-->
ന്യൂഡല്‍ഹി: വിവാദ പരാമര്‍ശങ്ങള്‍ക്കുശേഷം കോണ്‍ഗ്രസ് ആസ്‌ഥാനമായ ഇന്ദിരാ ഭവന്‍ സന്ദര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിങ്. കോണ്‍ഗ്രസിന്റെ സ്‌ഥാപക ദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം പാര്‍ട്ടി ആസ്‌ഥാനം സന്ദര്‍ശിച്ചത്. ദ്വിഗ്‌വിജയ് സിങ്ങിനെ കണ്ട രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ കൈകളില്‍ പിടിച്ച് തമാശരൂപേണ പറഞ്ഞു. 'നിങ്ങള്‍ ഇന്നലെ മോശമായി പെരുമാറി!'. അതോടെ ചുറ്റും നിന്ന നേതാക്കള്‍ക്കിടയില്‍, സോണിയാ ഗാന്ധി ഉള്‍പ്പെടെ ചിരി പൊട്ടി. നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ദ്വിഗ്‌വിജയ് സിങ്ങിനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഗാന്ധിജിയുടെ സംഘടനയ്‌ക്ക് ഗോഡ്‌സെയുടെ സംഘടനയില്‍നിന്ന് ഒന്നും പഠിക്കാനില്ലെന്നായിരുന്നു മുതിര്‍ന്ന നേതാവ് പവന്‍ ഖേരയുടെ മറുപടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ദ്വിഗ്‌വിജയ് സിങ്ങിന്റെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ചു. 'കോണ്‍ഗ്രസ് കഴിഞ്ഞു എന്ന് പറയുന്നവരോട്, ഞാന്‍ പറയുന്നു... അധികാരം കുറവായിരിക്കാം, പക്ഷേ ഞങ്ങളുടെ നട്ടെല്ല് ഇപ്പോഴും നിവര്‍ന്നതാണ്. ഞങ്ങള്‍ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയാറായിട്ടില്ല... ഭരണഘടനയുടെ കാര്യത്തിലോ, മതേതരത്വത്തിന്റെ കാര്യത്തിലോ, പാവപ്പെട്ടവരുടെ അവകാശങ്ങളുടെ കാര്യത്തിലോ. ഞങ്ങള്‍ അധികാരത്തിലില്ലെങ്കിലും, ഞങ്ങള്‍ വിട്ടുവീഴ്‌ച ചെയ്യില്ല.' - അദ്ദേഹം പറഞ്ഞു.