Wednesday, March 11, 2026 Last Updated 20 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 11.49 AM

തലയ്‌ക്ക് ഒരുകോടി രൂപ വിലയുള്ള മാവോയിസ്‌റ്റടക്കം 4 പേരെ വധിച്ചു

ഭുവനേശ്വര്‍: മുതിര്‍ന്ന കമാന്‍ഡര്‍ ഉള്‍പ്പെടെ നാലു മാവോയിസ്‌റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. മുതിര്‍ന്ന കമാന്‍ഡറും സി.പി.ഐ (മാവോയിസ്‌റ്റ്) സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായ ഗണേഷ്‌ ഉയ്‌ക്കേയ്‌(69) അടക്കമുള്ളവരാണ്‌ കൊല്ലപ്പെട്ടത്‌. വ്യാഴാഴ്‌ച രാവിലെ ഒഡിഷയിലെ കന്ധമാല്‍, ഗഞ്ചം ജില്ലാതിര്‍ത്തികളിലെ റാംപ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍.
ബി.എസ്‌.എഫും സി.ആര്‍.പി.എഫും സംയുക്‌തമായി നടത്തിയ ഓപ്പറേഷനിലാണ്‌ ഗണേഷ്‌ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതെന്നാണ്‌ റിപ്പോര്‍ട്ട്‌. ഗണേഷിനൊപ്പം കൊല്ലപ്പെട്ട മൂന്ന്‌ മാവോയിസ്‌റ്റുകളില്‍ രണ്ടുപേര്‍ സ്‌ത്രീകളാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
റാംപ വനമേഖലയില്‍ പ്രവേശിച്ച സുരക്ഷാസേനയ്‌ക്ക് നേരേ ആയുധധാരികളായ മാവോയിസ്‌റ്റ് സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു സുരക്ഷാസേന നടത്തിയ തിരിച്ചടിയിലാണ്‌ മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടത്‌.
സി.പി.ഐ മാവോയിസ്‌റ്റിന്റെ ഒഡിഷയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്നയാളാണ്‌ ഗണേഷ്‌ ഉയ്‌ക്കേ. ഇയാളുടെ തലയ്‌ക്ക് 1.1 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. സി.പി.ഐ മാവോയിസ്‌റ്റ് സെന്‍ട്രല്‍ കമ്മിറ്റിയില്‍ അവശേഷിക്കുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാള്‍കൂടിയാണ്‌ ഗണേഷ്‌.
തെലങ്കാനയിലെ നല്‍ഗോണ്ട സ്വദേശിയായ ഗണേഷ്‌ കഴിഞ്ഞ 40 വര്‍ഷമായി മാവോയിസ്‌റ്റ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്‌.
മാവോയിസ്‌റ്റുകളുടെ കേന്ദ്രനേതൃത്വത്തിനും പ്രാദേശിക നേതൃത്വങ്ങള്‍ക്കും ഇടയിലുള്ള പ്രധാനകണ്ണിയായിരുന്നു ഇയാള്‍. മാവോയിസ്‌റ്റുകളുടെ 'ദണ്ഡകാരണ്യ സ്‌പെഷ്യല്‍ സോണ്‍ കമ്മിറ്റി'യും പ്രധാന പങ്കുവഹിച്ചിരുന്നു. മേഖലയിലെ പല മാവോയിസ്‌റ്റ് ആക്രമണങ്ങളുടെയും മുഖ്യസൂത്രധാരനായിരുന്നു ഗണേഷ്‌.

Ads by Google
Saturday 27 Dec 2025 11.49 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW