Thursday, March 12, 2026 Last Updated 15 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 08.57 AM

അതിജീവിതയ്‌ക്കെതിരേ പ്രതിയുടെ മകള്‍

ന്യൂഡല്‍ഹി: ഉന്നാവ്‌ കേസില്‍ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌തതിലൂടെ തന്റെ കുടുംബത്തിനു നീതി നിഷേധിക്കപ്പെട്ടെന്നു പ്രതി കുല്‍ദീപ്‌ സിങ്‌ സെന്‍ഗാറിന്റെ മകള്‍ ഐശ്വര്യ സെംഗാര്‍. വര്‍ഷങ്ങളായി തന്റെ കുടുംബം സമൂഹത്തില്‍ അധിക്ഷേപം നേരിടുകയാണ്‌. അന്തസ്സും സമാധാനവും ഹനിക്കപ്പെട്ടു. തങ്ങളുടെ ഭാഗവും കേള്‍ക്കപ്പെടുകയെന്ന അടിസ്‌ഥാനാവകാശം നിഷേധിക്കപ്പെട്ടെന്നും ഐശ്വര്യ ആരോപിച്ചു.
പീഡനം നടന്ന സമയത്തിന്റെ കാര്യത്തിലുള്‍പ്പെടെ അതിജീവിത പലവട്ടം മൊഴി മാറ്റിയിട്ടുണ്ട്‌. ആദ്യം ഉച്ചകഴിഞ്ഞ്‌ രണ്ടുമണിയെന്നു പറഞ്ഞു. പിന്നെയത്‌ ആറുമണിയും ഒടുവില്‍ എട്ടുമണിയുമായി. ഇത്തരം വൈരുദ്ധ്യങ്ങളൊന്നും വിചാരണാവേളയില്‍ പരിഗണിക്കപ്പെട്ടില്ല. സുപ്രീം കോടതിയില്‍ എതിര്‍വാദമുന്നയിക്കാന്‍ അവസരം ലഭിച്ചില്ല.
ബലാത്സംഗം നടന്നതായി പറയപ്പെടുന്ന 2017-ല്‍ അതിജീവിതയ്‌ക്കു 18 വയസ്‌ പൂര്‍ത്തിയായിരുന്നെന്ന്‌ എയിംസ്‌ മെഡിക്കല്‍ ബോര്‍ഡ്‌ കണ്ടെത്തിയതാണെന്നും ഐശ്വര്യ പറഞ്ഞു. ഫോണ്‍ കോള്‍ വിശദാംശങ്ങളും (സി.ഡി.ആര്‍) പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്കു വിരുദ്ധമാണ്‌. സംഭവസമയത്ത്‌ അതിജീവിത ആ സ്‌ഥലത്തുണ്ടായിരുന്നില്ലെന്നും അവര്‍ ആരെയോ ഫോണ്‍ ചെയ്യുകയായിരുന്നെന്നും സി.ഡി.ആര്‍. പ്രകാരം വ്യക്‌തമാണ്‌.
അതിജീവിതയുടെ പിതാവ്‌ കസ്‌റ്റഡിയില്‍ മരിക്കുമ്പോള്‍ കുല്‍ദീപ്‌ ആ പട്ടണത്തില്‍പോലുമില്ലായിരുന്നെന്ന്‌ ഐശ്വര്യ അവകാശപ്പെട്ടു. ആ കേസില്‍ ഗൂഢാലോചനാക്കുറ്റം മാത്രമാണ്‌ ചുമത്തപ്പെട്ടത്‌. കൊലപാതകത്തിനു നിരവധി സാക്ഷികളുണ്ടായിരുന്നെന്ന വാദവും നിഷേധിച്ച ഐശ്വര്യ, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനു മാധ്യമങ്ങളേയും പഴിച്ചു. എട്ടുവര്‍ഷമായി താന്‍ നീതിക്കുവേണ്ടി പോരാടുകയാണ്‌. അതിജീവിതയുടെ രണ്ട്‌ ബന്ധുക്കള്‍ മരിച്ച വാഹനാപകടക്കേസില്‍ തന്റെ കുടുംബത്തെ കോടതി കുറ്റമുക്‌തരാക്കിയതാണെന്നും ഐശ്വര്യ ചൂണ്ടിക്കാട്ടി.

ഹൈക്കോടതി ജഡ്‌ജിയെ പ്രതി സ്വാധീനിച്ചെന്ന്‌
അതിജീവിത

സുപ്രീം കോടതിയില്‍ വിശ്വാസമുണ്ടെന്നായിരുന്നു ഇന്നലെത്തെ വിധിക്കു മുമ്പ്‌ അതിജീവിതയുടെ പ്രതികരണം. തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നു യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. പ്രതി കുല്‍ദീപ്‌ സിങ്‌ ഒരു ഹൈക്കോടതി ജഡ്‌ജിയേയും അന്വേഷണോദ്യോഗസ്‌ഥനെയും പണം കൊടുത്ത്‌ സ്വാധീനിച്ചെന്ന ഗുരുതര ആരോപണവും അതിജീവിത ഉന്നയിച്ചു.
എം.എല്‍.എയായിരുന്നു എന്നതുകൊണ്ട്‌ കുല്‍ദീപിനെ വിചാരണക്കോടതി പൊതുസേവകനായി കണക്കാക്കിയതു ന്യായീകരിക്കാനാവില്ലെന്നും ഈ കേസില്‍ പോക്‌സോ ചുമത്താനാവില്ലെന്നുമായിരുന്നു ജസ്‌റ്റിസുമാരായ സുബ്രഹ്‌മണ്യം പ്രസാദും ഹരീഷ്‌ വൈദ്യനാഥനും ഉള്‍പ്പെട്ട ഹൈക്കോടതി ബെഞ്ചിന്റെ വിവാദ ഉത്തരവ്‌. കുല്‍ദീപ്‌ പൊതുസേവകനാണെന്നതു നിരസിച്ച ഹൈക്കോടതി, ഇതിനകം അനുഭവിച്ച ഏഴരവര്‍ഷം തടവുശിക്ഷ മതിയായതിലും കൂടുതലാണെന്ന നിരീക്ഷണവും നടത്തി. 15 ലക്ഷം രൂപയുടെ ആള്‍ജാമ്യം, ഡല്‍ഹിക്കു പുറത്തുപോകരുത്‌, അതിജീവിതയുടെ വീടിന്റെ അഞ്ച്‌ കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശിക്കരുത്‌ എന്നിവയായിരുന്നു ജാമ്യത്തിനുള്ള ഉപാധികള്‍.

Ads by Google
Tuesday 30 Dec 2025 08.57 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW