Thursday, March 12, 2026 Last Updated 40 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 10.08 AM

ശരീരം മുഴുവന്‍ നക്ഷത്ര തിളക്കം, കാഴ്ചയില്‍ അതി സുന്ദരന്‍: പക്ഷേ നേരിടുന്നത് ഗുരുതര ഭീഷണി

galaxy, frog, western, ghats

തവളകള്‍ സുപരിചിതരാണെങ്കിലും ഗാലക്‌സി തവളകളെക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല. കാരണം തെക്കന്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വവും മനോഹരവുമായ ഉഭയജീവിയാണ് 'ഗാലക്‌സി തവള'. മെലനോബട്രാക്കസ് ഇന്‍ഡിക്കസ് എന്ന് ശാസ്ത്രീയനാമമുള്ള ഈ ചെറുജീവിയ്ക്ക് 2 മുതല്‍ 3.5 സെന്റിമീറ്റര്‍ വരെ മാത്രമാണ് വലുപ്പം. ഇടുങ്ങിയ വായുള്ള തവളകളുടെ (മൈക്രോഹൈലിഡേ) കുടുംബത്തിലെ അംഗമായ ഇവ, സ്വന്തം ജനുസ്സിലെ ഏക ഇനമാണ്. മലബാര്‍ കറുത്ത ചെറുവായന്‍ തവള എന്നും ഇവ അറിയപ്പെടുന്നു. കടും കറുപ്പോ നീലയോ നിറമുള്ള ശരീരത്തില്‍ രാത്രിയിലെ ആകാശത്ത് ചിതറിക്കിടക്കുന്ന നക്ഷത്രങ്ങളെപ്പോലെ തിളക്കമുള്ള നീല, വെളുപ്പ്, ഓറഞ്ച് പുള്ളികളുള്ളതുകൊണ്ടാണ് ഇവയ്ക്ക് 'ഗാലക്‌സി തവള' എന്ന ഓമനപ്പേര് കിട്ടിയത്.

സമുദ്രനിരപ്പില്‍ നിന്ന് 900 മീറ്ററിലധികം ഉയരത്തിലുള്ള, ഈര്‍പ്പമുള്ള നിത്യഹരിത വനങ്ങളിലാണ് ഇവയുടെ വാസം. വനത്തിലെ തറയില്‍ മരത്തടികള്‍ക്കും പാറകള്‍ക്കും കരിയിലകള്‍ക്കും അടിയില്‍ ഒളിച്ചുകഴിയാനാണ് ഇഷ്ടം. ചര്‍മത്തിലൂടെ ഭാഗികമായി ശ്വസിക്കുന്ന ഈ ജീവികളുടെ അതിജീവനത്തിന് തണുപ്പും ഈര്‍പ്പവും നിറഞ്ഞ സൂക്ഷ്മ ആവാസവ്യവസ്ഥ അത്യാവശ്യമാണ്. തിളക്കമുള്ള നിറങ്ങളുള്ള പല തവളകളും വിഷമുള്ളവയാണ്, എന്നാല്‍ ഗാലക്‌സി തവളകള്‍ക്ക് വിഷമില്ല. ഇതിന്റെ വിചിത്ര ബാഹ്യരൂപം ആശയവിനിമയത്തിനോ വനത്തിലെ വെളിച്ചത്തിനിടയില്‍ മറഞ്ഞിരിക്കാനോ സഹായിക്കുന്നെന്നാണു കരുതുന്നത്.

1878ല്‍ ആദ്യമായി കണ്ടെത്തിയെങ്കിലും പതിറ്റാണ്ടുകളോളം ഗവേഷകരുടെ കണ്ണില്‍പ്പെടാതെ ഈ തവളകള്‍ കഴിഞ്ഞു. ഇടയ്ക്കിടെയുള്ള കണ്ടെത്തലുകള്‍ സമീപകാലത്ത് ഇവയെ ശ്രദ്ധേയരാക്കി. ഉഭയജീവികളുടെ വംശനാശത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഹോളിവുഡ് താരം ലിയനാഡോ ഡികാപ്രിയോ ഉള്‍പ്പെടെ പ്രമുഖര്‍ ഗാലക്‌സി തവളകളുടെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തിന്റെ പ്രതീകമാണ് ഈ തവള. കേരളത്തിലെ മതികെട്ടാന്‍ ചോല ദേശീയോദ്യാനം പോലുള്ള സംരക്ഷിത മേഖലകളില്‍ ഇവയ്ക്കു വലിയ പ്രാധാന്യം കല്‍പിക്കുന്നുണ്ട്. സൗന്ദര്യം ഏറെ ആരാധകരെ നേടിക്കൊടുത്തെങ്കിലും ഗാലക്‌സി തവള ഇന്ന് ഗുരുതര ഭീഷണികള്‍ നേരിടുകയാണ്. അനിയന്ത്രിതമായ വന്യജീവി ഫൊട്ടോഗ്രഫി ടൂറിസം ഇവയുടെ സൂക്ഷ്മ ആവാസവ്യവസ്ഥ തകര്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കയ്യുറകളില്ലാതെ ഇവയെ സ്പര്‍ശിക്കുന്നതും പ്രശ്‌നകരമാണെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Wednesday 24 Dec 2025 10.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW