Saturday, March 14, 2026 Last Updated 58 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 11.40 AM

മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു; സുഹൃത്ത്‌ അറസ്‌റ്റില്‍

uploads/news/2025/12/817748/2.jpg

ഉപ്പുതറ: മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തായ അയല്‍വാസി അറസ്‌റ്റില്‍. പ്രതി കുറ്റം സമ്മതിച്ചെന്ന്‌ പോലീസ്‌.
അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ ഡോര്‍ലാന്‍ഡ്‌ പുളിക്കമണ്ഡപത്തില്‍ റോബിന്‍ തോമസ്‌(45) ആണ്‌ കൊല്ലപ്പെട്ടത്‌. റോബിന്റെ വീടിനു സമീപം വാടകയ്‌ക്കു താമസിക്കുന്ന പൊരികണ്ണി ഇരുപത്തിയേഴ്‌പുതുവല്‍ ഇടത്തിപ്പറമ്പില്‍ സോജന്‍ വര്‍ഗീസിനെ(45)യാണ്‌ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തത്‌. റോബിന്റെ വീടിനടുത്താണ്‌ സോജന്‍ മൂന്നുവര്‍ഷത്തോളമായി വാടകയ്‌ക്കു താമസിക്കുന്നത്‌. കൂലിപ്പണിക്കാരനായ റോബിനും തടിപ്പണിക്കാരനായ സോജനും പലപ്പോഴും ഒന്നിച്ച്‌ മദ്യപിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്യാറുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നു.
ക്രിസ്‌മസ്‌ ദിനത്തില്‍ വൈകിട്ട്‌ ഏഴോടെയാണ്‌ സോജന്റെ വീട്ടിലെത്തി ഇരുവരും മദ്യപാനം തുടങ്ങിയത്‌. രാത്രി 11 വരെ ഇവിടെനിന്ന്‌ ബഹളം കേട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. 26-ന്‌ രാവിലെ റോബിനെ അന്വേഷിച്ചെത്തിയ പിതൃസഹോദരപുത്രന്‍ ജിയോ ജേക്കബാണ്‌ സോജന്റെ വീട്ടിലേക്കുള്ള വഴിയില്‍ റോബിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. തലയില്‍ മാരകമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ഇതേതുടര്‍ന്ന്‌ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു. പോലീസ്‌ എത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന സോജന്‍ വീട്ടിലുണ്ടായിരുന്നു. മൊഴികളില്‍ വൈരുധ്യമുണ്ടായതോടെ ഇയാളെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. റോബിന്റെ തലയിലേറ്റ മുറിവ്‌ കല്ലുകൊണ്ട്‌ ഇടിച്ചതാണെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം.

Ads by Google
Saturday 27 Dec 2025 11.40 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW