-->
മുംബൈ: മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തില്‍ വീണ്ടും ഒന്നിക്കാനൊരുങ്ങി ശരത് പവാറിന്റെയും അജിത് പവാറിന്റെയും നേതൃത്വത്തിലുള്ള എന്‍.സി.പി. വിഭാഗങ്ങള്‍. ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബി.എം.സി), പുനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്നിവയുള്‍പ്പെടെ 29 തദ്ദേശസ്‌ഥാപനങ്ങളിലേക്ക് അടുത്തമാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് രണ്ട് 'പവാര്‍ പാര്‍ട്ടി'കളുടെയും സഖ്യനീക്കം.
കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷമുന്നണിയില്‍ ശരത് പവാറും ബി.ജെ.പി. നയിക്കുന്ന ഭരണമുന്നണിയില്‍ സംസ്‌ഥാന ഉപമുഖ്യമന്ത്രി കൂടിയായ അജിത് പവാറും അസംതൃപ്‌തരാണെന്ന സൂചനകള്‍ക്കിടെയാണ് പുതിയ രാഷ്‌ട്രീയനീക്കങ്ങള്‍. പുനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ സംബന്ധിച്ച ചര്‍ച്ചകളാണ് പവാറും അനന്തരവന്‍ അജിത്തും തമ്മില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് നടന്നത്.
അജിത് പവാര്‍ 2023 ജൂലൈയിലാണ് എന്‍.സി.പി. പിളര്‍ത്തി 18 എം.എല്‍.എമാരുമായി ബി.ജെ.പി. മുന്നണിയിലെത്തിയത്. മുന്‍മന്ത്രി നവാബ് മാലിക്കിനെ മുന്‍നിര്‍ത്തി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് നേരിടാനുള്ള അജിത് പവാറിന്റെ നിര്‍ദേശത്തെ ബി.ജെ.പി. എതിര്‍ത്തതാണ് ഇപ്പോഴത്തെ ഭിന്നതയ്‌ക്കു കാരണം.
ഉദ്ധവ്, രാജ് താക്കറെമാര്‍ ഒന്നിച്ചതോടെ, കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട മഹാവികാസ് അഘാഡി സഖ്യത്തില്‍ ഒതുക്കപ്പെടുന്നുവെന്ന വികാരമാണ് ശരത് പവാറിന്റെ അതൃപ്‌തിക്കു കാരണം. ബി.എം.സി. തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്കു മത്സരിക്കുമെന്നതാണ് കോണ്‍ഗ്രസ് നിലപാട്. സീറ്റ് വിഭജന ചര്‍ച്ചകളില്‍ ശരത് പവാറിന്റെ കക്ഷിക്കു വേണ്ടത്ര പരിഗണന കിട്ടിയില്ല.
ഒറ്റയ്‌ക്കു മത്സരിച്ച് കരുത്ത് തെളിയിക്കാമെന്ന നിലപാട് അജിത് പവാറിനുമുണ്ടെങ്കിലും ബി.എം.സിയില്‍ അവിഭക്‌ത എന്‍.സി.പിയായി മത്സരിക്കുമോയെന്നും വ്യക്‌തമല്ല. കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി. മത്സരിച്ച 59 സീറ്റുകളില്‍ 41 ഇടത്തും വിജയിച്ചിരുന്നു.