-->
ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതി കുല്‍ദീപ് സെംഗാറിന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരേ ഡല്‍ഹി ഹൈക്കോടതിക്കു മുന്നില്‍ പ്രതിഷേധം. അതിജീവിതയുടെ അമ്മയ്‌ക്കും ആക്‌ടിവിസ്‌റ്റ് യോഗിതാ ഭയാനയ്‌ക്കുമൊപ്പം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരാണ് കോടതിക്കു മുന്നില്‍ പ്രതിഷേധവുമായി അണിനിരന്നത്.
ഹൈക്കോടതിയെ മുഴുവനായി കുറ്റപ്പെടുത്തുന്നില്ലെന്നും രണ്ട് ജഡ്‌ജിമാരുടെ തീരുമാനമാണ് തങ്ങളുടെ വിശ്വാസം നഷ്‌ടപ്പെടുത്തിയതെന്നും അതിജീവിതയുടെ മാതാവ് പറഞ്ഞു. പ്രതിക്കു ജാമ്യം നല്‍കിയത് തങ്ങളുടെ കുടുംബത്തോടുള്ള അനീതിയാണ്. സുപ്രീം കോടതിയില്‍ വിശ്വാസമുണ്ടെന്നും അപ്പീല്‍ നല്‍കുമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
2019 ഡിസംബറിലെ വിചാരണക്കോടതി വിധിക്കെതിരേ പ്രതി സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പാക്കുന്നതു മാറ്റിവച്ചാണ് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ചൊവ്വാഴ്‌ച ജാമ്യം അനുവദിച്ചത്. കേസില്‍ ഇയാള്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരുകയായിരുന്നു. അതിജീവിതയുടെ വീടിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശിക്കരുത്, അതിജീവിതയേയോ മാതാവിനെയോ ഭീഷണിപ്പെടുത്തരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം. അതേസമയം, അതിജീവിതയുടെ പിതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ 10 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്നതിനാല്‍ ബി.ജെ.പി. മുന്‍ എം.എല്‍.എ. കൂടിയായ കുല്‍ദീപ് സെംഗാറിന് ഉടന്‍ പുറത്തിറങ്ങാനാവില്ല.