-->
ലണ്ടന്‍: വംശീയ വിവേചനം നേരിട്ടെന്ന പരാതിയില്‍ യു.കെയില്‍ ഇന്ത്യന്‍ വംശജന് 67,000 പൗണ്ട് (81 ലക്ഷത്തിലേറെ രൂപ) നഷ്‌ടപരിഹാരം. ലണ്ടനിലെ ഒരു കെ.എഫ്.സി. ഔട്ട്‌ലെറ്റില്‍ ജോലി ചെയ്‌തിരുന്ന തമിഴ്‌നാട് സ്വദേശി മാധേഷ് രവിചന്ദ്രനാണ് സ്‌ഥാപനത്തിന്റെ മാനേജരില്‍നിന്ന് അധിക്ഷേപം നേരിട്ടത്. തന്നെ അടിമയെന്നു വിളിച്ചെന്നും അധികസമയം ജോലിചെയ്യാന്‍ നിര്‍ബന്ധിച്ചെന്നും കാട്ടി രവിചന്ദ്രന്‍ നല്‍കിയ പരാതിയില്‍ ട്രിബ്യൂണല്‍ അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
2023 ജനുവരിയിലാണ് മാധേഷ് രവിചന്ദ്രന്‍ വെസ്‌റ്റ്‌വിക്കാമിലുള്ള കെ.എഫ്.സി. ശാഖയില്‍ ജോലിക്കു ചേര്‍ന്നത്. രണ്ടു മാസം കഴിഞ്ഞപ്പോള്‍ രവിചന്ദ്രന് അര്‍ഹതപ്പെട്ട അവധി മാനേജര്‍ നിഷേധിക്കാന്‍ തുടങ്ങി. കൂടുതല്‍ സമയം ജോലി ചെയ്യാനും നിര്‍ബന്ധിച്ചു. ഇതിനുപിന്നാലെ രവിചന്ദ്രനെ 'അടിമ'യെന്നു വിശേഷിപ്പിച്ച് മറ്റു ജീവനക്കാരോടു സംസാരിക്കുകയും ചെയ്‌തു. ഇതു കേട്ട രവിചന്ദ്രന്‍ രാജിവച്ചു.
പരാതിയില്‍ വാദം കേട്ട ട്രിബ്യൂണല്‍ ജഡ്‌ജി പോള്‍ അബോട്ട്, രവിചന്ദ്രന്‍ വംശീയ വിവേചനം നേരിട്ടതായി വ്യക്‌തമാക്കി. അവധി അപേക്ഷ നിരസിച്ചതും കൂടുതല്‍ സമയം ജോലിചെയ്യാന്‍ നിര്‍ബന്ധിച്ചതും വംശീയ വിവേചനത്തിന്റെ അടിസ്‌ഥാനത്തിലാണെന്നും കണ്ടെത്തി. തുടര്‍ന്നാണ് നഷ്‌ടപരിഹാരത്തിന് ഉത്തരവിട്ടത്.കെ.എഫ്.സി. ബ്രാഞ്ച് നടത്തുന്ന നെക്‌സസ് ഫുഡ്‌സ് ലിമിറ്റഡിലെ എല്ലാ ജീവനക്കാര്‍ക്കും ജോലിസ്‌ഥലത്തെ വിവേചനത്തെക്കുറിച്ചു പരിശീലനം നല്‍കാനും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു.ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്‌താനെ വിറപ്പിച്ചു.