Saturday, March 14, 2026 Last Updated 40 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 11.43 AM

വനിതാ ടീമിന്‌ ട്വന്റി20 പരമ്പര തകര്‍ത്തടിച്ച്‌ ഷഫാലി വര്‍മ (42 പന്തില്‍ 79*) 4 വിക്കറ്റുമായി രേണുക സിങ്‌

uploads/news/2025/12/817754/5.jpg

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20 ക്രിക്കറ്റ്‌ മത്സരത്തില്‍ ഇന്ത്യക്ക്‌ എട്ട്‌ വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ശ്രീലങ്കന്‍ വനിതകള്‍ ഏഴ്‌ വിക്കറ്റിന്‌ 112 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ കളി തീരാന്‍ 40 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
42 പന്തില്‍ മൂന്ന്‌ സിക്‌സറും 11 ഫോറുമടക്കം 79 റണ്ണുമായിനിന്ന ഷഫാലി വര്‍മയും 18 പന്തില്‍ 21 റണ്ണെടുത്ത നായിക ഹര്‍മന്‍പ്രീത്‌ കൗറും ചേര്‍ന്നാണു വിജയ റണ്ണെടുത്തത്‌്. സ്‌മൃതി മന്ദാന (ഒന്ന്‌), ജെമീമ റോഡ്രിഗസ്‌ (ഒന്‍പത്‌) എന്നിവരാണു പുറത്തായത്‌. അഞ്ച്‌ ട്വന്റി20 കളുടെ പരമ്പര ഇന്ത്യ 3-0 ത്തിന്‌ ഉറപ്പാക്കി. ശേഷിച്ച രണ്ട്‌ മത്സരങ്ങളും കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ്‌ സ്‌റ്റേഡിയത്തിലാണു നടക്കുക. നാലാം ട്വന്റി20 ഞായറാഴ്‌ച നടക്കും. അവസാന മത്സരം 30 നാണ്‌.
ഇന്നലെ ടോസ്‌ നേടിയ ഹര്‍മന്‍പ്രീത്‌ കൗര്‍ ലങ്കയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. ഇമേഷ ദുലാനി (32 പന്തില്‍ 27), ഓപ്പണര്‍ ഹസിനി പെരേര (18 പന്തില്‍ 25), കവിഷ ദില്‍ഹരി (13 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 20), കൗശിനി നുതിയാങ (16 പന്തില്‍ പുറത്താകാതെ 19) എന്നിവരാണു സ്‌കോര്‍ 112 ലെത്തിച്ചത്‌. രേണുകാ സിങ്‌ നാല്‌ ഓവറില്‍ 21 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്തു. ദീപ്‌തി ശര്‍മ നാല്‌ ഓവറില്‍ 18 റണ്‍ വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്തു.
നായികയും ഓപ്പണറുമായ ചാമരി അട്ടപ്പാട്ടുവിനെ (12 പന്തില്‍ മൂന്ന്‌) ഹര്‍മന്‍പ്രീതിന്റെ കൈയിലെത്തിച്ച്‌ ദീപ്‌തി ശര്‍മയാണു വിക്കറ്റ്‌ വേട്ട തുടങ്ങിയത്‌. ഹസിനിയെ രേണുക സിങ്‌ പുറത്താക്കിയതോടെ ലങ്കന്‍ വനിതകള്‍ തകര്‍ച്ചയെ മുന്നില്‍ കണ്ടു. ഹര്‍ഷിത സമരവിക്രമെയെ (രണ്ട്‌) സ്വന്തം ബൗളിങ്ങില്‍ പിടികൂടി രേണുക സിങും വേട്ട തുടര്‍ന്നു. നിലാക്ഷി സില്‍വ (നാല്‌) രേണുകയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. കവിഷയും ഇമേഷ ദുലാനിയും ചേര്‍ന്നതോടെയാണു ലങ്കന്‍ ഇന്നിങ്‌സിനു ജീവനായത്‌. കവിഷയെ ദീപ്‌തി അമന്‍ജോത്‌ കൗറിന്റെ കൈയിലെത്തിച്ചു കൂട്ടുകെട്ട്‌ പൊളിച്ചു. കൗശിനിക്കൊപ്പം മാല്‍കി മദാരയും (ഒന്ന്‌) പുറത്താകാതെനിന്നു. ആറ്‌ പന്തില്‍ ഒരു റണ്ണുമായിനിന്ന സ്‌മൃതി മന്ദാനയെ കവിഷ ദില്‍ഹരി വിക്കറ്റിനു മുന്നില്‍ കുടുക്കിയെങ്കിലും ഇന്ത്യക്ക്‌ ആശങ്കയ്‌ക്കു വകയില്ലായിരുന്നു. ഓപ്പണിങ്‌ വിക്കറ്റില്‍ ഷഫാലിയുമായി ചേര്‍ന്ന്‌ 27 റണ്‍ കൂട്ടിച്ചേര്‍ക്കാന്‍ സ്‌മൃതിക്കായി. 15 പന്തില്‍ ഒന്‍പത്‌ റണ്ണെടുത്ത ജെമീമ റോഡ്രിഗസിനെയും ദില്‍ഹരി പുറത്താക്കി. 24 പന്തില്‍ അര്‍ധ സെഞ്ചുറി കടന്ന ഷഫാലി മത്സരം പെട്ടെന്നു തീര്‍ക്കാനുള്ള പുറപ്പാടിലായിരുന്നു. ഷഫാലിയും ഹര്‍മനും ചേര്‍ന്ന മൂന്നാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ 48 റണ്ണുമായിനിന്നു.
ട്വന്റി20 യില്‍ 150 വിക്കറ്റ്‌ കുറിക്കാന്‍ ദീപ്‌തിക്കായി. നിലവില്‍ താരത്തിന്‌ 151 വിക്കറ്റുകളാണ്‌. ട്വന്റി20 യില്‍ 150 വിക്കറ്റ്‌ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം താരം സ്വന്തമാക്കി. 128 മത്സരങ്ങളില്‍നിന്നാണു ദീപ്‌തി ശര്‍മ 151 വിക്കറ്റെടുത്തത്‌. അര്‍ഷദീപ്‌ സിങ്‌ 71 കളികളിലായി 110 വിക്കറ്റെടുത്തു രണ്ടാമതുണ്ട്‌. സ്‌റ്റാര്‍ പേസര്‍ ജസ്‌പ്രീത്‌ ബുംറയ്‌ക്ക് 80 കളികളിലായി 103 വിക്കറ്റുകളാണ്‌.

Ads by Google
Saturday 27 Dec 2025 11.43 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW