-->
രാത്രിയില്‍ പുറത്തനിന്നുണ്ടാകുന്ന അസാധാരണ ശബ്ദങ്ങള്‍ പലപ്പോഴും നമ്മെ ഭയപ്പെടുത്താറുണ്ട്. സമാനമായ ഒരു അനുഭവമാണ് ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു യുവതിക്ക് ഉണ്ടായത്. ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കെ ആരോ വാതിലില്‍ ചവിട്ടാന്‍ ശ്രമിക്കുന്നത് പോലെയുള്ള ഒരു വലിയ ശബ്ദമാണ് ആദ്യം താന്‍ കേട്ടത് എന്നാണ് ലിന്‍ സെവെല്‍ പറയുന്നത്. ബുധനാഴ്ച ലെസ്റ്റര്‍ഷെയറിലെ കൗണ്ട്‌സ്‌തോര്‍പ്പിലുള്ള ലിന്നിന്റെ വീട്ടിലാണ് സംഭവം. 'വലിയ ശബ്ദമാണ് ആദ്യം കേട്ടത്, ആരോ വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമിക്കുന്നത് പോലെയാണ് തനിക്ക് തോന്നിയത്. എന്നാല്‍ പരിശോധിക്കാന്‍ പോയപ്പോഴാണ് ചില്ലുഗ്ലാസില്‍ കുടുങ്ങി നില്‍ക്കുന്ന നിലയില്‍ വാത്തയെ കണ്ടത്.
ബ്രെന്റ്‌ഫോര്‍ഡിനെതിരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മത്സരം ടിവിയില്‍ കാണുകയായിരുന്നു ലിന്‍. ഒപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നു. അപ്പോഴാണ് അസാധാരണമായ ശബ്ദം കേട്ടത്. ഏതോ അക്രമി ആയിരിക്കും എന്നാണ് ലിന്‍ കരുതിയത്. അതോടെ അവര്‍ ഭയന്നു പോവുകയും ചെയ്തു. ലിന്നിന് പേടിയായത് കാരണം ലിന്നിന്റെ സുഹൃത്താണ് ആദ്യം പുറത്ത് പോയി നോക്കിയത്. അയാള്‍ തിരികെ വന്ന് ലിന്നിനോട് പുറത്ത് ഒരു പക്ഷി ഇരിക്കുന്നു, അതിന്റെ തല ഗ്ലാസില്‍ കുടുങ്ങിയിരിക്കുകയാണ് എന്ന് പറയുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ പക്ഷി ഗ്ലാസ് തകര്‍ത്ത് പോര്‍ച്ചിലേക്ക് വീണു. അത് ജീവനോടെയുണ്ടോ മരിച്ചോ എന്ന് തങ്ങള്‍ക്കറിയില്ലായിരുന്നു എന്ന് ലിന്‍ പറയുന്നു.
അങ്ങനെ അവര്‍ കുറച്ച് നേരം നോക്കാന്‍ തീരുമാനിച്ചു. ഒരു പുതപ്പും അല്പം വെള്ളവും ഭക്ഷണവും അതിന്റെ അടുത്ത് വച്ചു. രാത്രി മുഴുവനും അവനെന്ത് സംഭവിച്ചിട്ടുണ്ടാകുമെന്ന് താന്‍ ചിന്തിക്കുകയായിരുന്നു എന്ന് ലിന്‍ പറയുന്നു. ഒടുവില്‍, ലെസ്റ്റര്‍ഷയര്‍ വന്യജീവി ആശുപത്രിയിലേക്ക് വിളിക്കുകയും അവര്‍ സ്ഥലത്തെത്തുകയും ആയിരുന്നു. ടീം ലീഡറായ ആമി ബ്ലോവര്‍ പറയുന്നത്, ഇത്രയും വീടുള്ള ഒരിടത്ത് വാത്ത പറന്നിറങ്ങാനുള്ള സാധ്യത തന്നെ ചുരുക്കമാണ്, അത് ക്ഷീണിച്ചിരിക്കാം, അതിനാല്‍ സംഭവിച്ചതായിരിക്കാം എന്നാണ്. എന്തായാലും മരുന്ന് കൊടുത്ത്, ആരോഗ്യം മെച്ചപ്പെട്ട ശേഷം വാത്തയെ കാട്ടില്‍ വിടും.