-->
രാജ്‌കോട്ട്: ബറോഡയ്‌ക്കെതിരേ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് എലൈറ്റ് ബി ഗ്രൂപ്പ് മത്സരത്തില്‍ ഉത്തര്‍പ്രദേശിന് 54 റണ്ണിന്റെ ജയം.
മൂന്നാം റൗണ്ട് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത യു.പി. ഏഴ് വിക്കറ്റിന് 369 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ബറോഡ 315 റണ്ണിന് ഓള്‍ഔട്ടായി. യു.പിക്കായി ഇന്ത്യന്‍ താരവും വിക്കറ്റ് കീപ്പറുമായ ധ്രുവ് ജൂറല്‍ (101 പന്തില്‍ എട്ട് സിക്‌സറും 15 ഫോറുമടക്കം പുറത്താകാതെ 160) തകര്‍പ്പന്‍ സെഞ്ചുറിയടിച്ചു.
നായകന്‍ റിങ്കു സിങ് (67 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ഫോറുമടക്കം 63), ഓപ്പണര്‍ അഭിഷേക് ഗോസ്വാമി (51 പന്തില്‍ രണ്ട് സിക്‌സറും ഏഴ് ഫോറുമടക്കം 51) എന്നിവര്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങി. പ്രശാന്ത് വീര്‍ (23 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 35), ആര്യന്‍ ജുയല്‍ (26) എന്നിവരും തിളങ്ങി. ബറോഡയ്‌ക്കായി നായകന്‍ ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യ (77 പന്തില്‍ രണ്ട് സിക്‌സറും 10 ഫോറുമടക്കം 82), ഓപ്പണര്‍ ശാശ്വത് റാവത് (69 പന്തില്‍ 60) എന്നിവര്‍ അര്‍ധ സെഞ്ചുറിയടിച്ചു. വിഷ്‌ണു സോളങ്കി (39 പന്തില്‍ ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം 43), അതീത് ഷാ (28 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമടക്കം 46) എന്നിവരും തിളങ്ങി. യു.പിക്കായി സീഷന്‍ അന്‍സാരി മൂന്ന് വിക്കറ്റും സമീര്‍ റിസ്‌വി, വിപ്രാജ് നിഗം എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കുനാല്‍ ത്യാഗി, റിങ്കു സിങ്, പ്രശാന്ത് വീര്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.