-->
ജീവിതത്തില്‍ വിജയം കൈവരിക്കണമെങ്കില്‍ കഠിനാധ്വാനം ആവശ്യമാണ്. ഇത്തരത്തില്‍ കഠിനാധ്വാനത്തിലൂടെ വിജയിച്ചിട്ടുള്ള നിരവധി ആളുകളെ നമ്മുക്കറിയാം. ഇപ്പോഴിതാ കഠിന പരിശ്രമത്തിലൂടെ തന്റെ സ്വപ്പ്നം എത്തിപ്പിടിച്ച ഒരു യുവതിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വര്‍ഷങ്ങളോളം ജോലി ചെയ്തതാണ് ഈ 26കാരി സ്വപ്നത്തിലേക്ക് നടന്നടുത്തത്. ദിവസം 18 മണിക്കൂര്‍ വരെയാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. സിങ്കപ്പൂര്‍ സ്വദേശിനിയായ ക്രിസ് എന്ന യുവതിയാണ് പത്ത് ലക്ഷം സിങ്കപ്പൂര്‍ ഡോളര്‍ (ഏകദേശം ഏഴ് കോടി രൂപ) വിലവരുന്ന പടുകൂറ്റന്‍ വീട് സ്വന്തമാക്കിയിരിക്കുന്നത്.
മുഴുവന്‍ സമയ കണ്ടന്റ് ക്രിയേറ്ററാണ് ക്രിസ്. ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ പോലും താന്‍ ജോലി ചെയ്യാറുണ്ടെന്ന് ക്രിസ് പറയുന്നു. തന്റെ പുതിയ നേട്ടവും സോഷ്യല്‍ മീഡിയയിലൂടെയാണ് അവര്‍ പങ്കുവെച്ചത്. വീട് വാങ്ങുന്ന കാര്യം താക്കോല്‍ ഏറ്റുവാങ്ങുന്ന ദിവസം വരെ കുടുംബത്തില്‍ ആര്‍ക്കും അറിയില്ലായിരുന്നുവെന്നും ക്രിസ് പറയുന്നു. '27 വയസിനുള്ളില്‍ സ്വന്തം വീട് എന്നത് എനിക്ക് എല്ലായ്‌പ്പോഴുമുണ്ടായിരുന്ന സ്വപ്നമായിരുന്നു. ഇപ്പോഴിതാ, 2025ന്റെ അവസാനം ഞാനത് നേടി.' ക്രിസ് പറഞ്ഞു. 2,40,000 സിങ്കപ്പൂര്‍ ഡോളറാണ് വീടിന്റെ ഡൗണ്‍ പെയ്ന്റായി നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തനിക്ക് 14 വയസുള്ളപ്പോള്‍ മുതല്‍ ജോലി തുടങ്ങിയതാണ്. 19ാം വയസ് മുതല്‍ നിക്ഷേപിക്കാനും തുടങ്ങി. ചെറുപ്രായത്തിലേ സമ്പാദിക്കാന്‍ തുടങ്ങിയതും തന്റെ അച്ചടക്കവും സാമ്പത്തിക സ്ഥിരത കൈവരിക്കണമെന്ന അടങ്ങാത്ത ആഗ്രഹവുമാണ് വിജയത്തിന് പിന്നില്‍. കര്‍ശനമായ ബജറ്റായിരുന്നു തന്റേത്. ഓരോ ചെലവും നിരീക്ഷിക്കും. സമ്പാദ്യം വര്‍ധിപ്പിക്കാനായി വിലകുറഞ്ഞ ഭക്ഷണമാണ് കഴിച്ചിരുന്നതെന്നും ക്രിസ് പറഞ്ഞു. സ്വതന്ത്രയായി ജീവിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ക്രിസ് എടുത്ത് പറഞ്ഞു. ഇത് തന്റെ അമ്മയാണ് തന്നെ പഠിപ്പിച്ചത്. സിങ്കപ്പൂരില്‍ വീട് സ്വന്തമാക്കിയതിലൂടെ സുരക്ഷിതബോധം തോന്നുന്നുവെന്നും ക്രിസ് കൂട്ടിച്ചേര്‍ത്തു. നിരവധി പേരാണ് ക്രിസിനെ അഭിനന്ദിക്കുകയും ആശംസകളര്‍പ്പിക്കുകയും ചെയ്തത്