-->
ജയ്‌പുര്‍: രാജസ്‌ഥാനിലെ ഉദയ്‌പുരില്‍ ഐടി കമ്പനിയുടെ വനിതാ മാനേജരെ ബലാല്‍സംഗം ചെയ്‌ത കേസില്‍ കമ്പനിയുടെ സി.ഇ.ഒ, വനിതാ എക്‌സിക്യൂട്ടീവ് മേധാവി, ഭര്‍ത്താവ് എന്നിവരെ അറസ്‌റ്റ് ചെയ്‌തു. ഒരു പിറന്നാള്‍ പാര്‍ട്ടി കഴിഞ്ഞു വീട്ടില്‍ വിടാമെന്നു പറഞ്ഞു കാറില്‍ കയറ്റിക്കൊണ്ടുപോയായിരുന്നു പീഡനം. അറസ്‌റ്റിലായ മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കി. ഇവരെ നാലു ദിവസം പോലീസ് കസ്‌റ്റഡയില്‍ വിട്ടു.
ഈ മാസം 20 നാണ് സംഭവം നടന്നത്. പോലീസ് പറയുന്നതനുസരിച്ച് പീഡനത്തിനിരയായ യുവതിയടക്കം എല്ലാവരും മദ്യപിച്ചിരുന്നു. രാത്രി ഒന്നരയോടെ മദ്യലഹരിയില്‍ യുവതിയുടെ ആരോഗ്യനില വഷളാകാന്‍ തുട ങ്ങിയതോടെ സി.ഇ.ഒ: ജിതേഷ് പ്രകാശ് സിസോഡിയ, അദ്ദേഹത്തിന്റെ വനിതാ സഹപ്രവര്‍ത്തക, അവരുടെ ഭര്‍ത്താവ് ഗൗരവ് സിരോഹി എന്നിവര്‍ യുവതിയെ വീട്ടില്‍കാണ്ടു വിടാമെന്നു വാഗ്‌ദാനം നല്‍കി. വനിതാ എക്‌സിക്യൂട്ടീവ് മേധാവിയാണ് ഇരയെ കാറില്‍ കയറ്റിക്കൊണ്ടുപോയതെന്ന് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. യാത്രയ്‌ക്കിടെ വാഹനം നിര്‍ത്തി കടയില്‍നിന്ന് സിഗരറ്റിനോട് സാമ്യമുള്ള ഒരു വസ്‌തു വാങ്ങി യുവതിക്കു നല്‍കി. അത് കഴിച്ചതോടെ അവര്‍ അബോധാവസ്‌ഥയിലായി. പിറ്റേന്ന് രാവിലെ, താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മനസിലായ യുവതി പരാതി നല്‍കുകയായിരുന്നു. ഉദയ്‌പുരിലെ ശോഭാഗ്‌പുരയിലുള്ള ജി.കെ.എം. ഐടി കമ്പനിയുടെ സി.ഇ.ഒയാണ് സിസോദിയ. ഉദയ്‌പുരിലെ ഏറ്റവും വിലയേറിയ അപ്പാര്‍ട്ടുമെന്റുകളില്‍ ഒന്നിലാണു താമസിക്കുന്നത്. വനിതാ എക്‌സിക്യൂട്ടീവ് മേധാവിയും ഭര്‍ത്താവും ഉത്തര്‍പ്രദേശിലെ മീററ്റിലെ താമസക്കാരാണ്.