-->
മാവേലിക്കര: എ.ബി.വി.പി. ചെങ്ങന്നൂര്‍ നഗര്‍ സമിതിയംഗം വിശാലിനെ കൊലപ്പെടുത്തിയ കേസില്‍ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്‌ജ് പി.പി. പൂജ ഇന്നു വിധി പറയും. 2012 ജൂലൈ 16 ന് ചെങ്ങന്നൂര്‍ ക്രിസ്‌ത്യന്‍ കോളജിന്റെ പ്രവേശന കവാടത്തിനു സമീപത്തുവച്ച് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ വിശാലിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്. കേസില്‍ 19 പ്രതികളാണുള്ളത്.
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യാന്‍ എ.ബി.വി.പി. ഒരുക്കിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിശാല്‍ കൊലചെയ്യപ്പെട്ടത്. വിശാലിനോടൊപ്പം സ്‌ഥലത്തുണ്ടായിരുന്ന വിഷ്‌ണു പ്രസാദ്, ശ്രീജിത്ത് എന്നിവരെയും അക്രമികള്‍ ഗുരുതരമായി പരുക്കേല്‍പ്പിച്ചിരുന്നു. ഇതിനുപുറമേ ആക്രമണം തടയാന്‍ ശ്രമിച്ച ഏഴോളം എ.ബി.വി.പി. പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. കുത്തേറ്റ വിശാലിനെ ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചെങ്ങന്നൂരും പരിസരത്തും നടത്തിയിരുന്ന ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ വിശാലും സുഹൃത്തുക്കളും ശക്‌തമായി എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് പടിക്കല്‍ പ്രധാനമായും വാദിച്ചത്. നാസിം, ആഷിഖ്, ഷെഫീഖ്, അന്‍സാര്‍ ഫൈസല്‍, ഷെഫീഖ്, ആസിഫ് മുഹമ്മദ്, നാസിം, സനൂജ്, അല്‍ത്താബ്, ഷെമീര്‍ റാവുത്തര്‍, സഫീര്‍, അഫ്‌സല്‍, അബ്‌ദുള്‍ വഹാബ്, ഫിബിന്‍ ഹബീബ്, ഷാജഹാന്‍ മൗലവി, നവാസ് ഷെരീഫ്, ഷെമീര്‍, സജീവ്, സലിം എന്നിവരാണു കേസിലെ പ്രതികള്‍.
സാക്ഷികളുടെ മൊഴികളും സംഭവസ്‌ഥലത്തുനിന്നു ലഭിച്ച മൂന്നാം പ്രതി ഷെഫീക്കിന്റെ തിരിച്ചറിയല്‍ കാര്‍ഡും സംഭവത്തിലെ പ്രധാന തെളിവുകളാണെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. 55 സാക്ഷികളെയും 205 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. സംഭവത്തിനുശേഷം ചെങ്ങന്നൂര്‍ കാരയ്‌ക്കാടിനു സമീപം പ്രതികള്‍ ഉപേക്ഷിച്ച ആയുധം പോലീസ് കണ്ടെടുത്തത് കോടതിയില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു.
ലോക്കല്‍ പോലീസിന്റെയും ൈക്രംബ്രാഞ്ചിന്റെയും ഉള്‍പ്പെടെ മൂന്നു ഡിവൈ.എസ്.പിമാരാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പ്രതികളുടെ അറസ്‌റ്റ് വൈകിയതിനെത്തുടര്‍ന്ന് ൈക്രംബ്രാഞ്ചിനു കൈമാറിയിരുന്നു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരേ ൈക്രംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.
ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലക്കാരായ പ്രതികള്‍ കൃത്യത്തിനുശേഷം കായംകുളത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുള്‍പ്പെടെ വിവിധ സ്‌ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. സാക്ഷികള്‍ തിരിച്ചറിയുന്നത് പരമാവധി ഒഴിവാക്കാന്‍ ഒരേ വിധത്തിലുള്ള വസ്‌ത്രം ധരിച്ചാണ് വിചാരണവേളയില്‍ പ്രതികള്‍ കോടതിയില്‍ ഹാജരായത്. എങ്കിലും സാക്ഷികള്‍ ഇവരെ കൃത്യമായി തിരിച്ചറിഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തോടനുബന്ധിച്ച് പന്തളത്തു നടന്ന അക്രമസംഭവങ്ങളില്‍ പങ്കെടുത്തതിന് പ്രതികളില്‍ ഒരാള്‍ക്കെതിരേ ഇതിനിടെ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. തുടര്‍ന്ന് ഈ പ്രതിയുടെ ജാമ്യം റദ്ദു ചെയ്‌തിരുന്നു. പ്രോസിക്യൂഷനുവേണ്ടി പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്‍പ്പ ശിവന്‍, ഹരീഷ് കാട്ടൂര്‍, മഹേശ്വര്‍ പടിക്കല്‍, നീരജ ഷാജി എന്നിവരാണു കോടതിയില്‍ ഹാജരാകുന്നത്.