-->
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നടത്തിപ്പിന് പുതിയ ഫോര്‍മുലയുമായി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. ലീഗിന്റെ ദീര്‍ഘകാലാടിസ്‌ഥാനത്തിലുള്ള നടത്തിപ്പുമായി ബന്ധപ്പെട്ട് ഫെഡറേഷന്‍ ഐ.എസ്.എല്‍. ക്ലബുകളെ സമീപിച്ചു.
നിലവിലെ സീസണ്‍ ഫെബ്രുവരി അഞ്ച് മുതല്‍ നടത്താനാകുമെന്ന പ്രതീക്ഷയിലാണു കൂടിക്കാഴ്‌ച അവസാനിച്ചത്. അടുത്ത 20 സീസണിലേക്ക് ലീഗ് ഫെഡറേഷന്റെ മേല്‍നോട്ടത്തില്‍ നടത്താനാണു പദ്ധതി. അതിനായി പുതിയ ഭരണഘടനയും തയാറാക്കുമെന്ന് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ എം. സത്യനാരായണ പറഞ്ഞു. 2026-27 സീസണിലെ ലീഗ് സര്‍ക്കിള്‍ ജൂണ്‍ ഒന്ന് മുതല്‍ മേയ് 31 വരെ നടത്താനാണു പദ്ധതി. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അനുശാസിക്കുന്ന നിയന്ത്രണങ്ങള്‍ അനുസരിച്ചായിരിക്കും മത്സര ക്രമം. സ്‌ഥാനക്കയറ്റവും തരംതാഴ്‌ത്തലും ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. പുതിയ പദ്ധതി പ്രകാരമുള്ള ആദ്യ സീസണിന്റെ നടത്തിപ്പിനായി 70 കോടി രൂപയാണു നീക്കിവയ്‌ക്കുക. ഓരോ ക്ലബുകളും ഫെഡറേഷന് പങ്കാളിത്ത ഫീസായി വര്‍ഷം ഒരു കോടി രൂപ വീതം നല്‍കണം. വരുമാനത്തിന്റെ 10 ശതമാനം കരുതലായി സൂക്ഷിക്കും. കൊമേഴ്‌സ്യല്‍ പാര്‍ട്ട്‌നര്‍മാര്‍ക്കായി 30 ശതമാനം കരുതലായി വയ്‌ക്കും. കൊമേഴ്‌സ്യല്‍ പാര്‍ട്ട്‌നര്‍മാര്‍ 12 കോടി രൂപ മുടക്കിയാലെ ഈ പട്ടികയില്‍ ഇടംപിടിക്കാനാകുയെന്നും ഫെഡറേഷന്‍ വ്യക്‌തമാക്കി. എല്ലാ ചെലവുകളും 70 കോടി രൂപയ്‌ക്കുള്ളില്‍ നിര്‍ത്താനുള്ള സമഗ്രമായ പദ്ധതിയും ഫെഷറേഷനുണ്ടെന്നു ഗോവ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കായ്‌റ്റാനോ ഫെര്‍ണാണ്ടസ് പറഞ്ഞു.
കൂടിക്കാഴ്‌ചയില്‍ 14 ക്ലബുകളുടെയും പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. വരുമാനത്തിന്റെ 60 ശതമാനം ക്ലബുകള്‍ക്കായി മാറ്റിവയ്‌ക്കും. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍, കെയ്‌റ്റാനൊ ഫെര്‍ണാണ്ടസ്, ഫെഡറേഷന്‍ സെക്രട്ടറി അനിര്‍ബാന്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട സമിതി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണു പുതിയ പദ്ധതി.