Saturday, March 14, 2026 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 08.29 AM

ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്‌: നാപ്പോളി ജേതാവ്‌

uploads/news/2025/12/817430/3.jpg

റിയാദ്‌: ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്‌ ഫുട്‌ബോള്‍ കിരീടം നാപ്പോളിക്ക്‌. കലാശപ്പോരില്‍ ബൊളോഗ്നയെയാണ്‌ നാപ്പോളി വീഴ്‌ത്തിയത്‌. ഏകപക്ഷീയമായ രണ്ടു ഗോളിനാണ്‌ ജയം.
ഇരുപകുതികളിലുമായി ബ്രസീലിയന്‍ വിങ്ങര്‍ ഡേവിഡ്‌ നെറസിന്റെ ഇരട്ടപ്രഹരം അന്റോണിയോ കോണ്ടെയുടെ സംഘത്തിനു കിരീടം സമ്മാനിച്ചു.
റിയാദിലെ അല്‍-അവാല്‍ പാര്‍ക്കില്‍ നടന്ന ആവേശകരമായ പോരാട്ടത്തിന്റെ 39-ാം മിനിറ്റിലാണ്‌ ആദ്യ ഗോളെത്തിയത്‌. ബോക്‌സിന്‌ 25 മീറ്റര്‍ പുറത്തുനിന്നു നെറസ്‌ തൊടുത്ത ഇടംകാലന്‍ ലോങ്‌ റേഞ്ചറിന്‌ ബൊളോഗ്ന ഗോള്‍കീപ്പര്‍ ഫെഡറികോ റാവാ?ിയയുടെ മുഴുനീള ഡൈവിനും തടയാനായില്ല.
ഒരു ഗോളിന്റെ ലീഡില്‍ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ നാപ്പോളിക്കായി 57-ാം മിനിറ്റില്‍ കിരീടമുറപ്പിച്ച ഗോളെത്തി. എതിരാളികളുടെ പ്രതിരോധപ്പിഴവ്‌ നെറസിന്റെ രണ്ടാം ഗോളിനു വഴിയൊരുക്കി.
ഇതു മൂന്നാംവട്ടമാണ്‌ നാപ്പോളി ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്‌ ഉയര്‍ത്തുന്നത്‌. 1990, 2014 വര്‍ഷങ്ങളില്‍ നാപ്പോളി നേരത്തെ ജേതാവായിട്ടുണ്ട്‌.
അന്റോണിയോ കോണ്ടെയ്‌ക്കുകീഴില്‍ ഇറ്റാലിയന്‍ സിരി എയില്‍ നാപ്പോളി തകര്‍പ്പന്‍ പ്രകടനമാണ്‌ കാഴ്‌ചവയ്‌ക്കുന്നത്‌. സീസണില്‍ മൂന്നാം സ്‌ഥാനത്താണ്‌ ടീം.
പോയിന്റ്‌ പട്ടികയില്‍ ഒന്നാമതുള്ള ഇന്റര്‍ മിലാനുമായി രണ്ടുപോയിന്റിന്റെയും രണ്ടാമതുള്ള എ.സി. മിലാനുമായി ഒരു പോയിന്റിന്റെയും മാത്രം പിന്നിലാണ്‌ നാപ്പോളി.

Ads by Google
Wednesday 24 Dec 2025 08.29 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW