-->
തിരുവനന്തപുരം : ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കായി കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയം ഒരുങ്ങി. ടീമംഗങ്ങള്‍ ഇന്ന് പരിശീലനത്തിനിറങ്ങും. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ മൂന്നു മത്സരങ്ങള്‍ 26, 28,30 തീയതികളിലായാണു നടക്കുക.
കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തിലാണു മത്സരങ്ങള്‍. ഉച്ചയ്‌ക്ക് രണ്ട് മുതല്‍ അഞ്ച് മണി വരെ ശ്രീലങ്കന്‍ ടീമും വൈകിട്ട് ആറ് മുതല്‍ രാത്രി ഒന്‍പത് വരെ ഇന്ത്യന്‍ ടീമും പരിശീലിക്കും. ചരിത്രത്തിലാദ്യമായാണ് രാജ്യാന്തര വനിതാ ക്രിക്കറ്റിനു തലസ്‌ഥാനം വേദിയാകുന്നത്. ലോക കപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിലെ പ്രമുഖ താരങ്ങള്‍ തലസ്‌ഥാന നഗരിയിലെത്തി. ഹര്‍മന്‍ പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ സ്‌മൃതി മന്ദാനയാണ് ഉപനായിക. ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ സൂപ്പര്‍ താരമായ ജെമീമ റോഡ്രിഗ്രസ്, ഫൈനലിലെ താരം ഷഫാലി വര്‍മ്മ എന്നിവരും ഇവിടെ ബാറ്റെടുക്കും.
ഇരു ടീമുകളെയും തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ . കെ കെ രാജീവ്, ഇന്ത്യയുടെ മലയാളി താരം സജന സജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഹര്‍മന്‍ പ്രീതിനൊപ്പം സ്‌മൃതി മന്ദന, ജെമീമ റോഡ്രിഗ്രസ്, ഷഫാലി വര്‍മ്മ, റിച്ച ഘോഷ്, സ്‌നേഹ റാണ, അമന്‍ ജോത് കൗര്‍, അരുന്ധതി റെഡ്‌ഡി തുടങ്ങിയവരുമുണ്ടായിരുന്നു. ചാമരി അട്ടപ്പട്ടുവാണ് ശ്രീലങ്കന്‍ ടീം നായിക.
ജി. അരുണ്‍