Saturday, March 14, 2026 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 08.47 AM

എറിഗാസിക്കും ഹംപിക്കും വെങ്കലപ്പെരുമ

uploads/news/2025/12/818091/3.jpg

ദോഹ: ലോക റാപിഡ്‌ ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അര്‍ജുന്‍ എറിഗാസിക്ക്‌ വെങ്കല മെഡല്‍. 9.5 പോയിന്റുമായാണ്‌ അര്‍ജുന്‍ ഫിനിഷ്‌ ചെയ്‌തത്‌്.
റാപിഡ്‌ ചാമ്പ്യനായ നോര്‍വേയുടെ മാഗ്നസ്‌ കാഴ്‌സനെക്കാള്‍ ഒരു പോയിന്റ്‌ മാത്രം പിന്നിലാണ്‌ എറിഗാസി. 13 ഗെയിമുകളുടെ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടെണ്ണം മാത്രമാണ്‌ ഇന്ത്യന്‍ ഗ്രാന്‍മാസ്‌റ്റര്‍ തോറ്റത്‌്. വെള്ളി മെഡല്‍ നേടിയ വ്‌ളാഡിസ്ലാവ്‌ അര്‍റ്റെമിയേവിനോടും തുര്‍ക്കിയുടെ ഫെനം യാഗിസ്‌ കാനോടുമാണ്‌ അര്‍ജുന്‍ എറിഗാസി തോറ്റത്‌. ഹാന്‍ നീമാന്‍, ലീനിയര്‍ ഡോമിന്‍ഗസ്‌ പെരസ്‌ എന്നിവരും 9.5 പോയിന്റ്‌ നേടിയെങ്കിലും അര്‍ജുന്‍ എറിഗാസിയുടെ പ്രകടന മികവ്‌ വെങ്കലത്തിലെത്തിച്ചു.
ലോക റാപിഡ്‌ ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ മാത്രം പുരുഷ താരമാണ്‌ എറിഗാസി. അഞ്ചു തവണ ലോക ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദാണ്‌ മുന്‍ഗാമി. വനിതകളില്‍ വെറ്ററന്‍ താരം കൊനേരു ഹംപിയും വെങ്കലം നേടി. സവിത ശ്രീ നാലാം സ്‌ഥാനത്തും വൈശായി രമേശ്‌ബാബു അഞ്ചാം സ്‌ഥാനത്തും ദിവ്യ ദേശ്‌മുഖ്‌ എട്ടാം സ്‌ഥാനത്തും ഫിനിഷ്‌ ചെയ്‌തു. മൂന്നാം സ്‌ഥാനക്കാരനായതോടെ അര്‍ജുന്‌ ടോട്ടല്‍ ചെസ്‌ ലോക ചാമ്പ്യന്‍ഷിപ്പ്‌ ടൂറില്‍ ഇടം ലഭിച്ചു. അടുത്ത വര്‍ഷം ഒക്‌ടോബറിലാണു ചാമ്പ്യന്‍ഷിപ്പ്‌.
അവസാന റൗണ്ട്‌ മത്സരത്തില്‍ ഹോളണ്ടിന്റെ ഗ്രാന്‍മാസ്‌റ്റര്‍ അനിഷ്‌ ഗിരിയുമായി സമനിലയില്‍ പിരിഞ്ഞതോടെയാണ്‌ കാഴ്‌സന്‍ ഒന്നാം സ്‌ഥാനം ഉറപ്പിച്ചത്‌. 13 റൗണ്ടുകളില്‍നിന്ന്‌ കാള്‍സന്‍ 10.5 പോയിന്റ്‌ നേടി. 10 ഗെയിമുകള്‍ ജയിച്ച കാഴ്‌സണ്‍ രണ്ട്‌ സമനിലകള്‍ വഴങ്ങി. ഒരു മത്സരം തോറ്റു. റഷ്യയുടെ വ്‌ളാഡിസ്ലാവ്‌ ആര്‍ട്ടെമീവാണ്‌ കാഴ്‌സനെ തോല്‍പ്പിച്ചത്‌.
ആറാം തവണയാണു കാഴ്‌സണ്‍ റാപിഡ്‌ ചാമ്പ്യനാകുന്നത്‌. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ നോര്‍വേ താരത്തിനു കിരീടം നിലനിര്‍ത്താനായില്ല. 9.5 പോയിന്റുള്ള ആര്‍ട്ടെമീവ്‌ രണ്ടാമതായി. വനിതാ വിഭാഗത്തില്‍ റഷ്യയുടെ അലക്‌സാഡ്ര ഗൊറൈകീന ഒന്നാമതെത്തി. കൊനേരു ഹംപിക്കും ചൈനയുടെ സു ചിന്നറിനും 8.5 പോയിന്റ്‌ വീതമായിരുന്നു. ആവറേജ്‌ റേറ്റിങ്‌ പ്രകാരമാണ്‌ ഹംപി മൂന്നാം സ്‌ഥാനത്തേക്കു പോയത്‌. ഇന്ത്യന്‍ താരങ്ങളില്‍ അരവിന്ദ്‌ ചിദംബരം 16-ാം സ്‌ഥാനത്തും മലയാളി താരം നിഹാല്‍ സരിന്‍ 19-ാം സ്‌ഥാനത്തും ഫിനിഷ്‌ ചെയ്‌തു. ലോക ചാമ്പ്യന്‍ ഡി. ഗുകേഷ്‌ 20-ാം സ്‌ഥാനത്താണു ഫിനിഷ്‌ ചെയ്‌തത്‌. പ്രാഗ്‌ജ്ഞാനന്ദയ്‌ക്ക് 28-ാം സ്‌ഥാനത്തു ഫിനിഷ്‌ ചെയ്യാനെ കഴിഞ്ഞുള്ളു. ലോക ബ്ലിറ്റ്‌സ് ചാമ്പ്യന്‍ഷിപ്പിലാണ്‌ ചെസ്‌ താരങ്ങള്‍ ഇനി കൈവയ്‌ക്കുക.

Ads by Google
Tuesday 30 Dec 2025 08.47 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW