Wednesday, March 11, 2026 Last Updated 3 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 08.45 AM

ബാലമുരുകനെ 'പൂട്ടി' ക്യൂ ബ്രാഞ്ച്‌

uploads/news/2025/12/818083/1.jpg

തെങ്കാശി/തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനു സമീപത്തുവച്ച്‌ തമിഴ്‌നാട്‌ പോലീസ്‌ കസ്‌റ്റഡിയില്‍നിന്നും രക്ഷപ്പെട്ട കൊടുംകുറ്റവാളി ബാലമുരുകന്‍ പിടിയില്‍.
കൊലപാതകമടക്കം 53 കേസുകളില്‍ പ്രതിയായ ബാലമുരുകന്‍ നവംബര്‍ മൂന്നിനാണ്‌ വിയ്യൂര്‍ ജയിലിനു മുന്നില്‍നിന്നു രക്ഷപ്പെട്ടത്‌. രണ്ടുമാസം ഒളിവില്‍ കഴിഞ്ഞ ബാലമുരുകനെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെങ്കാശിയില്‍നിന്നാണ്‌ തമിഴ്‌നാട്‌ ക്യൂ ബ്രാഞ്ച്‌ പിടികൂടിയത്‌.
കേരളത്തില്‍ ഒരു കേസില്‍ ശിക്ഷ അനുഭവിക്കുന്ന ബാലമുരുകനെ തമിഴ്‌നാട്‌ കോടതിയില്‍ ഹാജരാക്കാന്‍ അവിടുന്നുള്ള പോലീസ്‌ സംഘം കൊണ്ടുപോയിരുന്നു. തിരികെ എത്തിക്കുന്ന സമയത്താണ്‌ ബാലമുരുകന്‍രക്ഷപ്പെട്ടത്‌.
ജയിലിനു സമീപത്തെ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിക്കുന്നതിനായി കൈവിലങ്ങഴിച്ചപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. അന്ന്‌ മുതല്‍ തമിഴ്‌നാട്‌ പോലീസ്‌ വ്യാപക തെരച്ചിലിലായിരുന്നു. പോലീസിന്റെ കണ്ണ്‌ വെട്ടിക്കാന്‍ ബാലമുരുകന്‍ വേഷം മാറി നടന്നു. ഇന്നലെ ഊട്ടുമല പോലീസ്‌ സ്‌റ്റേഷനില്‍ എത്തിച്ച പ്രതിയെ മധുര പാളയംകോട്ട്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. തൃശൂര്‍ സിറ്റി പോലീസിന്‌ പ്രതിയെ വൈകാതെ കൈമാറും. മുമ്പും ബാലമുരുകന്‍ പോലീസ്‌ കസ്‌റ്റഡിയില്‍നിന്നു രക്ഷപ്പെട്ടിട്ടുണ്ട്‌. തമിഴ്‌നാട്‌ കടയം സ്വദേശിയായ ബാലമുരുകനെ തമിഴ്‌നാട്ടിലെ കവര്‍ച്ചാകേസില്‍ 2021ല്‍ മറയൂരില്‍ നിന്നാണ്‌ കേരള പോലീസ്‌ പിടിച്ചത്‌.
ശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങിയ ബാലമുരുകന്‍ മറയൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ തുടര്‍ച്ചയായി മോഷണങ്ങള്‍ നടത്തി. 2023 സെപ്‌റ്റംബര്‍ 24 മുതല്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ബാലമുരുകന്‍. തെങ്കാശി ജില്ലയിലെ കടയം രാമനദി ഗ്രാമമാണ്‌ സ്വദേശം. വര്‍ഷങ്ങളോളം തമിഴ്‌നാട്ടില്‍ ഗുണ്ടാസംഘത്തലവനായിരുന്നു.

Ads by Google
Tuesday 30 Dec 2025 08.45 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW