-->
കൊച്ചി: സംസ്‌ഥാന സെന്‍ട്രല്‍ സ്‌കൂള്‍ കായികമേളയുടെ അഞ്ചാം പതിപ്പിലെ ആദ്യ ദിവസം തൃശൂരിന്റെ മുന്നേറ്റം. ഒന്‍പത് സ്വര്‍ണം, അഞ്ച് വീതം വെള്ളി, വെങ്കലം എന്നിവയടക്കം 174 പോയിന്റാണ് തൃശൂര്‍ നേടിയത്.
നിലവിലെ ചാമ്പ്യന്മാരായ എറണാകുളമാണ് രണ്ടാമത്. അഞ്ച് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 142 പോയിന്റാണ് എറണാകുളത്തിന്. ആറ് സ്വര്‍ണം, നാല് വീതം വെള്ളി, വെങ്കലം എന്നിവയടക്കം 103 പോയിന്റുമായി ഇടുക്കിയാണ് മൂന്നാം സ്‌ഥാനത്ത്. പാലക്കാട് (85), ആലപ്പുഴ (58), പത്തനംതിട്ട (55), കോഴിക്കോട് (44) എന്നിങ്ങനെയാണ് പോയിന്റ് നില. സ്‌കൂളുകളില്‍ അടിമാലി വിശ്വദീപ്‌തി പബ്ലിക് സ്‌കൂളാണ് മുന്നില്‍. 54 പോയിന്റാണ് സ്‌കൂള്‍ നേടിയത്. തൃശൂര്‍ പൂച്ചട്ടി ഭവന്‍സ് വിദ്യാലയമാണ് തൊട്ടുപിന്നില്‍. രണ്ട് സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലമടക്കം 38 പോയിന്റുള്ള ഇടുക്കി രാജകുമാരി സെന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂളാണ് മൂന്നാമത്. എറണാകുളം വടുതല ചിന്മയ വിദ്യാലയ (29), കടയിരിപ്പ് സെന്റ് പീറ്റേഴ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (26), തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ (23) എന്നിങ്ങനെയാണ് പോയിന്റ് പട്ടികയിലെ ആദ്യ സ്‌ഥാനക്കാര്‍. ഒരു ഇരട്ട സ്വര്‍ണം മാത്രമാണ് ഇന്നലെ പിറന്നത്. അടിമാലി വിശ്വദീപ്‌തി സി.എം.ഐ. പബ്ലിക് സ്‌കൂളിലെ ജെസ്‌ബിന്‍ ജെയിംസാണ് ഈ നേട്ടത്തിന് ഉടമ. അണ്ടര്‍ 19 ആണ്‍കുട്ടികളുടെ ലോംഗ് ജമ്പ്, 100 മീറ്റര്‍ ഓട്ടം എന്നിവയിലാണ് താരം പൊന്നണിഞ്ഞത്. പത്തനംതിട്ട ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ഭൂമിക സഞ്‌ജീവും തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഭാരതീയ വിദ്യാഭവനിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ദേവസായ് കൃഷ്‌ണയുമാണ് മീറ്റിലെ വേഗ താരങ്ങള്‍. സമാപനദിവസമായ ഇന്ന് 21 ഫൈനലുകള്‍ നടക്കും.