Friday, March 13, 2026 Last Updated 6 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 01.19 AM

കേരളത്തിന്റെ ത്രിപുര ദഹനം

uploads/news/2025/12/817530/25s1.jpg

അഹമ്മദാബാദ്‌: വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്‌ വിജയത്തുടക്കം. എ ഗ്രൂപ്പ്‌ മത്സരത്തില്‍ കേരളം ത്രിപുരയെ 145 റണ്ണിനു തോല്‍പ്പിച്ചു.
ആദ്യം ബാറ്റ്‌ ചെയ്‌ത കേരളം എട്ട്‌ വിക്കറ്റിന്‌ 348 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ത്രിപുര 37-ാം ഓവറില്‍ 203 റണ്ണിന്‌ ഓള്‍ഔട്ടായി. വിഷ്‌ണു വിനോദിന്റെ സെഞ്ചുറിയും (62 പന്തില്‍ ആറ്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം പുറത്താകാതെ 102) ബാബാ അപരാജിതിന്റെ ഓള്‍റൗണ്ട്‌ മികവും (73 പന്തില്‍ രണ്ട്‌ സിക്‌സറും നാല്‌ ഫോറുമടക്കം 64, അഞ്ച്‌ വിക്കറ്റും) കേരളത്തിനു മികച്ച ജയം സമ്മാനിച്ചു. നായകനും ഓപ്പണറുമായ രോഹന്‍ കുന്നുമ്മലിന്‌ സെഞ്ചുറി (92 പന്തില്‍ മൂന്ന്‌ സിക്‌സറും 11 ഫോറുമടക്കം 94) നഷ്‌ടമായതു ദുഖ ബിന്ദുവായി.
ഗുജറാത്ത്‌ കോളജ്‌ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ്‌ നേടിയ ത്രിപുര നായകന്‍ മണിശങ്കര്‍ മുരസിങ്‌ കേരളത്തെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. ശ്രീദം പോള്‍ (50 പന്തില്‍ ആറ്‌ സിക്‌സറും ഒരു ഫോറുമടക്കം 67), ഓപ്പണര്‍ തേജസ്വി ജയ്‌സ്വാള്‍ (59 പന്തില്‍ 40), ഉദിയാന്‍ ബോസ്‌ (27 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 29), രജത്‌ ദേയ്‌ (23 പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 21) എന്നിവരില്‍ ത്രിപുരയുടെ ചെറുത്തു നില്‍പ്പ്‌ അവസാനിച്ചു.
കേരളത്തിനായി അപരാജിതിനെ കൂടാതെ അങ്കിത്‌ ശര്‍മ രണ്ട്‌ വിക്കറ്റും എം.ഡി. നിധീഷ്‌, കെ.എം. ആസിഫ്‌, വിഘ്‌നേഷ്‌ പുതൂര്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. അഭിഷേക്‌ നായരും (24 പന്തില്‍ 21) രോഹനും ചേര്‍ന്നാണു കേരളത്തിന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്‌. അഭിഷേകും മുഹമ്മദ്‌ ഇമ്രാനും (0) മണിശങ്കറിന്റെ അടുത്തടുത്ത പന്തുകളില്‍ പുറത്തായതു കേരളത്തെ ഞെട്ടിച്ചു. ബാബാ അബരാജിതും രോഹനും ചേര്‍ന്നതോടെ ഇന്നിങ്‌സിനു വീണ്ടും ജീവനായി. രോഹനും ബാബയും ചേര്‍ന്ന്‌ ടീം സ്‌കോര്‍ 178 ലെത്തിച്ചു. രോഹന്‍ വിജയ്‌ ശങ്കറിന്റെ പന്തില്‍ ബൗള്‍ഡായതോടെ സെഞ്ചുറി നഷ്‌ടമായി. തുടര്‍ന്നാണു വിഷ്‌ണു വിനോദ്‌ ക്രീസിലെത്തിയത്‌. ബാബ, അങ്കിത്‌ ശര്‍മ എന്നിവര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ താരത്തിനായി. മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ (ഒന്ന്‌), എം.ഡി. നിധീഷ്‌ (0), എന്നിവര്‍ക്കു രണ്ടക്കം കാണാനായില്ല. അവസാന ഓവറുകളില്‍ അഖില്‍ സ്‌കറിയയും (18 പന്തില്‍ 18) വിഷ്‌ണുവും ചേര്‍ന്ന്‌ അടിച്ചു തകര്‍ത്തു. കേരളത്തിന്റെ അഭിഷേക്‌ നായരും വിഘ്‌നേഷ്‌ പുത്തുരും ത്രിപുരയുടെ സെന്തു സര്‍ക്കാരും ലിസ്‌റ്റ് എയില്‍ അരങ്ങേറ്റം കുറിച്ചു. മികച്ച റണ്‍ റേറ്റോടെ നാല്‌ പോയിന്റ്‌ നേടിയ കേരളമാണ്‌ ഗ്രൂപ്പില്‍ ഒന്നാമത്‌.

Ads by Google
Thursday 25 Dec 2025 01.19 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW