-->
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് എസ്യുവിയായ നെക്സോണ്‍ ഇപ്പോള്‍ പ്രതിമാസം 7,666 രൂപ മുതല്‍ ആരംഭിക്കുന്ന ഇഎംഐയില്‍ സ്വന്തമാക്കാം. മാസത്തവണ കണക്കുകള്‍ ഒരു പ്രത്യേക ലോണ്‍ തുകയെയും ബലൂണ്‍ സ്‌കീം ഓപ്ഷനുകളെയും 84 മാസത്തെ തിരിച്ചടവ് കാലയളവിനെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും പത്രക്കുറിപ്പിലൂടെ ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്. ലോണ്‍ തുകയും മൊത്തം ഓണ്‍-റോഡ് വിലയും അനുസരിച്ച് ഇഎംഐ തുകകള്‍ വ്യത്യാസപ്പെടാനും സാധ്യതയുണ്ട്. ഒപ്പം നിയമങ്ങളും വ്യവസ്ഥകളും ബാധകമാണ്. അതായത് നിങ്ങളുടെ സിബില്‍ സ്‌കോറിനെ അടിസ്ഥാനമാക്കിയെല്ലാമാവും ഈ ഓഫര്‍ ലഭ്യമാവുക.
ജിഎസ്ടി പുതുക്കി നിശ്ചയിച്ചതിന് ശേഷം ടാറ്റ മോട്ടോര്‍സിന്റെ കോംപാക്ട് എസ്യുവിക്ക് നിലവില്‍ 7.32 ലക്ഷം മുതല്‍ 12.35 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് എസ്യുവിക്ക് തുടിപ്പേകുന്നത്. ഇതില്‍ പെട്രോളിനൊപ്പം സിഎന്‍ജി ബൈ ഫ്യുവല്‍ ഓപ്ഷനും ആളുകള്‍ക്ക് തെരഞ്ഞെടുക്കാനാവും. പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാല്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റ് 118 bhp പവറില്‍ പരമാവധി 170 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ടാറ്റയുടെ ഡീസല്‍ എഞ്ചിനാവട്ടെ 116 bhp കരുത്തില്‍ 260 Nm ടോര്‍ക്ക് വരെയും നിര്‍മിക്കാന്‍ യോഗ്യമാണ്. ഇനി ഗിയര്‍ബോക്സ് ഓപ്ഷനിലേക്ക് വന്നാലും വൈവിധ്യമാണ് ടാറ്റ നെക്‌സോണ്‍. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് എഞ്ചിന് 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് എഎംടി, പുതിയ 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് (DCT) ഗിയര്‍ബോക്സ് ഓപ്ഷനുകളാണ് എസ്യുവിയില്‍ വാങ്ങാനാവുക.
മോഡേണായ ഇന്റീരിയറില്‍ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകളോട് കൂടിയ ഓട്ടോ എസി, സണ്‍റൂഫ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, സണ്‍റൂഫ് എന്നീ സംവിധാനങ്ങളെല്ലാം വാഹനം നല്‍കുന്നുണ്ട്. ക്രാഷ് ടെസ്റ്റുകളില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുള്ള നെക്‌സോണ്‍ എസ്യുവിയില്‍ 6 എയര്‍ബാഗുകള്‍, ESP, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍ എന്നിവയെല്ലാം സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. അടുത്തിടെ ADAS സംവിധാനം ചേര്‍ത്തു കൊണ്ട് ടാറ്റ നെക്‌സോണിനെ കമ്പനി പരിഷ്‌ക്കരിച്ചിരുന്നു. ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് (AEB), ഫോര്‍വേഡ് കൊളിഷന്‍ വാണിംഗ് (FCW), ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ് (LDW), ലെയ്ന്‍ കീപ്പ് അസിസ്റ്റ് (LKA), ട്രാഫിക് സൈന്‍ റെക്കഗ്‌നിഷന്‍ (TSR), ഹൈ ബീം അസിസ്റ്റ് (HBA) എന്നീ സവിശേഷതകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.