-->
കട്ടക്ക്: 16 വയസില്‍ താഴെയുള്ളവര്‍ക്കായുള്ള വിജയ് മര്‍ച്ചന്റ് ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരേ അസം ഭേദപ്പെട്ട സ്‌കോറിലേക്ക്. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 231 റണ്‍സെന്ന നിലയിലാണ് അസം. ക്യാപ്‌റ്റന്‍ അമന്‍ യാദവിന്റെ സെഞ്ചുറിയാണ് അസം ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്.
ടോസ് നേടിയ കേരളം എതിരാളികളെ ആദ്യം ബാറ്റിങ്ങിന് അയച്ചു. 26 റണ്ണെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്‌ടമായ അസമിനെ ക്യാപ്‌റ്റന്‍ അമന്‍ യാദവാണ് വന്‍തകര്‍ച്ചയില്‍നിന്നു കരകയറ്റിയത്.
മത്സരത്തിലെ രണ്ടാം പന്തില്‍ തന്നെ അസമിന് ഓപ്പണര്‍ സുജൈദ് ഇസ്ലാമിന്റെ വിക്കറ്റ് നഷ്‌ടമായി. മുകുന്ദ് എന്‍. മേനോനാണ് സുജൈദിനെ അക്കൗണ്ട് തുറക്കുംമുമ്പേ പുറത്താക്കിയത്. തുടര്‍ന്നെത്തിയ സമീര്‍ മഹാതോയും മുഹമ്മദ് റെയ്‌ഹാന്റെ പന്തില്‍ പൂജ്യനായി മടങ്ങി. അഞ്ച് റണ്‍സെടുത്ത നിഹാല്‍ ബൈഷ്യയെ എസ്.ആര്യനും കൂടാരം കയറ്റിയതോടെ അസം പരുങ്ങലിലായി.
നാലാം വിക്കറ്റില്‍ അമന്‍ യാദവും റെയാന്‍ നന്ദെയും ചേര്‍ന്ന കൂട്ടുകെട്ട് അസമിനെ കരകയറ്റി. സഖ്യം 112 റണ്‍ ചേര്‍ത്തതോടെ അസമിന് ശ്വാസം നേരേവീണു.
57 റണ്ണടിച്ച റെയാന്‍ പുറത്തായെങ്കിലും പിന്നീടെത്തിയ സ്വര്‍ണവ് ശ്രീഹിത് ഗുരുദാസും ക്യാപ്‌റ്റന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ഇതുവരെ 93 റണ്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കളി നിര്‍ത്തുമ്പോള്‍ 122 റണ്‍സോടെ അമന്‍ യാദവും 38 റണ്‍സോടെ സ്വര്‍ണവും ക്രീസിലുണ്ട്.