-->
രാജ്യത്ത് ആദ്യമായി ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത് ഇക്കഴിഞ്ഞ ദിവസമാണ്. വിജയകരമായി പൂര്‍ത്തിയാക്കിയ ഈ ശസ്ത്രക്രിയ എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഈ ചരിത്രനേട്ടം സംഭവിച്ചത്. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച 47 വയസ്സുള്ള കൊല്ലം ഇടവട്ടം ചിറക്കല്‍ സ്വദേശി ഷിബുവിന്റെ ഹൃദയം ഇനി തുടിക്കുന്നത് 23 വയസ്സുള്ള നേപ്പാൾ സ്വദേശിനി ദുർഗ കാമിയിലാണ്. പ്രമുഖരില്‍ പലരും ഈ നേട്ടത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കിടുന്നുണ്ട്.
ഇപ്പോഴിതാ കേരളത്തിലെ സർക്കാർ ആരോഗ്യമേഖലയില്‍ തന്നെ വലിയൊരു നാഴികക്കല്ലായ എറണാകുളം ജനറല്‍ ആശുപത്രിയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയെ അഭിനന്ദിച്ച് കുറിപ്പ് പങ്കിടുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. സർക്കാർ മേഖലയിലെ ഒരു ജില്ലാ ആശുപത്രിയില്‍ ഇത്തരമൊരു സങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത് അഭിമാനകരമായ നേട്ടമാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ താരം കുറിച്ചു.
‘‘രാജ്യത്തെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഒരു സർക്കാർ ആശുപത്രിയിൽ വിജയകരമായി നടത്തിയ വാർത്ത വായിച്ചതിൽ അതിയായ അഭിമാനം. ഈ ചരിത്രപരമായ മെഡിക്കൽ നാഴികക്കല്ല് പിന്നിട്ടതിന് എറണാകുളം ജനറൽ ആശുപത്രിയിലെ മുഴുവൻ ടീമിനും അഭിവാദ്യങ്ങളും ഹൃദയംഗമമായ അഭിനന്ദനങ്ങളും...’’ എന്നാണ് ചിത്രം പങ്കിട്ട് മമ്മൂട്ടി കുറിച്ചത്. മെഗാസ്റ്റാറിന്റെ ഈ കുറിപ്പിനു താഴെ ആശംസകളും സ്നേഹവും കുറിച്ച് പലരും കമന്റുകള്‍ കുറിക്കുന്നുണ്ട്.
മസ്തിഷ്ക മരണം സംഭവിച്ച തൃശൂർ സ്വദേശിയായ ഷിബു എന്ന യുവാവില്‍ നിന്നാണ് ഹൃദയം സ്വീകരിച്ചത്. വാഹനാപകടത്തില്‍പ്പെട്ട് മസ്തിഷ്ക മരണം സംഭവിച്ച ഷിബുവിന്റെ ഏഴ് അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം ദുർഗയ്ക്കും, വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെയും കൊല്ലം ട്രാവൻകൂർ മെഡിക്കല്‍ കോളജിലെയും രോഗികള്‍ക്കും നല്‍കി. കരളും നേത്രപടലങ്ങളും ചർമ്മവും മറ്റ് രോഗികള്‍ക്കായി കൈമാറി.
ഡിസംബർ 14-ന് കൊല്ലം മൂക്കാട്ടുകുന്നില്‍ വെച്ചുണ്ടായ സ്കൂട്ടർ അപകടത്തിലാണ് ഷിബുവിന് ഗുരുതരമായി പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഡിസംബർ 21-ന് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം മൂളി.
ഒരു ജില്ലാ ആശുപത്രിയില്‍ വെച്ച് വിജയകരമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നു എന്നത് പൊതുജനാരോഗ്യ മേഖലയുടെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഡോ. ജോർജ് വാളൂരാൻ, ഡോ. ജിയോപോള്‍ തുടങ്ങിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
രാജ്യത്താദ്യമായിട്ടാണ് ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ഏറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിദേശ പൗരയ്ക്ക് ഹൃദയം മാറ്റിവയ്ക്കുന്നത്. രാജ്യത്തെ പൗരന്മാർക്ക് ഹൃദയം മാറ്റിവെച്ചതിന് ശേഷം മാത്രം വിദേശത്തുള്ളവരെ പരിഗണിച്ചാല്‍ മതിയെന്ന കേന്ദ്ര ചട്ടമായിരുന്നു ദുർഗ്ഗയ്ക്ക് മുന്നില്‍ ഇത്രകാലം ഇരുട്ടായി നിന്നത്. അനുയോജ്യമായ ഹൃദയവും കിട്ടിയതോടെ നാടും നമ്മുടെ ഭരണകൂടവും കൈകോർത്തു. എയര്‍ ആംബുലന്‍സില്‍ ഹൃദയമെത്തിക്കാൻ രാജ്യത്തെ സംവിധാനങ്ങളെല്ലാം ഉണർന്നു പ്രവർത്തിച്ചു.
ഏറെ നാളായി ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന ദുർഗയ്ക്ക് ഈ ശസ്ത്രക്രിയ രണ്ടാം ജന്മമാണ്. വിദഗ്ധരുടെ നിരീക്ഷണത്തില്‍ കഴിയുന്ന ദുർഗയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദയഭിത്തികള്‍ക്ക് കനം കൂടുന്ന ‘ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോ മയോപ്പതി’ എന്ന ഗുരുതര രോഗാവസ്ഥയിലായിരുന്നു ദുര്‍ഗ കാമി. ഇതേ അസുഖം ബാധിച്ചാണ് ദുര്‍ഗയുടെ അമ്മയും സഹോദരിയും മുന്‍പ് മരണപ്പെട്ടത്.