-->
ലഖ്‌നൗ/ന്യൂഡല്‍ഹി: ഇന്ത്യാഗേറ്റിനു സമീപത്ത് പ്രതിഷേധിച്ച ഉന്നാവ് പെണ്‍കുട്ടിക്കുനേരേ അതിക്രമമുണ്ടായതിനു പിന്നാലെ പരിഹാസവുമായി ഉത്തര്‍പ്രദേശ് മന്ത്രി ഒ.പി. രാജ്‌ഭര്‍.
അര്‍ധസൈനികരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിക്കും മാതാവിനും നേരേയുണ്ടായ അതിക്രമത്തെ നിസാരവല്‍ക്കരിച്ച മന്ത്രി, 'പക്ഷേ അവളുടെ വീട് ഉന്നാവിലാണ്' എന്നാണു പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതിയും ബി.ജെ.പി. മുന്‍ എം.എല്‍.എയുമായ കുല്‍ദീപ് സിങ് സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്‌തു. ഇതിനെതിരേയാണ് അതിജീവിതയും അമ്മയും ഡല്‍ഹി ഇന്ത്യാ ഗേറ്റിനു സമീപം പ്രതിഷേധിച്ചത്. ഇതിനിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധിച്ച പെണ്‍കുട്ടിയുടെ മാതാവിനെ അര്‍ധസൈനിക വിഭാഗം കൈയേറ്റം ചെയ്‌തതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍നിന്ന് പെണ്‍കുട്ടിയുടെ അമ്മയെ വിലക്കുകയും ചെയ്‌തു.
കഴിഞ്ഞ ദിവസം രാത്രിയില്‍ അതിജീവിതയും അമ്മയും അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ യോഗിത ഭയാനയും ഇന്ത്യ ഗേറ്റിനു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചതോടെയാണ് ഇവരെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തത്. ഇന്നലെ രാവിലെ സി.ആര്‍.പി.എഫിന്റെ ബസില്‍ ഇവരെ തിരിച്ചെത്തിച്ചെങ്കിലും മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍നിന്ന് വിലക്കി. പ്രതിഷേധിക്കാന്‍ അനുമതിയില്ലെന്നും ഇവരെ തിരികെ വീട്ടിലേക്ക് എത്തിക്കുമെന്നുമായിരുന്നു ഉദ്യോഗസ്‌ഥരുടെ വിശദീകരണം.
തുടര്‍ന്ന് പെണ്‍കുട്ടിയെയും അമ്മയെയും വീണ്ടും ബസില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ബസിനകത്തുവച്ച് സി.ആര്‍.പി.എഫ്. ഉദ്യോഗസ്‌ഥര്‍ കൈമുട്ടുകൊണ്ട് അതിജീവിതയുടെ അമ്മയെ മര്‍ദിച്ചു.
ബസിനുള്ളില്‍ വനിതാ ഉദ്യോഗസ്‌ഥര്‍ ഉണ്ടായിരുന്നില്ല. ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് പെണ്‍കുട്ടിയുടെ അമ്മയെ സി.ആര്‍.പി.എഫ്. ഉദ്യോഗസ്‌ഥര്‍ പുറത്തേക്ക് തള്ളിയിട്ടു.
അതിജീവിതയേയും കൊണ്ട് ബസ് ഓടിച്ചു പോയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.