-->
മുംബൈ: മുംബൈ തദ്ദേശഭരണ സ്‌ഥാപന തെരഞ്ഞെടുപ്പിനായി കൈകോര്‍ത്തു ബന്ധുക്കളായ ഉദ്ധവ് താക്കറെയും രാജ് താക്കറെയും. ഉദ്ധവ് നേതൃത്വം നല്‍കുന്ന ശിവസേന(ഉദ്ധവ്)യും രാജ് താക്കറെയുടെ മഹാരാഷ്‌ട്ര നവനിര്‍മാണ സേന(എം.എന്‍.എസ്.)യും സഖ്യമായി മത്സരിക്കും.
മറാത്ത സ്വത്വ രാഷ്‌ട്രീയം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഇരുവരുടെയും നീക്കം. 'മുംബൈക്ക് ഒരു മറാത്തി മേയറെ ലഭിക്കും. ആ വ്യക്‌തി ശിവസേന-എം.എന്‍.എസ്. സഖ്യത്തില്‍ നിന്നുള്ളയാളായിരിക്കും.'-സംയുക്‌ത വാര്‍ത്താസമ്മേളനത്തില്‍ രാജ് താക്കറെ പറഞ്ഞു. എന്ത് സംഭവിച്ചാലും മുംബൈ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നു ഒപ്പമുണ്ടായിരുന്ന ഉദ്ധവ് താക്കറെയും പറഞ്ഞു.
ഡല്‍ഹിയിലെ ഭരണാധികാരികളുടെ കണ്ണിലെ കരടായി മുംബൈ മാറിയിരിക്കുകയാണെന്നും തങ്ങളുടെ കര്‍ത്തവ്യബോധത്തില്‍നിന്നാണ് ഒന്നിച്ചുനില്‍ക്കാന്‍ തീരുമാനിച്ചതെന്നും നേരത്തെ അകല്‍ച്ചയിലായിരുന്ന താക്കറെ സഹോദരന്‍മാര്‍ പറഞ്ഞു. മഹാരാഷ്‌ട്രയില്‍ നിന്ന് മുംബൈയെ വേര്‍പെടുത്തണമെന്നു സ്വപ്‌നം കാണുന്നവരെ രാഷ്‌ട്രീയമായി ഇല്ലാതാക്കുന്നതുവരെ തങ്ങള്‍ വിശ്രമിക്കില്ലെന്ന് ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്‍കി.
20 വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് ഉദ്ധവ്, രാജ് താക്കറെമാര്‍ ഒന്നിക്കുന്നത്. ഷിന്‍ഡെ സേന-ബി.ജെ.പി. സഖ്യത്തില്‍ അസന്തുഷ്‌ടരായവര്‍ക്കു തങ്ങള്‍ക്കെപ്പം വരാമെന്നും അവര്‍ പറഞ്ഞു.
രാജ്യത്തെ ഏറ്റവും സമ്പന്നമായ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കു ജനുവരി 15 നാണു തെരഞ്ഞെടുപ്പ് നടക്കുന്നത്.
നാസിക് ഉള്‍പ്പെടെ മറ്റു മുനിസിപ്പല്‍ സ്‌ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്കായും സീറ്റ് ധാരണയായിട്ടുണ്ട്. എന്നാല്‍, വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതേ സമയം, ഉദ്ധവ് സേനയ്‌ക്ക് ഏകദേശം 145-150 സീറ്റുകള്‍ ലഭിക്കുമെന്നാണു സൂചന. എം.എന്‍.എസ്. 65-70 സീറ്റുകളില്‍ മത്സരിച്ചേക്കും. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി. വിഭാഗം സഖ്യത്തിന്റെ ഭാഗമാകുമെന്നും ശേഷിക്കുന്ന 10-12 സീറ്റുകളില്‍ മത്സരിക്കുമെന്നും കരുതപ്പെടുന്നു.
ഇരുവരും ഒന്നിക്കാനുള്ള തീരുമാനത്തെ ശിവസേന(ഉദ്ധവ്) നേതാവ് സഞ്‌ജയ് റൗത്ത് പ്രശംസിച്ചു. 'മണ്ണിന്റെ മക്കള്‍ക്കായി ബാലാസാഹെബ് താക്കറെയാണ് ശിവസേന രൂപീകരിച്ചത്. 20 വര്‍ഷമായി താക്കറെ സഹോദരന്‍മാര്‍ അകല്‍ച്ചയിലായിരുന്നു.
മഹാരാഷ്‌ട്രയ്‌ക്കു വളരെയധികം കഷ്‌ടപ്പെടേണ്ടി വന്നു. ഇപ്പോള്‍, ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കാന്‍, മുംബൈയില്‍ നടക്കുന്ന കൊള്ള തടയാന്‍, ഉദ്ധവും രാജ് താക്കറെയും ഒന്നിച്ചു.'- റൗത്ത് പറഞ്ഞു. എന്നാല്‍, ഇരുവരുടെയും സഖ്യം തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്.