-->
2026 ജനുവരി 26-നാണ് റെനോ ഡസ്റ്ററിന്റെ ഔദ്യോഗിക അവതരണം റെനോ സ്ഥിരീകരിച്ചിട്ടുള്ളത്. ലോഞ്ചിന് മുന്നോടിയായി, ചെന്നൈയില്‍ റോഡില്‍ കാമഫ്‌ലോഗില്‍ മറച്ച നിലയില്‍ പരീക്ഷണയോട്ടം നടത്തുന്ന പുതിയ ഡസ്റ്ററിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കാറിന്റെ ഡിസൈന്‍ വളരെ വ്യക്തമായി തന്നെ മനസിലാകുന്ന തരത്തിലാണ് സ്‌പൈ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യന്‍ വിപണിക്ക് മാത്രമായി ഇന്ത്യയില്‍ വികസിപ്പിച്ച 'സി.എം.എഫ്-ബി' (CMF-B) പ്ലാറ്റ്ഫോമിലാണ് പുതിയ തലമുറ ഡസ്റ്റര്‍ എസ്യുവി ഒരുങ്ങുന്നത്.
റെനോ-നിസ്സാന്‍ ബ്രാന്‍ഡിന്റ നിര്‍മ്മാണ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ചെന്നൈയ്ക്ക് സമീപം ഒറഗടത്താണ് വാഹനം ക്യാമറക്കണ്ണില്‍ കൂടുങ്ങിയത്. 5-സീറ്റര്‍, 7-സീറ്റര്‍ മോഡലുകളിലാവും ഇത്തവണ ജനപ്രിയനായ ഡസ്റ്റര്‍ പുനരവതരിക്കുകയെന്നാണ് വിവരം. ഡിസൈന്‍ ആരേയും ആകര്‍ഷിക്കുന്ന വിധത്തിലാവും ഉണ്ടാവുക. Y ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റ് യൂണിറ്റ്, പുതിയ രൂപത്തിലുള്ള ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, പുതിയ ബമ്പര്‍, പുതിയ എയര്‍ ഇന്‍ടേക്കുകള്‍ എന്നിവയാണ് മുന്‍വശത്തെ കിടിലമാക്കാനായി എത്തിയിരിക്കുന്നത്. പിന്‍ഭാഗത്ത് Y-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകളും ടെയില്‍ഗേറ്റില്‍ റെനോ, ഡസ്റ്റര്‍ ബാഡ്ജുകളുമാണ് ലഭിക്കുക. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാല്‍ ന്യൂജെന്‍ റെനോ ഡസ്റ്ററിന് മൊത്തത്തില്‍ 4,343 mm നീളവും 1656 mm ഉയരവും 2657 mm വീല്‍ബേസുമാണുള്ളത്.
പുതിയ ഡസ്റ്ററില്‍ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ലെയ്ന്‍-കീപ്പിംഗ് അസിസ്റ്റ്, ബ്ലൈന്‍ഡ്-സ്‌പോട്ട് മോണിറ്ററിംഗ്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പുതിയ തലമുറ ഡസ്റ്റര്‍ ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ പൊതുജനങ്ങള്‍ക്കായി അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി, റെനോ ഇന്ത്യയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ പുറത്തിറക്കിയ ടീസര്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.