ കുറിച്ചു. തുടർന്ന് ‘നിന്റേയും ആ സന്ദീപിന്റേയും അഹങ്കാരം കുറച്ച് കൂടുന്നുണ്ട്. ശരിയാക്കിത്തരാം...’ എന്നായി ബേസില്‍.
ഇടയ്ക്ക് ഗോളടിക്കാന്‍ നോക്കിയ ടൊവിനോയോട്, ‘നമ്മൾ ഒരു ടീമല്ലേ, അവസാനം ഞാൻ മാത്രമേ കാണൂ...’ എന്നും ബേസില്‍ പറയുന്നുണ്ട്. ‘പടം ഡയറക്ട് ചെയ്യാൻ പൊയ്ക്കൂടെ പെട്ടെന്ന്...’ എന്നാണ് സന്ദീപ് ചോദിക്കുന്നത്. ‘മുട്ട വയ്ക്കേണ്ട ആളുകളുടെ എണ്ണം രണ്ടായി സന്ദീപേ...’ എന്ന് നസ്ലെന്‍ സന്ദീപിനോട് പറയുന്നതും കമന്റിൽ കാണാം. ‘അത്രയ്ക്കായോ...എങ്കി ഞാനും തിരിച്ചു വെക്കുമെടാ ഒരു മുട്ട...’ എന്നാണ് ബേസില്‍ നല്‍കുന്ന മറുപടി.
ഇവരെക്കൂടാതെ വിഷ്ണു ഉണ്ണികൃഷ്ണൻ, ഗുരു സോമസുന്ദരം, സംഗീത് പ്രദീപ്, ലുക്ക്മാൻ അവറാൻ, നൈല ഉഷ, കല്യാണി പ്രിയദര്‍ശന്‍, അമല പോള്‍ തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങളാണ് ബേസിലിന്റെ പോസ്റ്റില്‍ കമന്റുമായെത്തുന്നത്. ഇൻസ്റ്റാഗ്രാമിൽ ഒരു മില്യൺ ലൈക്കാണ് ഫോട്ടോയ്ക്ക് കിട്ടിയിരിക്കുന്നത്.
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് അതിരടി. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളിയുടെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ് അതിരടി. 2026 ഓണം റിലീസായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ.
ഒരു മാസ്സ് കളർഫുൾ ക്യാമ്പസ് എന്റെർറ്റൈനെർ ആയിരിക്കും ‘അതിരടി’യെന്ന സൂചനയാണ് ആദ്യ ക്യാരക്ടർ പോസ്റ്ററും നൽകുന്നത്. കോളേജ് വിദ്യാർഥിയുടെ ലുക്കിലാണ് ക്യാരക്ടർ പോസ്റ്ററിൽ ബേസിൽ ജോസഫിനെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റിൽ ടീസർ നേരത്തെ പുറത്ത് വരികയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരെ ഏറെ രസകരമായും മാസ്സ് ആയും അവതരിപ്പിച്ച ടൈറ്റിൽ ടീസറും ഒരു പക്കാ ക്യാമ്പസ് ഫൺ എന്റർടെയ്‌നർ ആയിരിക്കുമെന്ന സൂചനയാണ് നൽകിയത്. മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. വളരെ സ്‌റ്റൈലിഷ് ആയി ഒരുക്കിയ ടൈറ്റിൽ ടീസറും ഇപ്പൊൾ വന്ന ക്യാരക്ടർ പോസ്റ്ററും ചിത്രത്തിന് വലിയ ശ്രദ്ധ നേടിക്കൊടുക്കുന്നു.