-->
മരുഭൂമിയില്‍ കാണപ്പെടുന്ന സസ്യങ്ങളാണ് കള്ളിമുള്‍ച്ചെടികള്‍ അഥവാ കാക്ടസ്. വരണ്ട് സാഹചര്യത്തില്‍ വളരാന്‍ കഴിയുന്ന ഇവ ഇന്ന് മരുഭൂമിയും കടന്ന് ഭൂമിയിലെ വിവിധമേഖലകളില്‍ വ്യാപിച്ചിട്ടുണ്ട്. അലങ്കാര സസ്യപ്രിയര്‍ക്കു വളരെയേറെ ഇഷ്ടമുള്ള ചെടികള്‍ കൂടിയാണു മുള്ളും പച്ചനിറത്തിലുള്ള ദേഹവുമുള്ള കള്ളിമുള്‍ച്ചെടി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കള്ളിമുള്‍ച്ചെടിയിനമാണ് 'ആനക്കള്ളിമുള്‍ച്ചെടി' എന്നറിയപ്പെടുന്ന മെക്‌സിക്കന്‍ ജയന്റ് കാര്‍ഡോണ്‍ (പാക്കിസീരിയസ് പ്രിംഗ്ലേ). വടക്കുപടിഞ്ഞാറന്‍ മെക്‌സിക്കോയിലെ വരണ്ട പ്രദേശങ്ങളായ ബാഹ കലിഫോര്‍ണിയ, സൊനോറ എന്നിവിടങ്ങളില്‍ തദ്ദേശീയമായി കാണപ്പെടുന്ന ഈ സ്തംഭാകൃതിയിലുള്ള കള്ളിച്ചെടിയാണ് ഇന്ന് ജീവനോടുള്ളതില്‍ ഏറ്റവും ഉയരമുള്ളത്.
1995ല്‍ രേഖപ്പെടുത്തിയതനുസരിച്ച് ഇതിന് 19.2 മീറ്റര്‍ (63 അടി) ഉയരമുണ്ട്. ചിലതിന് 20 മീറ്ററിലധികം ഉയരമുണ്ടാകാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാധാരണയായി 10 മുതല്‍ 18 മീറ്റര്‍ വരെയാണ് ഇവയുടെ വളര്‍ച്ച. ഇവയുടെ അടുത്ത ബന്ധുവാണ് സമീപമേഖലയില്‍ തന്നെയുള്ള സഗ്വാരോ എന്ന പ്രശസ്തമായ കള്ളിമുള്‍ച്ചെടി. ഏറ്റവും ഉയരമുള്ള കള്ളിമുള്‍ച്ചെടിയിനവും, ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും ഉയരമുള്ളതും കാര്‍ഡോണ്‍ ആണെങ്കിലും, ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ കള്ളിമുള്‍ച്ചെടി ഒരു സഗ്വാരോ ആയിരുന്നു എന്നത് കൗതുകകരമാണ്. അരിസോണയിലെ കേവ് ക്രീക്കില്‍ നിന്നിരുന്ന, ശാഖകളില്ലാത്ത ഈ ഭീമന് 23.8 മീറ്റര്‍ (78 അടി) ഉയരമുണ്ടായിരുന്നു. 1986ലെ ഒരു കൊടുങ്കാറ്റില്‍ ഇത് നിലംപതിച്ചു. സഗ്വാരോ സാധാരണയായി 1215 മീറ്റര്‍ വരെയാണ് വളരുന്നത്. 150200 വര്‍ഷം വരെ ജീവിക്കുന്ന ഇവയ്ക്ക് കാലക്രമേണ തനതായ ശാഖകള്‍ രൂപംകൊള്ളുന്നു.
സഗ്വാരോയെ രൂപംകൊണ്ട് ഓര്‍മിപ്പിക്കുമെങ്കിലും, കാര്‍ഡോണിന്റെ ശിഖരങ്ങള്‍ കൂടുതലായും വളരുന്നത് കടഭാഗത്തുനിന്നാണ്. പൂര്‍ണവളര്‍ച്ചയെത്തിയ ഒന്നിന് 25 ടണ്‍ വരെ ഭാരമുണ്ടാകാം. ഒരു മീറ്ററോളം വ്യാസമുള്ള തടിച്ച തടിയും, നീല കലര്‍ന്ന പച്ചയോ ചാരനിറമോ ഉള്ള തണ്ടില്‍ മുള്ളുകളോടുകൂടിയ 10 മുതല്‍ 16 വരെ വരമ്പുകളുമാണ് ഇതിന്റെ പ്രത്യേകത. സൊനോറന്‍ മരുഭൂമിയിലെ ആവാസവ്യവസ്ഥയില്‍ കാര്‍ഡോണും സഗ്വാരോയും നിര്‍ണായക പങ്കുവഹിക്കുന്ന ജീവിവര്‍ഗങ്ങളാണ്. ഭക്ഷ്യയോഗ്യമായ പഴങ്ങളിലൂടെയും കൂടുകൂട്ടാനുള്ള ഇടം നല്‍കുന്നതിലൂടെയും ഇവ പക്ഷികള്‍, വവ്വാലുകള്‍, പ്രാണികള്‍ എന്നിവയ്ക്ക് ആശ്രയമാണ്. കാര്‍ഡോണിന്റെ പഴങ്ങള്‍ സെറി പോലുള്ള തദ്ദേശീയ ഗോത്രങ്ങള്‍ക്ക് ഭക്ഷണത്തിനും ഔഷധത്തിനും പ്രധാനപ്പെട്ടതായിരുന്നു. 300 വര്‍ഷം വരെ ആയുസ്സുണ്ടെങ്കിലും ഈ ഭീമന്മാര്‍ വളരെ സാവധാനത്തിലാണ് വളരുന്നത്. പൂര്‍ണവളര്‍ച്ചയെത്താന്‍ പതിറ്റാണ്ടുകളും പരമാവധി ഉയരത്തിലെത്താന്‍ നൂറ്റാണ്ടുകളും വേണ്ടിവരും.