-->
കൊച്ചി: കേന്ദ്രസിലബസ് അനുസരിച്ചു പ്രവര്‍ത്തിക്കുന്ന സംസ്‌ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്‌ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് സംസ്‌ഥാന സെന്‍ട്രല്‍ സ്‌കൂള്‍ കായികമേള 29, 30 തീയതികളില്‍ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കും.
കായികമന്ത്രി വി. അബ്‌ദു റഹിമാന്‍ 29 ന് 3.30 ന് ഉദ്‌ഘാടനം നിര്‍വഹിക്കും. വ്യവസായ, നിയമമന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും.
30ന് വൈകിട്ട് നാലിന് സമാപനച്ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി. മുഖ്യാതിഥിയാകും. 14 ജില്ലകളില്‍ സംഘടിപ്പിച്ച ട്രയല്‍ മീറ്റില്‍ വിജയികളായ ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങള്‍ നേടിയവരാണ് സംസ്‌ഥാനതലത്തില്‍ മാറ്റുരയ്‌ക്കുന്നത്. 66 ഇനങ്ങളില്‍ 1800 വിദ്യാര്‍ഥികള്‍ മത്സരിക്കും.
അണ്ടര്‍ 19, അണ്ടര്‍ 17, അണ്ടര്‍ 14 വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. വിജയികള്‍ക്ക് സംസ്‌ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.