Wednesday, March 11, 2026 Last Updated 50 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 11.39 AM

‘അച്ഛന്റെ ഫോണ്‍ കോള്‍ എന്നും പ്രതീക്ഷിക്കും, അദ്ദേഹത്തെ ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല’; കുറിപ്പുമായി ദിലീപ് ശങ്കറിന്റെ മകള്‍

-dileep-sankar
photo-www.instagram.com/deva._.dileep/

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനായിരുന്നു ദിലീപ് ശങ്കർ. അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി തുടങ്ങിയ സീരിയലുകളിൽ ശ്രദ്ദേയ കഥാപാത്രങ്ങളിൽ അഭിനയിച്ച നടൻ. കഴിഞ്ഞ വർഷം ‍ഡിസംബറിലാണ് നടനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സീരിയൽ ഷൂട്ടിങിനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു ദിലീപ്. എന്നാൽ രണ്ട് ദിവസമായിട്ടും മുറി തുറക്കാതെയായതോടെ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷമായി സീരിയല്‍, സിനിമാ രംഗത്ത് സജീവമായിരുന്നു ദിലീപ്. ജൂഡ് അട്ടിപ്പേറ്റിയുടെ റോസസ് അറ്റ് ഡിസംബര്‍ എന്ന സീരിയലിലൂടെയാണ് നടൻ അഭിനയ രംഗത്ത് എത്തിയത്.

തമിഴിൽ ഉള്‍പ്പെടെ അമ്പതിലേറെ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. മനോജ് സംവിധാനം ചെയ്യുന്ന പഞ്ചാഗ്‌നി എന്ന സീരിയലില്‍ അഭിനയിക്കാനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മരണം സംഭവിച്ചത്. നടന്റെ വേർപാടിന് ഒരു വർഷം തികയുമ്പോൾ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്റെ മകൾ ദേവ ദിലീപ്.

അച്ഛൻ പോയശേഷം ജീവിതം ആകെ മാറി മറിഞ്ഞുവെന്നും അച്ഛനെ ഓർക്കാത്ത ഒരു ദിവസം പോലും ജീവിതത്തിൽ ഇല്ലെന്നും ദേവ ദിലീപ് കുറിച്ചു. ‘കഴിഞ്ഞ ഒരു വർഷമായി അച്ഛാ... നിങ്ങളെ ഓർക്കാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. എന്റെ ഫോൺ ഓരോ തവണയും മുഴങ്ങുമ്പോൾ അത് നിങ്ങളായിരിക്കണമേ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ അതെല്ലാം ഒരു ദുസ്വപ്നം മാത്രമായി.

എന്റെ ചെറിയ നേട്ടങ്ങൾ പോലും നിങ്ങളോട് വിളിച്ച് പറയുന്നതിനെ ഞാൻ അത്രമേൽ മിസ് ചെയ്യുന്നു. എത്ര ചെറുതായാലും എന്റെ നേട്ടത്തിൽ എന്നേക്കാൾ അധികം ആവേശത്തോടെ സന്തോഷിച്ചിരുന്നത് നിങ്ങളായിരുന്നു. നിങ്ങൾ എപ്പോഴും എന്നെക്കുറിച്ച് അഭിമാനിച്ചിരുന്നു. അത് നിങ്ങൾ ചെയ്ത ഓരോ കാര്യത്തിലൂടെയും ഞാൻ അത് അനുഭവിച്ചിരുന്നു.

നിങ്ങളെ കാണാനായി ജോലി നിന്ന് ഒരു ദിവസമെങ്കിലും അവധി എടുത്ത് വീട്ടിലേക്ക് വരുമായിരുന്നു ആ സ്നേഹം... ഇപ്പോൾ വീട്ടിലേക്ക് പോകുമ്പോൾ എല്ലാം വ്യത്യസ്തമായി തോന്നുന്നു. നിങ്ങൾ പോയതിന് ശേഷം ഒന്നും പഴയപോലെയല്ല. എളുപ്പമായിരുന്നില്ല ഈ യാത്ര... എങ്കിലും നിങ്ങൾ എവിടെയോ നിന്നുകൊണ്ട് എന്നെ പുഞ്ചിരിയോടെ നോക്കിക്കൊണ്ടിരിക്കുമെന്ന് വിശ്വസിച്ച് ഞാൻ മുന്നോട്ട് പോവുകയാണ്.

എന്നിലും ദിച്ചുവിലും നിങ്ങളിലെ ചില സ്വഭാവങ്ങൾ ഞാൻ കാണുമ്പോൾ അത് എനിക്ക് വലിയ ആശ്വാസമാകുന്നു. ആരെങ്കിലും ഞാൻ നിങ്ങളെപ്പോലെ തന്നെയാണെന്ന് പറയുമ്പോൾ എന്റെ ഹൃദയം അല്പം കൂടി നിറയുന്നതുപോലെ തോന്നുന്നു. നിങ്ങളിലെ ഒരു ഭാഗം ഇപ്പോഴും എന്നോടൊപ്പമുണ്ടെന്നപോലെ. ഞാൻ നിങ്ങളെ വളരെയധികം മിസ് ചെയ്യുന്നു അച്ഛാ... ’എന്നായിരുന്നു കുറിപ്പ്. മകളെ കൂടാതെ ധ്രുവ് എന്ന ഒരു മകൻ കൂടി ദിലീപിനുണ്ട്.

കരൾ സംബന്ധമായ അസുഖങ്ങൾ ദിലീപിനെ അലട്ടിയിരുന്നു. പക്ഷെ ആരോ​ഗ്യം ശ്രദ്ധിക്കുന്നതിന് ദിലീപ് അത്ര പ്രാധാന്യം നൽകിയിരുന്നില്ലെന്നാണ് നടനുമായി സൗഹൃദം പുലര്‍ത്തിയിരുന്നവർ പറഞ്ഞത്. മരിക്കുമ്പോൾ അമ്പത് വയസായിരുന്നു പ്രായം. ചാപ്പാ കുരിശ്, നോർത്ത് 24 കാതം തുടങ്ങിയവയാണ് ദിലീപ് അഭിനയിച്ച സിനിമകളിൽ ചിലത്.

സിനിമ-സീരിയൽ അഭിനയം മാത്രമല്ല ബിസിനസിലും സജീവമായിരുന്നു നടൻ. റെഡി ടു ഈറ്റ് വിഭവങ്ങളുടെ ബിസിനസായിരുന്നു ദിലീപിന്. ചപ്പാത്തി, ദോശമാവ് തുടങ്ങിയവയായിരുന്നു പ്രധാനമായും നടന്റെ കമ്പിനി വിപണിയിൽ എത്തിച്ചിരുന്നത്. ഭാര്യ സുമയാണ് ബിസിനസ് കാര്യങ്ങൾ കൂടുതലും നോക്കിയിരുന്നത്.

Ads by Google
Monday 29 Dec 2025 11.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW