Saturday, March 14, 2026 Last Updated 4 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 01.19 AM

വമ്പനടി; ബിഹാറിന്‌ ലോക റെക്കോഡ്‌ സ്‌കോര്‍,ആറ്‌ വിക്കറ്റിന്‌ 574 റണ്‍സ്‌

uploads/news/2025/12/817531/25s2.jpg

റാഞ്ചി: അരുണാചല്‍ പ്രദേശിനെതിരേ നടന്ന വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റ്‌ പ്ലേറ്റ്‌ ഗ്രൂപ്പ്‌ മത്സരത്തില്‍ ബിഹാറിന്‌ ലോക റെക്കോഡ്‌ സ്‌കോര്‍. ആദ്യം ബാറ്റ്‌ ചെയ്‌ത ബിഹാര്‍ ആറ്‌ വിക്കറ്റിന്‌ 574 റണ്ണെടുത്തു.
ഓപ്പണര്‍ വൈഭവ്‌ സൂര്യവംശി (84 പന്തില്‍ 15 സിക്‌സറും 16 ഫോറുമടക്കം 190), ആയുഷ്‌ ലോഹാരുക (56 പന്തില്‍ എട്ട്‌ സിക്‌സറും 11 ഫോറുമടക്കം 116), നായകന്‍ സാകിബുള്‍ ഗനി (40 പന്തില്‍ 12 സിക്‌സറും 10 ഫോറുമടക്കം 128) എന്നിവരുടെ സെഞ്ചുറികളാണു ബിഹാറിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്‌. ലിസ്‌റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്‌ ഇന്നലെ പിറന്നത്‌. 2022-23 സീസണിലെ വിജയ്‌ ഹസാരെയില്‍ അരുണാചലിനെതിരേ തന്നെ തമിഴ്‌നാട്‌ കുറിച്ച രണ്ട്‌ വിക്കറ്റിന്‌ 506 റണ്‍ എന്ന സ്‌കോറാണു പഴങ്കഥയായത്‌.
വനിതാ ലിസ്‌റ്റ് എയില്‍ കാന്‍ഡിയന്‍ ലേഡീസ്‌ ക്രിക്കറ്റ്‌ ക്ലബ്‌ കുറിച്ച നാലിന്‌ 632 റണ്ണാണു റെക്കോഡ്‌ സ്‌കോര്‍. 2007 ല്‍ നടന്ന ശ്രീലങ്കയിലെ ആഭ്യന്തര ഏകദിന ടൂര്‍ണമെന്റില്‍ പുഷ്‌പദാന ലേഡീസിനെതിരേയായിരുന്നു കാന്‍ഡിയന്‍ ലേഡീസിന്റെ വെടിക്കെട്ട്‌. 32 പന്തില്‍ സെഞ്ചുറിയടിച്ച ഗനി ലിസ്‌റ്റ് എയില്‍ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ചുറിയാണിത്‌. 2024 ല്‍ അന്‍മോല്‍പ്രീത്‌ സിങ്‌ 35 പന്തില്‍ നേടിയ സെഞ്ചുറിയാണു പഴങ്കഥയായത്‌. ലിസ്‌റ്റ് എയിലെ ഏറ്റവും വേഗത്തിലുള്ള മൂന്നാമത്തെ സെഞ്ചുറിയാണു ഗനി കുറിച്ചത്‌. ജേക്ക്‌ ഫ്രേസര്‍ മക്‌ഗുര്‍ക്‌ (29 പന്തില്‍ 100), എ.ബി. ഡിവിലിയേഴ്‌സ് (31 പന്തില്‍ 100) എന്നിവരാണു ഗനിക്കു മുന്നിലുള്ളത്‌. കര്‍ണാടകയ്‌ക്കെതിരേ 33 പന്തില്‍ സെഞ്ചുറിയടിച്ച്‌ ഇഷാന്‍ കിഷനും തകര്‍പ്പനായി. അരുണാചലിനെതിരേ ബിഹാര്‍ ബാറ്റര്‍മാര്‍ ആകെ 38 സിക്‌സറുകളടിച്ചു. മലേഷ്യക്കെതിരേ 2019 ല്‍ കാനഡയുടെ ബാറ്റര്‍മാര്‍ അടിച്ചിട്ട 28 സിക്‌സറുകളുടെ റെക്കോഡാണു ബിഹാര്‍ തിരുത്തിയത്‌.
ഇന്നലെ സൂര്യവംശി 15 സിക്‌സറുകളും ഗനി 12 സിക്‌സറുകളുമടിച്ചു. ലിസ്‌റ്റ് എയില്‍ ഒരേ ടീമിലെ രണ്ട്‌ ബാറ്റര്‍മാര്‍ 10 സിക്‌സറില്‍ കൂടുതലടിക്കുന്നതും ആദ്യമായാണ്‌. വിജയ്‌ ഹസാരെ ട്രോഫിയില്‍ ഒരേ ടീമിലെ മൂന്ന്‌ ബാറ്റര്‍മാര്‍ സെഞ്ചുറിയടിക്കുന്നതും ആദ്യമായാണ്‌. മത്സരത്തില്‍ ബിഹാര്‍ 397 റണ്ണിനു ജയിച്ചിരുന്നു. മറുപടി ബാറ്റ്‌ ചെയ്‌ത അരുണാചല്‍ 43-ാം ഓവറില്‍ 177 റണ്ണിന്‌ ഓള്‍ഔട്ടായി. 38 പന്തില്‍ 32 റണ്ണുമായിനിന്ന നായകന്‍ കാംശ യാങ്‌ഫോയാണ്‌ ടോപ്‌ സ്‌കോറര്‍. ബിഹാറിനായി ആകാശ്‌ രാജ്‌, സൂരജ്‌ കശ്യപ്‌ എന്നിവര്‍ മൂന്ന്‌ വിക്കറ്റ്‌ വീതവും ഹിമാന്‍ശു തിവാരി രണ്ട്‌ വിക്കറ്റും ഷാബിര്‍ ഖാന്‍ ഒരു വിക്കറ്റുമെടുത്തു.

Ads by Google
Thursday 25 Dec 2025 01.19 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW