Friday, March 13, 2026 Last Updated 24 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 28 Dec 2025 10.41 AM

ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ നാലാമത്തെ മത്സരം ഇന്ന്‌

തിരുവനന്തപുരം: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ നാലാമത്തെ മത്സരം ഇന്നു നടക്കും. ഗ്രീന്‍ഫീല്‍ഡ്‌ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ഏഴ്‌ മുതലാണു മത്സരം.
ആദ്യ മൂന്ന്‌ മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. സമ്പൂര്‍ണ ജയമാണ്‌ ഇന്ത്യയുടെ ലക്ഷ്യമെങ്കില്‍ ആശ്വാസ ജയത്തിനാണു ശ്രീലങ്കന്‍ വനിതകള്‍ കളിക്കുക. ഓള്‍റൗണ്ട്‌ മികവാണ്‌ ഇന്ത്യന്‍ ടീമിന്റെ പ്രധാന കരുത്ത്‌. ദീപ്‌തി ശര്‍മയുടെയും രേണുക സിങ്‌ ഠാക്കൂറിന്റെയും ബൗളിംഗ്‌ പ്രകടനമാണ്‌ ഗ്രീന്‍ഫീല്‍ഡ്‌ പിച്ചില്‍ ഇന്ത്യക്ക്‌ മുന്‍തൂക്കം നല്‍കുന്നത്‌. ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ തകര്‍പ്പന്‍ ഫോമാണ്‌ ബാറ്റിങ്ങില്‍ ഇന്ത്യയുടെ ആത്മവിശ്വാസം. വിശാഖപട്ടണത്തെ രണ്ടാം മത്സരത്തിലും കാര്യവട്ടത്തെ മൂന്നാം മത്സരത്തിലും ഷഫാലി സുന്ദരമായ ബാറ്റിങ്‌ വിരുന്നാണ്‌ ആരാധകര്‍ക്ക്‌ സമ്മാനിച്ചത്‌. ആദ്യ മത്സരത്തില്‍ ജെമീമ റോഡ്രിഗസിന്റെ മികവിലായിരുന്നു ഇന്ത്യയുടെ ജയം. ഉപനായികയും സൂപ്പര്‍ താരവുമായ സ്‌മൃതി മന്ദനയ്‌ക്ക് പരമ്പരയില്‍ മികവിലേക്കുയരാന്‍ കഴിയാത്തതു
ചെറിയ നിരാശയാണ്‌. ബാറ്റിങ്‌ നിരയുടെ പരാജയമാണ്‌ ശ്രീലങ്കയെ വലയ്‌ക്കുന്നത്‌. ബാറ്റര്‍മാര്‍ ചെറിയ സ്‌കോറുകള്‍ക്ക്‌ പുറത്താകുന്നതും ഫീല്‍ഡിങ്ങിലെ പിഴവുകളും അവര്‍ക്ക്‌ തലവേദനയാണ്‌. വിഷ്‌മി ഗുണരത്‌നെയ്‌ക്കു പകരം ഹസിനി പെരേരയെ ഓപ്പണറായി കയറ്റിയത്‌ തിരിച്ചടിച്ചിരുന്നു. ചാമരി അട്ടപ്പാട്ടുവിനു ജോഡിയായാണു ഹസിനി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്‌. രേണുകയെ തുടരെ രണ്ടു തവണ അതിര്‍ത്തി കടത്തിയാണു ഹസിനി തുടങ്ങിയത്‌. അരുന്ധതി റെഡ്‌ഡിക്കു പകരം ടീമിലെത്തിയ രേണുക തുടക്കത്തില്‍ റണ്‍ വഴങ്ങിയെങ്കിലും നാല്‌ വിക്കറ്റെടുത്തു ലങ്കയെ തകര്‍ത്തു.
കഴിഞ്ഞ മത്സരത്തില്‍ എട്ട്‌ വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. തലസ്‌ഥാനത്തെ ക്രിക്കറ്റ്‌ പ്രേമികളില്‍നിന്നു വലിയ പിന്തുണയാണ്‌ മത്സരത്തിനു ലഭിക്കുന്നത്‌. 8000 കാണികളാണു മൂന്നാം ട്വന്റി20 കാണാനെത്തിയത്‌. അവസാന മത്സരം 30 നു നടക്കും.
ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത്‌ കൗര്‍ (നായിക), സ്‌മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ക്രാന്തി ഗൗഡ്‌, റിച്ച ഘോഷ്‌, ഗുനാലന്‍ കമാലിനി, അമന്‍ജോത്‌ കൗര്‍, സ്‌നേഹ്‌ റാണ, അരുന്ധതി റെഡ്‌ഡി, രേണുക സിങ്‌, ജെമീമ റോഡ്രിഗസ്‌, ഷഫാലി വര്‍മ, ദീപ്‌തി ശര്‍മ, ശ്രീ ചരണി, വൈഷ്‌ണവി ശര്‍മ.
ശ്രീലങ്കന്‍ ടീം: ചാമരി അട്ടപ്പാട്ടു (നായിക), ഹര്‍ഷിത സമരവിക്രമെ, കവിഷ ദില്‍ഹരി, ഇമേഷ ദുലാനി, ഷാഷിനി ജിംഹാനി, വിഷ്‌മി ഗുണരത്‌നെ, കൗശിനി നുത്യനങ്ക, കാവ്യ കാവിന്ദി, മല്‍കി മദാര, നിമാഷ മീപഗെ, ഹസിനി പെരേര, ഇനോക സെവന്ദി, മല്‍ഷ ഷെഹാനി, മല്‍ഷ ഷെഹാനി, നിലാക്ഷിക സില്‍വ.

Ads by Google
Sunday 28 Dec 2025 10.41 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW