Friday, March 13, 2026 Last Updated 22 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 08.29 AM

ചരിത്രമെഴുതി... പ്രിയന്ദന

uploads/news/2025/12/817427/4.jpg

ബാലി: ലോകക്രിക്കറ്റിലെ മഹാരഥന്‍മാര്‍ക്ക്‌ ഇതുവരെ എത്തിപ്പിടിക്കാനാകാത്ത നേട്ടം സ്വന്തം പേരിലാക്കി ഇന്തോനീഷ്യന്‍ താരം. ട്വന്റി-20യിലെ ഒരോവറില്‍ അഞ്ചു വിക്കറ്റ്‌ വീഴ്‌ത്തി ഗെഡെ പ്രിയന്ദന രചിച്ചത്‌ പുതുചരിത്രം.
രാജ്യാന്തര ക്രിക്കറ്റിലെ താരങ്ങള്‍ക്ക്‌ അന്യമായ റെക്കോഡാണ്‌ ഇരുപത്തെട്ടുകാരനായ ഇന്തോനീഷ്യന്‍ താരത്തിന്റെ പേരിലായത്‌. കംബോഡിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു വലംകൈയന്‍ പാര്‍ട്ട്‌ ടൈം പേസ്‌ബൗളറായ പ്രിയന്ദനയുടെ അവിശ്വസനീയ പ്രകടനം.
ആദ്യം ബാറ്റ്‌ ചെയ്‌ത് ഇന്തോനീഷ്യ മുന്നോട്ടുവച്ച 168 റണ്‍ ലക്ഷ്യത്തിലേക്കുള്ള യാത്രയിലായിരുന്നു കംബോഡിയ. ഇന്നിങ്‌സിന്റെ 16-ാം ഓവറിലാണ്‌ പ്രിയന്ദന റെക്കോഡ്‌ പുസ്‌തകത്തില്‍ കയറിയത്‌. 15-ാം ഓവര്‍ അവസാനിക്കുമ്പോള്‍ കംബോഡിയ അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ 106 റണ്ണിലായിരുന്നു. മത്സരത്തിലെ തന്റെ ആദ്യ ഓവറിലെ ആദ്യ മൂന്നു പന്തില്‍ത്തന്നെ പ്രിയന്ദന ഹാട്രിക്‌ തികച്ചു.
ഷാ അബ്രാര്‍ ഹുസൈന്‍ 37 റണ്ണിനും നിര്‍മല്‍ജിത്‌ സിങ്‌, ചാന്ദിയോന്‍ റത്തനാക്ക്‌ എന്നിവരെ അക്കൗണ്ട്‌ തുറക്കുംമുമ്പും താരം കൂടാരം കയറ്റി. നാലാം പന്തില്‍ റണ്ണൊന്നും പിറന്നില്ല. അടുത്ത രണ്ടു പന്തുകളില്‍ മൊങ്‌ദാര സോക്കും പെല്‍ വെന്നാക്ക്‌ എന്നിവര്‍ പവലിയനില്‍ മടങ്ങിയെത്തി.
ഓവറില്‍ കംബോഡിയയ്‌ക്ക് ആകെ ലഭിച്ചത്‌ വൈഡിലൂടെ ഒറ്റ റണ്‍! അവസാന രണ്ടു വിക്കറ്റുകള്‍ കൊഴിയുന്നതിനിടയിലായിരുന്നു വൈഡിന്റെ പിറവി. കംബോഡിയ മത്സരത്തില്‍ 107 റണ്ണിന്‌ എല്ലാവരും പുറത്തായി. ഇന്തോനീഷ്യ മത്സരത്തില്‍ 60 റണ്ണിന്‌ വിജയതീരത്തെത്തുകയും ചെയ്‌തു. നേരത്തെ ഓപ്പണറായിറങ്ങിയ പ്രിയന്ദന 11 പന്തില്‍ ആറു റണ്ണടിച്ചിരുന്നു.
പ്രിയന്ദനയ്‌ക്കു മുമ്പ്‌ ആഭ്യന്തര ടി-20 ക്രിക്കറ്റില്‍ രണ്ടു പുരുഷതാരങ്ങള്‍ ഒരോവറില്‍ അഞ്ചുവിക്കറ്റ്‌ വീഴ്‌ത്തിയിട്ടുണ്ട്‌. 2013-14 സീസണിലെ വിക്‌ടറി ഡേ ടി-20 കപ്പില്‍ യു.സി.ബി-ബി.സി.ബി ഇലവനുവേണ്ടി അബഹാനി ലിമിറ്റഡിനെതിരേ അല്‍ അമീന്‍ ഹൊസൈനാണ്‌ ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്‌. 2019-20 ലെ സയിദ്‌ മുഷ്‌താഖ്‌ അലി ട്രോഫിയില്‍ ഹരിയാനയ്‌ക്കെതിരേ കര്‍ണാടകയുടെ അഭിമന്യു മിഥുനും സമാനനേട്ടം കുറിച്ചിട്ടുണ്ട്‌.

Ads by Google
Wednesday 24 Dec 2025 08.29 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW