-->
തിരുവനന്തപുരം: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ജനുവരി രണ്ടു മുതല്‍ എട്ടു വരെ നടക്കുന്ന ദേശീയ സ്‌കൂള്‍ ഗെയിംസ് സീനിയര്‍, സബ് ജൂനിയര്‍ ഗേള്‍സ് ഹോക്കി ചാമ്പ്യന്‍ഷിന് കേരളാ ടീമുകള്‍ ഒരുങ്ങുന്നു.
കൊല്ലം ഇന്റര്‍നാഷണല്‍ ഹോക്കി സ്‌റ്റേഡിയം, തിരുവനന്തപുരം ജി.വി.രാജാ സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടന്ന സംസ്‌ഥാന സ്‌കൂള്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് പങ്കെടുത്ത 500 കുട്ടികളില്‍നിന്നു തെരഞ്ഞെടുത്ത 36 താരങ്ങളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ അഞ്ചു ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം നാളെ ടീമുകള്‍ ഗ്വാളിയോറിലേക്ക് പുറപ്പെടും. ക്യാമ്പ് ജി.വി.രാജാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുരേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യന്‍ ഹോക്കി ലെവല്‍ ടു കോച്ചും മലപ്പുറം ജില്ലാ ഹോക്കി സെക്രട്ടറിയും കേരളാ ടീം പരിശീലകനുമായിരുന്ന ഡോ.മുഹമ്മദ് ഷറഫുദ്ദീന്‍ രസ്വവിയാണ് സീനിയര്‍ വിഭാഗം ടീമിന്റെ പരിശീലകന്‍. എസ്. സന്ദീപ് (ആലപ്പുഴ) സബ് ജൂനിയര്‍ താരങ്ങളെ പരിശീലിപ്പിക്കും. എസ്. സരിഗ (ആലപ്പുഴ), എ.ജെ.മേധ (ത്രിശൂര്‍) എന്നിവര്‍ യഥാക്രമം സീനിയര്‍, സബ് ജൂനിയര്‍ ടീമുകളുടെ മാനേജര്‍മാരാണ്.
ദേശീയ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് പരിശീലകരും താരങ്ങളുമെന്ന് സംസ്‌ഥാന സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ എസ്.ഹരീഷ് അറിയിച്ചു.