-->
മുംബൈ: മുംബൈ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വന്തം നിലയില്‍ പ്രചാരണം ആരംഭിക്കാനൊരുങ്ങി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി. ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയും ബി.ജെ.പിയും ഉള്‍പ്പെട്ട മഹായുതി സഖ്യത്തിന്റെ ഭാഗമാണ് അജിത് പവാര്‍ പക്ഷം.
പവാറും പാര്‍ട്ടി നേതാവ് സുനില്‍ തത്‌കരെയും ഇന്നലെ വൈകിട്ട് അനുശക്‌തിനഗര്‍ മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌തു. മഹായുതി സഖ്യത്തിലെ മറ്റുള്ളവരുമായി ഇടഞ്ഞുനില്‍ക്കുന്ന പാര്‍ട്ടി നേതാവ് നവാബ് മാലിക്കിന്റെ മകള്‍ സന മാലിക് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് അനുശക്‌തിനഗര്‍. ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിനുള്ള എന്‍.സി.പിയുടെ ചുമതലക്കാരനായി നവാബ് മാലിക്കിനെ നിയമിച്ചതില്‍ സഖ്യത്തിലെ മറ്റുകക്ഷികള്‍ക്ക് അതൃപ്‌തിയുണ്ട്.
അധോലോകനേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള സ്വത്ത് വാങ്ങിയതായി മാലിക്കിനെതിരേ ആരോപണമുണ്ട്. 2022-ല്‍, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാലിക്കിനെയും അറസ്‌റ്റ് ചെയ്‌തിരുന്നു. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാലിക്കിനെ മാറ്റിനിര്‍ത്തണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
മുംബൈയിലെ പ്രചാരണത്തിന്റെ ചുമതലയില്‍ നവാബ് മാലിക്ക് തുടര്‍ന്നാല്‍ എന്‍.സി.പിയുമായി സഹകരിക്കില്ലെന്ന് ബി.ജെ.പി. സംസ്‌ഥാന ഘടകം പ്രസിഡന്റ് അമീത് സതാം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ബാഹ്യസമ്മര്‍ദത്തിനു വഴങ്ങില്ലെന്നാണ് എന്‍.സി.പിയുടെ നിലപാട്.