-->
ഈ ലോകത്തിലുള്ള കൊടും വിഷമുള്ള നിരവധി ജീവജാലങ്ങളുണ്ട്. ഇവയോട് അടുത്തിടപഴകുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഒരുപക്ഷേ ജീവന് തന്നെ ഭീഷണിയുണ്ടായേക്കാം. ചെറുജീവികള്‍ മാത്രമല്ല പക്ഷികളില്‍പോലും കൊടിയ വിഷമുള്ളവയുണ്ട്. പപ്പുവ ന്യൂ ഗിനിയിലെ ഉഷ്ണമേഖല വനങ്ങളില്‍ കാണപ്പെടുന്ന ഹൂഡെഡ് പിറ്റോഹിയാണ് ഇത്തരത്തില്‍ വിഷമുള്ള പക്ഷികളില്‍ ഒന്നാമന്‍. ന്യൂറോടോക്‌സിനുകളില്‍ ഉള്‍പ്പെടുന്ന ബാട്രാകോടോക്‌സിന്‍ എന്ന വീര്യമുള്ള വിഷം. ഈ പക്ഷിയുടെ ചര്‍മത്തിലും തൂവലുകളിലുമുണ്ട്.
വളരെ ചെറിയ അളവില്‍ പോലും മാരകമാണിത്. ഒരു മനുഷ്യന്റെ ജീവനെടുക്കാന്‍ 2 മുതല്‍ 3 മൈക്രോഗ്രാം ബാട്രാകോടോക്‌സിന്‍ മതിയാകും. പിറ്റോഹിയില്‍ അതിലും കുറവ് വിഷമാണ് അടങ്ങിയിരിക്കുന്നതെങ്കിലും സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും. മധ്യ, തെക്കേ അമേരിക്കയിലെ ചിലയിനം വിഷത്തവളകളിലും കാണപ്പെടുന്നുണ്ട്. സാധാരണ വിഷജന്തുക്കളില്‍ വിഷം ഉല്‍പാദിപ്പിക്കുന്നത് അവയുടെ ശരീരത്തില്‍ നിന്നാണ്. എന്നാല്‍ പിറ്റോഹിയുടെ ശരീരത്തില്‍ വിഷമെത്തുന്നത് അത് കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ്. പ്രത്യേകതരം വിഷവണ്ടാണ് പിറ്റോഹിയുടെ ഭക്ഷണം. വണ്ടിലുള്ള ബാട്രാകോടോക്‌സിന്‍ പക്ഷിയുടെ ശരീരം ആഗിരണം ചെയ്ത് സംഭരിക്കുന്നു. മനുഷ്യനെ ആക്രമിക്കില്ലെങ്കിലും അവയുമായി ഇടപഴകുന്ന സാഹചര്യം ഒഴിവാക്കാറുണ്ട്.
20-ാം നൂറ്റാണ്ടിലാണ് ഹൂഡെഡ് പിറ്റോഹിയുടെ വിഷാംശം ശാസ്ത്രീയമായി രേഖപ്പെടുത്തിയത്. 1980ല്‍ പപ്പുവ ന്യൂ ഗിനിയില്‍ പക്ഷികളെ ടാഗ് ചെയ്യുന്നതിനിടെ അമേരിക്കന്‍ പക്ഷിശാസ്ത്രജ്ഞന്‍ ജാക്ക് ഡംബാച്ചര്‍ അബദ്ധത്തില്‍ ഒരു പിറ്റോഹിയെ വായില്‍ പിടിച്ചുനിര്‍ത്തി. ഫീല്‍ഡ് ബയോളജിസ്റ്റുകള്‍ സാധാരണ ചെയ്യുന്ന ശീലമാണ്. ഉടന്‍തന്നെ ജാക്കിന്റെ ചുണ്ടുകളും നാവും മരവിച്ചു. പ്രദേശവാസികള്‍ പറഞ്ഞപ്പോഴാണ് ഈ പക്ഷിയുടെ ശരീരത്തില്‍ വിഷമുണ്ടെന്ന് ഗവേഷകര്‍ അറിയുന്നത്. സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ തൂവലുകളില്‍ ബാട്രാകോടോക്‌സിന്‍ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.