-->
ന്യൂഡല്‍ഹി: ആര്‍.എസ്.എസിനെ പ്രശംസിച്ചു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ദ്വിഗ്‌വിജയ സിങ്. ബി.ജെ.പിയും ആര്‍.എസ്.എസും അണികള്‍ക്കിടയില്‍നിന്നു വളര്‍ന്നു വന്നവരെ ഉന്നത സ്‌ഥാനങ്ങളില്‍ എത്തിക്കുന്നതിനെയാണ് അദ്ദേഹം പ്രശംസിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനിയും ഒരുമിച്ചുള്ള 1996ലെ ഒരു ചിത്രം പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ സാമൂഹിക മാധ്യമക്കുറിപ്പ്. മോദിയുടെ സംഘടനാരംഗത്തെ പ്രവര്‍ത്തനങ്ങളില്‍നിന്നു മുഖ്യമന്ത്രി പദവിയിലേക്കും പിന്നീട് പ്രധാനമന്ത്രി പദവിയിലേക്കുമുള്ള വളര്‍ച്ചയെ സംഘടന നല്‍കുന്ന കരുതലിന്റെ ഉദാഹരണമായി ദ്വിഗ്‌വിജയ സിങ് ചൂണ്ടിക്കാട്ടി.
'ഈ ചിത്രം എനിക്ക് ഒരു വെബ് സൈറ്റില്‍നിന്നാണ് ലഭിച്ചത്. വളരെ ശക്‌തമായ ചിത്രമാണിത്. ആര്‍.എസ്.എസിലെ സാധാരണ പ്രവര്‍ത്തകരും ജനസംഘത്തിലെ അംഗങ്ങളും മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരുമെല്ലാം ആകുന്നത് സംഘടനയുടെ ശക്‌തിയെയാണ് പ്രതിഫലിപ്പിക്കുന്നത്. ജയ് സിയ റാം' - അദ്ദേഹം എഴുതി.
അദ്ദേഹം പങ്കിട്ട ചിത്രം ശങ്കര്‍സിങ് വാഘേലയുടെ 1996ലെ സത്യപ്രതിജ്‌ഞാ ചടങ്ങില്‍നിന്നുള്ളതാണെന്നാണു റിപ്പോര്‍ട്ട്. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുന്നതു കാണാനാണു മോദിയും അദ്വാനിയുമെത്തിയത്. അദ്വാനി കസേരയിലിരിക്കുന്നതായാണു ചിത്രത്തിലുള്ളത്. അന്നത്തെ യുവനേതാവായ മോദി അദ്ദേഹത്തിന്റെ സമീപം തറയില്‍ ഇരിക്കുന്നതായി കാണാം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (സി.ഡബ്ല്യു.സി) യോഗം ഡല്‍ഹിയില്‍ നടക്കുന്നതിനിടെയാണു ദ്വിഗ്‌വിജയ സിങ്ങിന്റെ സാമൂഹിക മാധ്യമ പോസ്‌റ്റ് ശ്രദ്ധ നേടിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാധ്‌ര എന്നിവരെയും അദ്ദേഹം ടാഗ് ചെയ്‌തിരുന്നു. പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തെ ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ എന്ന ഊഹാപോഹങ്ങള്‍ക്കിടയാക്കി.
അദ്ദേഹം ബി.ജെ.പി.യെയോ ആര്‍.എസ്.എസിനെയോ പ്രശംസിച്ചില്ലെന്നു കോണ്‍ഗ്രസ് എം.പി. കുമാരി സെല്‍ജ പറഞ്ഞു.
ഈ മാസം ആദ്യം, രാഹുല്‍ ഗാന്ധിയോട് കോണ്‍ഗ്രസിനുള്ളില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാനും കൂടുതല്‍ വികേന്ദ്രീകൃതമായ സമീപനം സ്വീകരിക്കാനും ദ്വിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടിരുന്നു. 'നിങ്ങളെ ബോധ്യപ്പെടുത്താന്‍ എളുപ്പമല്ല എന്നതാണ് ഏക പ്രശ്‌നം'- എന്ന കുത്തുവാക്കും ആ സന്ദേശത്തിലുണ്ടായിരുന്നു.
ദ്വിഗ്‌വിജയ സിങ്ങിന്റെ പരാമര്‍ശങ്ങളോട് രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്നു ബി.ജെ.പി. വക്‌താവ് സി.ആര്‍. കേശവന്‍ ആവശ്യപ്പെട്ടു. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നു ദ്വിഗ്‌വിജയ് സിങ് പിന്നീട് പ്രതികരിച്ചു.
'ഞാന്‍ കോണ്‍ഗ്രസുകാരനാണ്, എന്നാല്‍ ആര്‍.എസ്.എസിനെയും പ്രധാനമന്ത്രിയെയും (നരേന്ദ്ര മോദി) എതിര്‍ക്കുന്ന വ്യക്‌തിയാണ്. ഞാന്‍ ആര്‍.എസ്.എസിന്റെ സംഘടനയുടെ ശക്‌തിയെയാണ് പ്രശംസിച്ചത്. ബി.ജെ.പി.യുടെയും ആര്‍.എസ്.എസിന്റെയും നയങ്ങളെ ഞാന്‍ എപ്പോഴും എതിര്‍ത്തിട്ടുണ്ട്' - അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ വെല്ലുവിളികള്‍ നേരിടുന്നതിനിടയിലാണു ദ്വിഗ്‌വിജയ് സിങ്ങിന്റെ പോസ്‌റ്റുകള്‍ വരുന്നത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ രാജ്യസഭ കാലയളവ് അടുത്ത വര്‍ഷം ആദ്യം അവസാനിക്കും. മൂന്നാം തവണ മത്സരിക്കാന്‍ സാധ്യതയില്ല. കമല്‍നാഥും മീനാക്ഷി നടരാജനും ഇതിനകം രാജ്യസഭയിലേക്ക് മുന്‍ഗണനയിലുണ്ട്, അദ്ദേഹത്തിന്റെ സീറ്റിലേക്ക് അവര്‍ക്ക് സാധ്യതയുണ്ട്. ഇതിന് പുറമെ, മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിത്തു പട്‌വരിയും നിയമസഭാ പാര്‍ട്ടി നേതാവ് ഉമാംഗ് സിംഗാറും 'ദ്വിഗ്‌വിജയ് വിരുദ്ധ' നേതാക്കളായി കണക്കാക്കപ്പെടുന്നു.