Saturday, March 14, 2026 Last Updated 4 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 03.28 AM

'ഹാദിയെ കൊന്നത്‌ നിങ്ങളാണ്‌; ഹസീനയുടെ ഗതി വരും' യൂനുസ്‌ സര്‍ക്കാരിന്‌ മുന്നറിയിപ്പുമായി സഹോദരന്‍

ധാക്ക: ബംഗ്ലാദേശില്‍ വിദ്യാര്‍ഥി നേതാവ്‌ ഷെരീഫ്‌ ഉസ്‌മാന്‍ ഹാദിയുടെ മരണത്തില്‍ സര്‍ക്കാരിനെതിരേ ആരോപണവുമായി സഹോദരന്‍ ഷെരീഫ്‌ ഒമര്‍ ഹാദി. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനാണ്‌ ഉസ്‌മാനെ കൊലപ്പെടുത്തിയതെന്നു സഹോദരന്‍ ഒമര്‍ ഹാദി ആരോപിച്ചു. ബംഗ്ലാദേശില്‍ നിലവില്‍ അധികാരത്തിലുള്ള യൂനുസ്‌ സര്‍ക്കാരിലെ ഒരു വിഭാഗമാണ്‌ ഇതിനു പിന്നിലെന്നാണ്‌ ഒമര്‍ പറയുന്നത്‌.
ധാക്കയിലെ ഷാബാഗില്‍ നടന്ന പ്രതിഷേധ യോഗത്തിലാണ്‌ ഒമര്‍ ഹാദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്‌.
"നിങ്ങളാണ്‌ ഉസ്‌മാന്‍ ഹാദിയെ കൊലപ്പെടുത്തിയത്‌, ഇപ്പോള്‍ ഇതിനെ ഒരു വിഷയമാക്കി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്‌" -ഒമര്‍ ആരോപിച്ചു.
ഫെബ്രുവരിയില്‍ പൊതുതെരഞ്ഞെടുപ്പു നടത്തണമെന്നായിരുന്നു ഉസ്‌മാന്റെ ആഗ്രഹമെന്നും വേഗത്തില്‍ വിചാരണ നടത്താനും തെരഞ്ഞെടുപ്പ്‌ അന്തരീക്ഷത്തിന്‌ തടസമുണ്ടാക്കാതിരിക്കാനും അധികാരികള്‍ ശ്രദ്ധിക്കണമെന്നും ഒമര്‍ ആവശ്യപ്പെട്ടു.
തന്റെ സഹോദരന്‌ നീതി ലഭിച്ചില്ലെങ്കില്‍ മുഹമ്മദ്‌ യൂനുസിനും ഷെയ്‌ഖ്‌ ഹസീനയെപ്പോലെ രാജ്യം വിട്ട്‌ ഓടേണ്ടി വരുമെന്നും ഒമര്‍ ഹാദി മുന്നറിയിപ്പ്‌ നല്‍കി. "കൊലയാളികളുടെ വിചാരണ വേഗത്തിലാക്കുക, തെരഞ്ഞെടുപ്പ്‌ അന്തരീക്ഷം തകരാറിലാകരുത്‌. ഉസ്‌മാന്‍ ഹാദിക്കു നീതി ലഭിച്ചില്ലെങ്കില്‍, ഒരു ദിവസം നിങ്ങളും ബംഗ്ലാദേശ്‌ വിട്ട്‌ ഓടേണ്ടി വരും" -ഒമര്‍ ഹാദി പറഞ്ഞു. ഏജന്‍സികള്‍ക്കോ 'വിദേശ യജമാനന്മാര്‍ക്കോ' വഴങ്ങാത്തതിനാലാണ്‌ തന്റെ സഹോദരനെ കൊലപ്പെടുത്തിയതെന്നും ഒമര്‍ ആരോപിച്ചു.
ഷെയ്‌ഖ്‌ ഹസീന സര്‍ക്കാരിനെ താഴെയിറക്കാന്‍ കാരണമായ 2024-ലെ ബഹുജനപ്രക്ഷോഭത്തിലെ പ്രധാനമുഖമായിരുന്നു യുവനേതാവ്‌ ഷരീഫ്‌ ഉസ്‌മാന്‍ ഹാദി. പ്രക്ഷോഭത്തിന്റെ ഭാഗമായി രൂപംകൊണ്ട 'ഇന്‍ക്വിലാബ്‌ മോഞ്ചോ' എന്ന സംഘടനയുടെ വക്‌താവായിരുന്ന ഉസ്‌മാന്‍ ഹാദിക്ക്‌ ഡിസംബര്‍ 12-ന്‌ ധാക്കയില്‍ വെച്ചാണ്‌ വെടിയേറ്റത്‌. സിങ്കപ്പൂരില്‍ ചികിത്സയിലിരിക്കെ 18-ന്‌ മരിച്ചു. ഉസ്‌മാന്‍ ഹാദിയുടെ കൊലപാതകം വലിയ പ്രതിഷേധങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. ബംഗ്ലാദേശിലെ പ്രധാന മതന്യൂനപക്ഷമായ ഹിന്ദുക്കളടക്കം വ്യാപകമായി ആക്രമിക്കപ്പെട്ടു. പ്രമുഖ പത്രങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും ഓഫീസുകള്‍ക്ക്‌ നേരെയും അക്രമങ്ങള്‍ നടന്നു.
ഇതിനിടയില്‍ ന്യൂനപക്ഷമായ ഹിന്ദുവിഭാഗത്തില്‍നിന്നുള്ള വസ്‌ത്രഫാക്‌ടറി തൊഴിലാളി ദിപു ചന്ദ്ര ദാസിനെ കൊലപ്പെടുത്തിയത്‌ സ്‌ഥിതി വഷളാക്കി. ദാസിന്റെ കൊലപാതകത്തില്‍ ആശങ്കയറിയിച്ചുള്ള ഇന്ത്യയുടെ പ്രതികരണത്തോട്‌ നിഷേധാത്മക മറുപടിയാണു ബംഗ്ലാദേശിന്റെ ഭാഗത്തുനിന്നുണ്ടായത്‌.
തുടര്‍ന്ന്‌ ഇരുരാജ്യങ്ങളിലെയും നയതന്ത്രകാര്യാലയങ്ങള്‍ക്കുമുന്നില്‍ പ്രതിഷേധവേലിയേറ്റം തന്നെയുണ്ടായി.
മതവികാരം വ്രണപ്പെടുത്തുന്ന സാമൂഹിക മാധ്യമ പോസ്‌റ്റിന്റെ പേരിലാണു ദിപു ചന്ദ്ര ദാസിന്റെ കൊലപാതകമെന്നായിരുന്നു റിപ്പോര്‍ട്ട്‌. ഇതുപക്ഷേ, ദാസിന്റെ കുടുംബം ഇതു പിന്നീട്‌ നിഷേധിച്ചു. തൊഴിലിടത്തെ ശത്രുതയാണ്‌ കൊലയ്‌ക്കുപിന്നിലെന്ന്‌ കുടുംബം വിശദീകരിച്ചു.
കൊല്ലപ്പെട്ട ദാസിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്നും അക്രമത്തെ ന്യായീകരിക്കുന്നില്ലെന്നും ഇടക്കാല സര്‍ക്കാരിലെ വിദ്യാഭ്യാസ ഉപദേശകന്‍ സി.ആര്‍. അബ്രാര്‍ പറഞ്ഞു. ദാസിന്റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷമാണ്‌ അബ്രാര്‍ ഇക്കാര്യം അറിയിച്ചത്‌.

Ads by Google
Thursday 25 Dec 2025 03.28 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW