-->
മുംബൈ: ബി.എം.സി (ബ്രഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍) തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിന്റെ പേരില്‍ ബി.ജെ.പിയും ശിവസേന(ഷിന്‍ഡെ)യും തമ്മില്‍ തര്‍ക്കം. ഷിന്‍ഡെ വിഭാഗം 125 സീറ്റുകളാണ് ആവശ്യപ്പെട്ടത്. ബി.ജെ.പിയുടെ ആദ്യ വാഗ്‌ദാനം 52 സീറ്റുകളായിരുന്നു. ഷിന്‍ഡെ വിഭാഗം പ്രതിഷേധിച്ചതോടെ 90 സീറ്റുകള്‍ അനുവദിക്കാന്‍ ബി.ജെ.പി. തയാറായി. പക്ഷേ, 112 സീറ്റുകള്‍ ലഭിച്ചേ തീരൂ എന്നാണു ഷിന്‍ഡെ വിഭാഗത്തിന്റെ നിലപാട്. ഈ വിഷയത്തില്‍ ഏക്‌നാഥ് ഷിന്‍ഡെയുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും ചര്‍ച്ച നടത്തുമെന്ന് ബി.ജെ.പി. കേന്ദ്രങ്ങള്‍ അറിയിച്ചു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനത്തെത്തുടര്‍ന്നു ബി.ജെ.പി കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ സാധ്യതയില്ല. ബി.ജെ.പിയും എന്‍.സി.പി(അജിത് പവാര്‍) വിഭാഗവും തമ്മില്‍ തര്‍ക്കമുണ്ട്. സഖ്യകാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എന്‍.സി.പി. നേതാവ് സുനില്‍ ടാട്‌കേരെ സ്‌ഥിരീകരിച്ചു. ഇന്നു തീരുമാനം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എന്‍.സി.പി. - ബി.ജെ.പി. സഖ്യത്തിനുള്ള പ്രധാന തടസം അഴിമതി കേസുകളില്‍ ഉള്‍പ്പെട്ട എന്‍.സി.പി. മുതിര്‍ന്ന നേതാവ് നവാബ് മാലിക്കിന്റെ പേരിലുള്ള തര്‍ക്കമാണ്. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെയും സംഘത്തിന്റെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ വരെ അദ്ദേഹത്തിന്റെ പേരിലുണ്ട്.