Thursday, March 12, 2026 Last Updated 18 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 28 Dec 2025 10.45 AM

ഇന്ത്യക്ക്‌ മുന്നറിയിപ്പുമായി യു.എസ്‌. അരുണാചലിനെ ചൈന ലക്ഷ്യമിടുന്നു

uploads/news/2025/12/817846/2.jpg

വാഷിങ്‌ടണ്‍: ചൈന തങ്ങളുടെ 'പ്രധാന താല്‍പ്പര്യങ്ങളുടെ' പട്ടികയില്‍ അരുണാചല്‍ പ്രദേശിനെ ഉള്‍പ്പെടുത്തിയതായി ഇന്ത്യക്ക്‌ യു.എസിന്റെ മുന്നറിയിപ്പ്‌. ഇന്ത്യയും ചൈനയും കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന സൈനിക പ്രതിസന്ധി ഔദ്യോഗികമായി അവസാനിപ്പിച്ചെങ്കിലും, അരുണാചല്‍ പ്രദേശ്‌ വിഷയം വീണ്ടും ഒരു തര്‍ക്കവിഷയമാക്കി നിലനിര്‍ത്താന്‍ ചൈന ശ്രമിക്കുന്നതായി യു.എസ്‌. പ്രതിരോധ വകുപ്പ്‌ (പെന്റഗണ്‍) പുറത്തിറക്കിയ റിപ്പോര്‍ട്ട്‌ പറയുന്നു.
'പ്രധാന താല്‍പ്പര്യങ്ങളുടെ' പട്ടികയില്‍ തായ്‌വാനു തുല്യമായ സ്‌ഥാനമാണു ചൈന അരുണാചല്‍ പ്രദേശിനു നല്‍കിയിട്ടുള്ളത്‌. തായ്‌വാന്‍ പിടിച്ചെടുക്കുമെന്നു ചൈന പലതവണ പ്രഖ്യാപിച്ചിട്ടുണ്ട്‌.
2049ഓടെ 'ദേശീയ പുനരുജ്‌ജീവന'മാണു ചൈനയുടെ ലക്ഷ്യം. അരുണാചല്‍ പ്രദേശ്‌, തായ്‌വാന്‍, ദക്ഷിണ ചൈനാ കടലിലെ കേന്ദ്രങ്ങള്‍ എന്നിവയുടെ നിയന്ത്രണം ആ ലക്ഷ്യത്തിന്റെ ഭാഗമാണ്‌. സമീപ ഭാവിയില്‍ ഈ നിലപാട്‌ ഇന്ത്യ- ചൈന ബന്ധങ്ങളില്‍ വലിയ വിള്ളലുണ്ടാക്കുമെന്നാണു പെന്റഗണിന്റെ നിരീക്ഷണം.
'ദേശീയ പുനരുജ്‌ജീവന' പദ്ധതിയുടെ ഭാഗമായി, ചൈന ആഗോള തലത്തില്‍ തങ്ങളുടെ സ്വാധീനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. 'യുദ്ധങ്ങളില്‍ പോരാടാനും വിജയിക്കാനും' കഴിവുള്ള ലോകോത്തര സൈന്യവും അവരുടെ ലക്ഷ്യമാണ്‌.
കഴിഞ്ഞ വര്‍ഷം, കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സൈനിക പിന്മാറ്റത്തിനായി ഇന്ത്യയും ചൈനയും ഉടമ്പടിയിലെത്തിയിരുന്നു. ഇത്‌ അതിര്‍ത്തിയില്‍ താരതമ്യേന ശാന്തമായ ഒരു കാലഘട്ടം കൊണ്ടുവന്നു. എങ്കിലും, മാസങ്ങളോളം ശാന്തത പുലര്‍ത്തിയതിനു ശേഷം, അടുത്തിടെ അരുണാചല്‍ പ്രദേശിനെച്ചൊല്ലി വീണ്ടും സംഘര്‍ഷം ഉടലെടുത്തിട്ടുണ്ട്‌.കഴിഞ്ഞ മാസം ലണ്ടനില്‍നിന്ന്‌ ജപ്പാനിലേക്ക്‌ യാത്ര ചെയ്യുകയായിരുന്ന ഇന്ത്യന്‍ പൗരയായ പ്രേമ തോങ്‌ഡോക്കിനെ ഷാങ്‌ഹായിലെ ഒരു ട്രാന്‍സിറ്റ്‌ സ്‌റ്റോപ്പില്‍ 18 മണിക്കൂര്‍ തടഞ്ഞുവച്ചു. തോങ്‌ഡോക്കിന്റെ അഭിപ്രായത്തില്‍, അരുണാചല്‍ പ്രദേശിനെ അവരുടെ ജന്മസ്‌ഥലമായി പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയതിനാല്‍ ചൈനീസ്‌ അധികാരികള്‍ ഇടപെടുകയായിരുന്നു. അവരുടെ പാസ്‌പോര്‍ട്ട്‌ ചൈനീസ്‌ ഉദ്യോഗസ്‌ഥര്‍അസാധുവായി പ്രഖ്യാപിച്ചു. തടവിലായിരുന്ന സമയത്ത്‌, അവര്‍ക്ക്‌ ഭക്ഷണവും അടിസ്‌ഥാന വിമാനത്താവള സൗകര്യങ്ങളും നിഷേധിക്കപ്പെട്ടു.
യു.കെ. ആസ്‌ഥാനമായുള്ള ഒരു സുഹൃത്തിന്റെ സഹായത്തോടെ ഷാങ്‌ഹായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞതിനുശേഷമാണ്‌ അവര്‍ക്കു യാത്ര തുടരാന്‍ അനുവാദം ലഭിച്ചത്‌.
ഈ ആഴ്‌ച ആദ്യം, അരുണാചല്‍ പ്രദേശിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി വിശേഷിപ്പിച്ച്‌ ഒരു വീഡിയോ പോസ്‌റ്റ്‌ ചെയ്‌ത ഒരു യൂട്യൂബറെയും ചൈന തടഞ്ഞുവച്ചു. തോങ്‌ഡോക്കിനെ പിന്തുണച്ചാണ്‌ ഈ വീഡിയോ നിര്‍മിച്ചത്‌.
ചൈന അരുണാചല്‍ പ്രദേശിനെ തങ്ങളുടെ പ്രദേശമായി അവകാശപ്പെടുന്നു. ഈ പ്രദേശത്തെ 'ദക്ഷിണ ടിബറ്റ്‌' അല്ലെങ്കില്‍ 'സാങ്‌നാന്‍' എന്നാണ്‌ അവര്‍ വിശേഷിപ്പിക്കുന്നത്‌. 1914ല്‍ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ബ്രിട്ടീഷ്‌ ഇന്ത്യയും അന്ന്‌ സ്വതന്ത്രമായിരുന്ന ടിബറ്റും തമ്മില്‍ അതിര്‍ത്തി നിശ്‌ചയിച്ച മക്‌മോഹന്‍ രേഖ ചൈന അംഗീകരിക്കുന്നില്ല.
അരുണാചല്‍ പ്രദേശിനുള്ളില്‍, ത്വംഗ്‌ പ്രദേശം ചൈനയ്‌ക്ക്‌ പ്രത്യേക തന്ത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യമുണ്ട്‌. തുടക്കത്തില്‍, ചൈനയുടെ അവകാശവാദങ്ങള്‍ ത്വംഗില്‍ മാത്രം പരിമിതമായിരുന്നു. പിന്നീട്‌ അരുണാചല്‍ പ്രദേശിന്റെ പൂര്‍ണ നിയന്ത്രണം അവരുടെ ലക്ഷ്യമായി.
ഇന്ത്യയുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായി അരുണാചല്‍ പ്രദേശിലെ സ്‌ഥലങ്ങള്‍ക്ക്‌ അവര്‍ ഇടയ്‌ക്കിടെ പുതിയ പേരുകള്‍ നല്‍കാറുണ്ട്‌.
അരുണാചല്‍ പ്രദേശിലെ ചൈനയുടെ തന്ത്രത്തെക്കുറിച്ചുള്ള യു.എസ്‌ ശ്രദ്ധ വര്‍ധിക്കുന്നത്‌ പ്രധാനമാണെന്ന്‌ മുന്‍ നയതന്ത്രജ്‌ഞന്‍ മഹേഷ്‌ സച്ച്‌ദേവ്‌ അഭിപ്രായപ്പെട്ടു.

Ads by Google
Sunday 28 Dec 2025 10.45 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW